ഐഎസ്എല്‍ സ്വപ്നങ്ങള്‍; ഇന്ത്യന്‍ പ്രതീക്ഷകള്‍
ഐഎസ്എല്‍ സ്വപ്നങ്ങള്‍; ഇന്ത്യന്‍ പ്രതീക്ഷകള്‍
Monday, December 22, 2014 11:27 PM IST
മാത്തുക്കുട്ടി ടി. കൂട്ടുമ്മേല്‍

കൊട്ടും കുരവയുമായി തുടങ്ങിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന പരീക്ഷണത്തിന്റെ ആദ്യസീസണു കൊടിയിറങ്ങി. കോര്‍പറേറ്റ് ലോകവും സിനിമയും ക്രിക്കറ്റുമെല്ലാം ഏറ്റെടുത്ത ഐഎസ്എല്‍ സൃഷ്ടിച്ച അലയൊലികള്‍ ഗോഹട്ടിയിലെ ഗ്രാമങ്ങള്‍ മുതല്‍ ഇങ്ങകലെ കൊച്ചിയിലെ നിരത്തുകള്‍ വരെ ഏറ്റെടുത്തുകഴിഞ്ഞു. ജനിക്കും മുമ്പേ ജാതകമെഴുതുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ സൂപ്പര്‍ ലീഗിനെ ഗംഭീരവിജയമെന്നു വിശേഷിപ്പിക്കാം. ഇന്ത്യന്‍ ഫുട്ബോളിന്റെ അവസാനപ്രതീക്ഷയെന്നു വിലയിരുത്തപ്പെടുന്ന ലീഗിനെ വിലയിരുത്താറായിട്ടില്ലെന്നു പറയാമെങ്കിലും ആദ്യസീസണ്‍ പ്രതീക്ഷകള്‍ക്കപ്പുറത്തുതന്നെയായിരുന്നു. അതുവരെ ക്രിക്കറ്റിന്റെ പുറകെയായിരുന്ന സമൂഹത്തിലേക്കാണ് ഐഎസ്എല്‍ എന്ന കായിക മാമാങ്കം കാല്‍പ്പന്തില്‍ പുതിയ വിരുന്നൊരുക്കിയത്.

ഐഎസ്എല്‍ എന്ന ഉത്പന്നം

ഒരുത്പന്നം എങ്ങനെയെല്ലാം വില്ക്കാമെന്നു റിലയന്‍സ് ഗ്രൂപ്പിനെയും അതിന്റെ സാരഥിയെയും ആരും പഠിപ്പിക്കേണ്ടതില്ല. അതുതന്നെയാണ് ലോകഫുട്ബോളില്‍ ഒന്നുമല്ലാത്ത ഇന്ത്യയിലെ കാല്‍പ്പന്ത് മൈതാനത്ത് ദശലക്ഷക്കണക്കിനു പണം ചെലവിടാന്‍ റിലയന്‍സ് ഗ്രൂപ്പിനെ പ്രേരിപ്പിച്ചത്. 2010 ഡിസംബറിലാണ് ഇന്നു കാണുന്ന ഐഎസ്എലിന്റെ പിറവിക്കു വഴിതെളിച്ച കരാര്‍ ഒപ്പുവയ്ക്കുന്നത്. റിലയന്‍സും ഐഎംജി ഗ്രൂപ്പും സംയുക്തമായി 700 കോടി രൂപയോളം ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനു നല്‍കിയാണ് ഫുട്ബോള്‍ അവകാശം പതിച്ചുവാങ്ങിയത്. അതും 15 വര്‍ഷത്തേക്ക്. ഏതുല്പന്നം വില്ക്കണമെങ്കിലും അനുകൂലസാഹചര്യവും സമര്‍ഥരായ വില്പനക്കാരും വേണമെന്നു റിലയന്‍സിനെക്കാളും നന്നായി വേറാര്‍ക്കറിയാം. നിരന്തരമായ ഗൃഹപാഠത്തിനു ശേഷമാണ് കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കില്‍ സൂപ്പര്‍ലീഗിനു വിസില്‍ മുഴങ്ങിയത്.

നിങ്ങളൊരു ബിസിനസ് നിരീക്ഷകനാണെങ്കില്‍, തീര്‍ച്ചയായും ഇന്ത്യന്‍ മാര്‍ക്കറ്റിനു അനുയോജ്യമായ ഉത്പന്നമെന്നു ഐഎസ്എലിനെ വിശേഷിപ്പിക്കാം. മൂന്നുവര്‍ഷത്തിനുള്ളില്‍ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയടക്കം പകുതി ഫ്രാഞ്ചൈസികളെങ്കിലും ബ്രേക്ക് ഈവനകുമെന്നാണ് വിലയിരുത്തല്‍.

മൈതാനത്തെ കളി...

സൂപ്പര്‍ലീഗ് ഇന്ത്യന്‍ ഫുട്ബോളിനു നല്കിയ സംഭാവനയെന്ത് ?കളിയെ സ്നേഹിക്കുന്നവരും നെഞ്ചേറ്റുന്നവരും നല്കുന്ന ഉത്തരം ഒന്നായിരിക്കും. ഒഴിഞ്ഞ ഗാലറികളിലേക്ക് ആരാധകരെ തിരിച്ചെത്തിക്കാനായി. ഗോവയിലും കോല്‍ക്കത്തയിലും മാത്രമല്ല ഈ പ്രതിഭാസം നടന്നത്. വികസനം ഇനിയും കാര്യമായെത്താത്ത ആസാമിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും ഫുട്ബോളിന്റെ രസതന്ത്രം രുചിക്കാത്ത ചെന്നൈയിലേയും ഡല്‍ഹിയിലേയും മെട്രോനഗരങ്ങളും കളി കാണാന്‍ 90 മിനിറ്റ് മാറ്റിവച്ചു.

ഭൂതകാലത്തിന്റെ ഓര്‍മകളിലെവിടെയോ തങ്ങിനില്‍ക്കുന്ന സന്തോഷ് ട്രോഫി പോരാട്ടങ്ങള്‍ ഓര്‍ത്തു നെടുവീര്‍പ്പെട്ട മലയാളിക്കും സൂപ്പര്‍ ലീഗ് നല്കിയത് ഉണര്‍ത്തുപാട്ടു തന്നെ. യുവാക്കളെയും പുരുഷന്മാരേയും മാത്രമല്ല കുടുംബങ്ങളെ വരെ സ്റേഡിയത്തിലേക്കെത്തിക്കാന്‍ ഈ പരീക്ഷണ ഫുട്ബോളിനായി.

കളിക്കാര്‍ക്കു നല്കിയത്

സന്തോഷ് ജിങ്കനെന്ന ജാര്‍ഖണ്ഡുകാരനെ മൂന്നുമാസം മുമ്പ് എത്രപേര്‍ അറിയുമായിരുന്നു. ടി.പി. രഹനേഷ് എന്ന മലയാളിപ്പയ്യനില്‍ മികച്ചൊരു ഗോളിയുടെ സാധ്യതകള്‍ ഒളിഞ്ഞിരിപ്പുണ്െടന്നു ആരറിഞ്ഞു, റോമിയോ ഫെര്‍ണാണ്ടസ് എന്ന ശരാശരി ഗോവക്കാരനു സീക്കോയെന്ന ഫുട്ബോള്‍ മാന്ത്രികനു കീഴില്‍ കളി പഠിക്കാനാകുമെന്നു കരുതിയിരുന്നോ... 61 കളികള്‍ മാറ്റിമറിച്ചത് ഇവരെപ്പോലെ നൂറുകണക്കിനു യുവാക്കളുടെ തലവരയാണ്. പറയാന്‍ ഇനിയുമേറേ പേരുകളുണ്ട്. മന്ദര്‍റാവു ദേശായ്, ഇഷ്താഖ് അഹമ്മദ്, ദുര്‍ഗാ ബോറോ, ബല്‍വന്ത് സിംഗ്...നീളുന്നു പട്ടിക. റോമിയോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കാന്‍ ബ്രസീലിയന്‍ ക്ളബ്ബ് അത്ലറ്റികോ പാരനീസ് രംഗത്തെത്തിയിട്ടുണ്ട്.

പരിചയസമ്പന്നര്‍

ലോകോത്തര താരങ്ങളായ അലക്സാന്ദ്രോ ഡെല്‍ പിയറോ, മാര്‍ക്കോ മറ്റെരാസി, റോബര്‍ട്ട് പിറസ്, ഡേവിഡ് ട്രെസഗെ, ഡേവിഡ് ജയിംസ്, യോഹന്‍ കപഡെവിയ, ലൂയിസ് ഗാഴ്സ്യ, ആന്ദ്രേ സാന്ദോസ്, എലാനോ ബ്ള്യൂമര്‍ എന്നിവര്‍ ഇന്ത്യന്‍ മൈതാനങ്ങളില്‍ പന്തുതട്ടി. ഇവര്‍ക്കു പുറമെ വെളുത്ത പെലെ എന്ന അപരനാമമുള്ള സീക്കോ, മുന്‍ ഇംഗ്ളീഷ് താരം പീറ്റര്‍ റീഡ് എന്നിവരും ടീമുകളുടെ പരിശീലകരായെത്തി. യൂറോപ്പിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ക്ളബ്ബുകളില്‍ കളിച്ച പരിചയ സമ്പന്നര്‍ക്കൊപ്പം ഇന്ത്യന്‍ കളിക്കാരും വളരെ മനോഹരമായിതന്നെ കളിച്ചു. യൂറോപ്പില്‍ ഒരു വര്‍ഷത്തിനടുത്തു നീണ്ടുനില്‍ക്കുന്ന മത്സര കാലയളവിനു പകരം ഇന്ത്യയില്‍ വെറും മൂന്നു മാസം നീണ്ടുനില്‍ക്കുന്ന മത്സരമാണുള്ളത്. ഇതും വിദേശതാരങ്ങളെ ആകര്‍ഷിക്കുന്ന ഘടകമായി. വിദേശക്ളബ്ബുകള്‍ ഉപേക്ഷിച്ച കളിക്കാര്‍ ഉപഭൂഖണ്ഡത്തിലെത്തി തങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ യോജിച്ചവരാണെന്ന് തെളിയിച്ചു. ഡല്‍ഹിയുടെ മാര്‍ക്വീതാരം ഡെല്‍പിയറോ കളിച്ച മത്സരങ്ങളിലൊം തന്റെ പ്രതിഭയ്ക്കു കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിച്ചു. അതുപോലെ തന്നെ കേരള ബ്ളാസ്റേഴ്സിന്റെ ഡേവിഡ് ജയിംസും ഗോവയുടെ റോബര്‍ട്ട് പിറസും കോല്‍ക്കത്തയുടെ ലൂയിസ് ഗാഴ്സ്യയയും.

ഗോളടിക്കാനും അടിപ്പിക്കാനും പന്തു കാലുകളില്‍ സൂക്ഷിക്കാനുമുള്ള ഇവരുടെ കഴിവുകള്‍ ഇന്ത്യന്‍ കളിക്കാരും പഠിച്ചെടുത്തു. പരിചയസമ്പന്നരായ വിദേശ താരങ്ങള്‍ക്കൊപ്പമുള്ള കളി നമ്മുടെ യുവതാരങ്ങളെയും കൂടുതല്‍ കരുത്തുറ്റവരാക്കി. അവര്‍ക്കൊപ്പം ഓടി തങ്ങളും അത്ര മോശക്കാരല്ലെന്ന് വെളിവാക്കി. പല വിദേശ പരിശീലകരും വിദേശ താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ കളിക്കാരെയും വിശ്വാസത്തിലെടുത്തതോടെ ഇന്ത്യ താരങ്ങളുടെയും പ്രതിഭ പുറത്തുവന്നു. വിദേശതാരങ്ങളായ ഇയാന്‍ ഹ്യും, സ്റീവന്‍ പിയേഴ്സണ്‍, എലാനോ ബ്ളൂമര്‍, ബ്രൂണോ പെലിസാരി, ആന്ദ്രെ മോറിറ്റ്സ്, ഗുസ്താവോ ഡെസ് സാന്തോസ്, ആന്ദ്രെ സാന്തോസ്, ഫിക്രു ടഫേര, സ്റീവന്‍ മെന്‍ഡോസ, ഡുഡു, ബോര്‍ഗ ഫെര്‍ണാണ്ടസ്, ജോഫ്രെ, വിദേശ ഗോള്‍ കീപ്പര്‍മായ യാന്‍ ഡെഡ, അപ്പൌളോ എഡെല്‍, ക്രിസ്റഫ് വാന്‍ ഹൌത് എന്നിവര്‍ തങ്ങളുടെ പ്രതിഭയെ ഇന്ത്യ മണ്ണില്‍ കൂടുതല്‍ തേച്ചു മിനുക്കി.


ഡെല്‍പിയറോ എന്ന ഇറ്റാലിയന്‍ ലെജന്‍ഡിന്റെ കീഴില്‍ കളത്തിലെത്തിയ ഡല്‍ഹി ഡൈനാമോസ് സെമി ഫൈനലിനടുത്തുവരെയെത്തി. ബ്രസീലിയന്‍ യുവ താരം ഗുസ്താവോ ഡെസ് സാന്തോസായിരുന്ന ഡല്‍ഹിയുടെ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. ഗോളുകള്‍ നേടുന്നതിലും സാന്തോസ് മികച്ചു നിന്നു. അവസാനത്തെ അഞ്ചു മത്സരങ്ങളില്‍ ഡല്‍ഹി തോല്‍വി അറിഞ്ഞുമില്ല. പോയിന്റ് നിലയില്‍ ഒന്നാമതെത്തിയ ചെന്നൈയിനെ വിറപ്പിച്ചതും ഡല്‍ഹിമാത്രമായിരുന്നു. അവസാന മത്സരത്തില്‍ കോല്‍ക്കത്ത സമനില നേടിയതാണ് ഹാം വാന്‍ വെല്‍ഡോവന്‍ പരിശീലിപ്പിച്ച ടീമിനെ പുറത്തേക്കു വിട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ പകുതി വരെ മൂന്നാം സ്ഥാനത്തു നിന്ന ശേഷമാണ് ഫ്രാങ്കോ കൊളംബിയയുടെ പൂന സിറ്റി താഴേക്കു വീണത്. അവസാനത്തെ ഏഴു മത്സരങ്ങളില്‍ നാലിലും തോറ്റു.

പീറ്റര്‍ റീഡിന്റെ മുംബൈയും പകുതി വരെ നാലാം സ്ഥാനത്തു തുടര്‍ന്നശേഷമാണ് ഏഴാം സ്ഥാനത്തേക്കു പതിച്ചത്. അവസാന മത്സരങ്ങളില്‍ ചെന്നൈയിനോടും ഡല്‍ഹിയോടും പൂന സിറ്റിയോടും പരാജയപ്പെട്ടത് മുംബൈയുടെ സെമി മോഹങ്ങള്‍ക്കു വിനയായി. ഫ്രഞ്ച് സ്ട്രൈക്കര്‍ നിക്കോളസ് അനല്‍ക്കയ്ക്ക് ടീമിനൊപ്പം ആദ്യം മുതലേ കളിക്കാനായില്ല. അദ്ദേഹം വന്ന ശേഷം അല്പം മാറ്റമുണ്ടായി. എന്നാല്‍, അനല്‍ക്കയുടെ പരിക്ക് വീണ്ടും മുംബൈ സിറ്റിയുടെ മുന്നേറ്റനിരയെ തളര്‍ത്തി. അവസാന ഏഴു മത്സരത്തില്‍ വെറും നാലു ഗോള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. അവസാന മത്സരങ്ങളില്‍ ചെന്നൈയിനെ മാത്രമേ പരാജയപ്പെടുത്താന്‍ സാധിച്ചുള്ളൂ. റിക്കി ഹെര്‍ബര്‍ട്ടെന്ന പരിശീലകന്‍ ഇന്ത്യന്‍ യുവത്വത്തിനു പ്രാധാന്യം നല്‍കിയുള്ള ഒരു ടീമിനെയാണ് ഒരുക്കിയത്. അതുകൊണ്ടുതന്നെ അടുത്ത സീസണില്‍ നോര്‍ത്ത് ഈസ്റ്റില്‍നിന്ന് കൂടുതല്‍ മികവ് പ്രതീക്ഷിക്കാം.

ഗോള്‍ കളി

ഗ്രൂപ്പ് ഘട്ടത്തില്‍ 56 മത്സരങ്ങളില്‍നിന്ന് 121 ഗോളുകളാണ് പിറന്നത്. 379 സേവുകളും. ഇതില്‍ ഗോള്‍ വേട്ട ആരംഭിച്ചത് എത്യേപ്യന്‍ അന്താരാഷ്ട്ര താരം ഫിക്രു ടെഫേരയായിരുന്നു. ഈ എത്യോപ്യന്‍ താരം ഗോള്‍ വേട്ടയില്‍ ഒന്നാമതെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇടയ്ക്കു ഫിക്രു നിറം മങ്ങി. എന്നാല്‍ സാംബയുടെ നാട്ടില്‍നിന്നെത്തിയ താരങ്ങള്‍ വല നിറച്ച് ഗോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ അഞ്ചു പേരില്‍ മൂന്നു പേരും ബ്രസീലുകാരായിരുന്നു. 26 ഗോളുകളാണ് ബ്രസീലുകാര്‍ കാലിലൂടെയും തലയില്‍നിന്നും ഉതിര്‍ത്തത്.

ബ്രസീലുകാര്‍ അവരുടെ സാങ്കേതികമികവുകൊണ്ടും ഫിനിഷിംഗ് മികവുകൊണ്ടും സെറ്റ് പീസുകളിലെ കൃത്യതകൊണ്ടും മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി. എലേനോ എട്ട് ഗോളുമായി ഒന്നാമത് തുടരുന്നു. പരിക്കിനെത്തുടര്‍ന്ന് എലാനോയ്ക്ക് അവസാനത്തെ പല മത്സരങ്ങളും നഷ്ടമായി. ഡല്‍ഹിയുടെ ഗുസ്താവോ ഡെസ് സാന്തോസ് അഞ്ചും ഗോവയുടെ ആന്ദ്രെ സാന്തോസും ചെന്നൈയിന്റെ ബ്രൂണോ പെലിസാറി നാലു ഗോള്‍ വീതവും സ്വന്തമാക്കി. ഐഎസ്എലിലെ ഏക ഹാട്രിക്കിനുടമ മുംബൈ സിറ്റിയുടെ ആന്ദ്രെ മോറിറ്റ്സ് മൂന്നു ഗോള്‍ നേടി. പൂനയ്ക്കെതിരെ നേടി ഹാട്രിക്കിനു ശേഷം മോറിറ്റ്സിന്റെ കാലില്‍നിന്നും ഗോളുകള്‍ അകന്നു നിന്നു. ബ്ളാസ്റേഴ്സിന്റെ പെഡ്രോ ഗുസ്മാവോ, നോര്‍ത്ത്ഈസ്റ്റിന്റെ ഗില്‍ഹരം ഡി കാസ്ട്രോ എന്നിവര്‍ ഓരോ ഗോള്‍ വീതവും സ്വന്തമാക്കി. ഇവര്‍ക്കടുത്തെത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കുമായി 23 തവണ ഇന്ത്യന്‍ താരങ്ങള്‍ വല കുലുക്കി. ചെന്നൈയുടെ ബല്‍വന്ത് സിംഗായിരുന്ന ആദ്യം ഗോള്‍ നേടിയ ഇന്ത്യക്കാരന്‍. കേരള ബ്ളാസ്റ്റേഴ്സിന്റെ സി.എസ്. സബീത് ആദ്യത്തെ മലയാളിയും. ഗോവയുടെ യുവതാരവും വിംഗറുമായ റോമിയോ ഫെര്‍ണാണ്ടസും ചെന്നൈയിന്റെ ജെജെയും മൂന്നു ഗോള്‍ വീതം നേടി. സെമി ഫൈനലിലും ഫൈനലിലും ഇന്ത്യന്‍ കളിക്കാര്‍ക്കു ഗോള്‍ കണ്െടത്താന്‍ കഴിഞ്ഞു.

ആശങ്കകള്‍

വീഴ്ചകളാണ് ഏറ്റവും വലിയ പാഠങ്ങള്‍. അഴിമതിയും വാതുവയ്പും നിറംകെടുത്തിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ഐഎസ്എലിനു പലതും പഠിക്കാനുണ്ട്. ക്രിക്കറ്റിനെ മലീമസമാക്കാന്‍ ഐപിഎല്‍ വഹിച്ച പങ്ക് ഫുട്ബോള്‍ മൈതാനങ്ങളില്‍ ആവര്‍ത്തിച്ചുകൂടാ. സ്വന്തം താത്പര്യത്തിനനുസരിച്ച് സാഹചര്യങ്ങളെ ഉരുത്തിരിച്ചെടുക്കുകയാണ് കോര്‍പറേറ്റ് ഗ്രൂപ്പുകളുടെ രീതി. ഐപിഎല്‍ ഫ്രാഞ്ചൈസികളെപ്പോലെ ലാഭം നോക്കി സ്വന്തം ടീമിനെ വരെ ഒറ്റുകൊടുക്കുന്ന അവസ്ഥ ഉണ്ടാവരുത്.

170-മത്തെ സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനമെങ്കിലും ഫിഫയുടെ കണ്ണുകള്‍ സൂപ്പര്‍ലീഗിലെ നീക്കങ്ങളെല്ലാം ഒപ്പിയെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഐപിഎല്‍ അഴിമതിയും വാതുവയ്പുമെല്ലാം ഇവിടെ സംഭവിക്കില്ലെന്നു കരുതാം.

യഥാര്‍ഥ്യത്തില്‍ സൂപ്പര്‍ലീഗ് സംഘടിപ്പിക്കേണ്ടിയിരുന്നത് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനായിരുന്നു. വാണിജ്യതാത്പര്യങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന കോര്‍പറേറ്റ് കമ്പനിക്കു കളിയുടെ ഹൃദയതാളങ്ങള്‍ കൈമോശം വരാതെ കാക്കാനാകുമോയെന്നതു തന്നെയായിരിക്കും ഭാവിയിലേക്കുള്ള പ്രധാനചോദ്യം.

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് വന്നശേഷം ഇംഗ്ളണ്ടിന്റെ ദേശീയ ടീമിനു ലോകവേദികളില്‍ തിളങ്ങാനാകാതെ പോയതും, ഐപിഎലിന്റെ വരവിനുശേഷം കളി പഠിക്കുന്ന കുട്ടിത്താരങ്ങള്‍ വരെ ഫ്രാഞ്ചൈസികളില്‍ കയറിപറ്റാന്‍ ശ്രമിക്കുന്നതും ഫുട്ബോള്‍ മേലാളന്മാര്‍ പാഠമായെടുക്കുമെന്നു പ്രതീക്ഷിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.