രഞ്ജി: ഹൈദരാബാദ് ഏഴിന് 225
Monday, December 22, 2014 11:30 PM IST
കൃഷ്ണഗിരി (വയനാട്): രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ ഹൈദരാബാദിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത കേരള ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തില്‍ ബൌളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ഏഴിന് 225 എന്ന നിലയില്‍ തകര്‍ച്ചയിലാണ് ഹൈദരാബാദ്. നിലയുറപ്പിക്കും മുമ്പ് ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ത്ത് സന്ദീപ് വാരിയരാണ് കേരളത്തിന് പ്രതീക്ഷ നല്‍കിയത്. 23 പന്തുകളില്‍ എട്ടു റണ്‍സെടുത്ത അക്ഷത് റെഡ്ഡിയെ വിക്കറ്റ് കീപ്പര്‍ നിഖിലേഷ് സുരേന്ദ്രന്റെ കൈകളിലെത്തിക്കുകയായിരുന്നു. താളം കണ്െടത്താന്‍ കഴിയാതിരുന്ന തന്മയ് അഗര്‍വാളിനെ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിച്ച് പി.യു. അന്‍താഫ് കേരളത്തിന് വീണ്ടും മൂന്‍തൂക്കം നല്‍കി. മൂന്നാമനായെത്തിയ ജി.എച്ച്. വിഹാരി ഒരു ഭാഗത്ത് പിടിച്ചു നിന്നെങ്കിലും മറുതലക്കല്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. നാലാമനായെത്തിയ പ്രഗ്യാന്‍ ഓജയെ അന്‍താഫ് വിക്കറ്റിനു മുന്നില്‍ കുടുക്കി. ഒരു റണ്ണായിരുന്നു ഓജയുടെ സമ്പാദ്യം. പിന്നീടെത്തിയ ഡി.ബി. രവിതേജ വിഹാരിക്ക് പിന്തുണ നല്‍കിയതോടെ സ്കോര്‍ പതിയെ ഉയര്‍ന്നു. 71 പന്തുകള്‍ നേരിട്ട് 24 റണ്ണെടുത്ത രവിതേജയെ റൈഫി വിന്‍സന്റ് ഗോമസ് മോനിഷിന്റെ കൈകളിലെത്തിച്ചതോടെ ആ കൂട്ടുകെട്ടും തകര്‍ന്നു. ഈ കൂട്ടുകെട്ടില്‍ 57 റണ്‍സ് വന്നു.


തുടര്‍ന്നെത്തിയ ബി. അനിരുദ്ധും വിഹാരിയോടൊപ്പം സ്കോര്‍ ഉയര്‍ത്തി. 20 റണ്ണെടുത്ത അനിരുദ്ധിനെ മോനിഷിന്റെ പന്തില്‍ റൈഫി പിടികൂടിയതോടെ ഹൈദരാബാദ് പ്രതിസന്ധിയിലായി. അഞ്ചിന് 141 റണ്ണായിരുന്നു ഈ സമയത്ത് ഹൈദരാബാദ് സ്കോര്‍. ഒരു റണ്ണെടുത്ത അഹമ്മദ് ഖാദിരിയെ മോനിഷ് വിക്കറ്റിനുമുന്നില്‍ കുടുക്കി. ഹൈദരാബാദ് ഇന്നിംഗ്സിന്റെ നെടുംതൂണായ വിഹാരി അന്‍താഫിന്റെ പന്തില്‍ നിഖിലേഷ് പിടിച്ചു പുറത്തായി. ഇതോടെ ഹൈദരാബാദ് 200 കടക്കില്ലെന്നു തോന്നി. 76 റണ്‍സെടുത്ത വിഹാരി പുറത്താകുമ്പോള്‍ ഏഴിന് 154 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. എന്നാല്‍ എട്ടാമനായെത്തിയ ഇബ്രാഹിം ഖലീലും ആശിഷ് റെഡ്ഡിയും ഹൈദരാബാദിന്റെ സ്കോര്‍ 200 കടത്തി. 35 റണ്‍സുമായി ഇബ്രാഹിം ഖലീലും 34 റണ്‍സുമായി ആശിഷ് റെഡ്ഡിയുമാണ് ക്രീസില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.