ഗാലറിയില്‍ സച്ചിന്‍ സകുടുംബം
ഗാലറിയില്‍ സച്ചിന്‍ സകുടുംബം
Monday, December 22, 2014 12:40 AM IST
മുംബൈ: കേരള ബ്ളാസ്റേഴ്സ് ഉടമ സച്ചിന്‍ ഇന്നലെ കളികാണാനെത്തിയത് സകുടുംബം. ഭാര്യ അഞ്ജലി, മക്കളായ സാറ, അര്‍ജുന്‍ എന്നിവരും സച്ചിനൊപ്പമുണ്ടായിരുന്നു. ബ്ളാസ്റേഴ്സിന്റെ ഉടമയായി സച്ചിന്‍ എത്തിയതോടെ കേരളത്തിന്റെ ആരാധകര്‍ ഈ കുടംബത്തെ സ്വന്തമായിത്തന്നെയാണ് കരുതുന്നത്.

ഇതുവരെ ക്രിക്കറ്റ് ഗാലറിയില്‍ മാത്രം കണ്ടിട്ടുള്ള സച്ചിന്റെ ഏറ്റവും വലിയ ആരാധകന്‍ സുധീര്‍കുമാറിനെ ആദ്യമായി ഫുട്ബോള്‍ ഗാലറിയിലും കാണാനായി. സച്ചിന്‍ കളിച്ചു വളര്‍ന്ന മുംബൈ ഡിവൈ പാട്ടീല്‍ സ്റേഡിയം അക്ഷരാര്‍ഥത്തില്‍ സച്ചിനുവേണ്ടി ഒരിക്കല്‍ക്കൂടി ജയ് വിളിക്കുകയായിരുന്നു. സച്ചിന്‍ ഇപ്പോള്‍ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരിക്കുന്നു എന്നുള്ള പ്ളക്കാര്‍ഡുകളും ഗാലറിയില്‍ ഉയര്‍ന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്റെ നല്ല കൂട്ടുകാരനും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളുമായ സൌരവ് ഗാംഗുലി ഒരിക്കല്‍ക്കൂടി സച്ചിനൊപ്പം ഗ്രൌണ്ടിലിറങ്ങുന്നതു കാണാനും ആരാധകര്‍ക്കായി. ടീമംഗങ്ങളെ പരിചയപ്പെടുന്ന ചടങ്ങിലായിരുന്നു ഇത്. കോല്‍ക്കത്തയുടെ രാജകുമാരന്‍ എന്ന ഓമനപ്പേരു തലയില്‍ ചൂടുന്ന സൌരവ് ഗാംഗുലിയുടെയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെയും സാന്നിധ്യം ഇന്ത്യന്‍ ഫുട്ബോളിനെയും ഉണര്‍ത്തുമെന്ന് ഓരോ കായിക പ്രേമിയും പ്രതീക്ഷിക്കുന്നു.

മത്സരത്തിന്റെ ഇടവേളസമയത്തും ഇരുവരും മൈതാനത്തിറങ്ങി. ക്രിക്കറ്റില്‍ ഓപ്പണര്‍മാരെന്ന നിലയില്‍ ആറായിരത്തിലേറെ റണ്‍സ് നേടി റിക്കാര്‍ഡ് സ്ഥാപിച്ച ഇരുവരും ഇത്തവണ ഫുട്ബോളിലെ വൈരികളായി ഇറങ്ങിയതു കൌതുകമായി. ഇതുപോലെ ഒരു അപൂര്‍വത ആസ്വദിക്കുന്നതായി ഇരുവരും പറഞ്ഞു. ഇന്ത്യയെ ഒരു കായിക രാജ്യം കൂടിയാക്കാന്‍ തന്നെക്കൊണ്ട് ആകുംപോലെ പരിശ്രമിക്കുമെന്നു സച്ചിന്‍ പറഞ്ഞു. വളരെ ചെറുപ്പത്തിലേ കുട്ടികളുടെ ടാലന്റ് കണ്െടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും സൌരവും ഒരുമിച്ചാണ് ഇന്ത്യന്‍ ടീമിലും പ്രാദേശിക മത്സരങ്ങളിലും കളിച്ചു വളര്‍ന്നത്. ഇപ്പോഴിതാ പുതിയ വേദിയില്‍ പുതിയ സാഹചര്യത്തില്‍ ഒരിക്കല്‍ക്കൂടി. ഇതു ശരിരിക്കും ആസ്വദിക്കുന്നു -സച്ചിന്‍ പറഞ്ഞു. സച്ചിനൊപ്പം ഒരിക്കല്‍ക്കൂടി ഈ മൈതാനത്തിറങ്ങാന്‍ സാധിച്ചത് അവിസ്മരണീയമെന്നു സൌരവും പറഞ്ഞു. ഫുട്ബോളിന് ഇന്ത്യയില്‍ വലിയ വളക്കൂറുണ്െടന്ന് മത്സരങ്ങള്‍ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. സച്ചിന്റെ കടന്നുവരവ് ഫുട്ബോളിനു വലിയ ഊര്‍ജം സമ്മാനിച്ചിട്ടുണ്െടന്നു സൌരവ് ചൂണ്ടിക്കാട്ടി. നിരവധി കലാപരിപാടികള്‍ക്കുശേഷം ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ചെയര്‍പേഴ്സണ്‍ നിത അംബാനിയും സ്റാര്‍ഗ്രൂപ്പ് സിഇഒ ഉദയ് ശങ്കറും പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വിജയത്തെക്കുറിച്ച് വാചാലരായി. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍, ബോളിവുഡ് താരം അമീര്‍ ഖാന്‍, ഐഎസ്എല്‍ ടീം ഉടമസ്ഥരും സിനിമാ താരങ്ങളുമായ ജോണ്‍ ഏബ്രഹാം, അഭിഷേക് ബച്ചന്‍ തുടങ്ങിയവരും ഫൈനലിനു സാക്ഷിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.