ത്രില്ലറില്‍ സൈന സെമിയില്‍
Saturday, December 20, 2014 11:42 PM IST
ദുബായി: ഇന്ത്യയുടെ സൈന നെഹ്്വാള്‍ ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍ സെമിയില്‍. മൂന്നു മത്സരങ്ങള്‍ നീണ്ട ത്രില്ലര്‍ സെമിയില്‍ കൊറിയയുടെ ബായെ യിയോന്‍ ജുവിനെ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു പരാജയപ്പെടുത്തിയാണ് സൈന സെമിയിലെത്തിയത്. റൌണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ 15-21, 21-7, 21-17 എന്ന ക്രമത്തിലാണ് സൈന വിജയിച്ചത്. റാലികളിലും നെറ്റിനു കീഴിലെ ആക്രമണത്തിലും പിഴവുകള്‍ വരുത്താതെ മുന്നേറിയതാണ് സൈനയുടെ വിജയകാരണം. ആദ്യഗെയിമില്‍ 10-4നു മുന്നില്‍നിന്നശേഷമാണ് സൈന ഗെയിം വഴങ്ങിയത്.

രണ്ടാം ഗെയിമില്‍ 6-2നു ലീഡ് നേടിയ സൈന പിന്നീടു തിരിഞ്ഞു നോക്കിയില്ല. ഏറ്റവും മികച്ച പോരാട്ടം നടന്ന മൂന്നാം ഗെയിമില്‍ തുടക്കത്തിലേ 5-1ന്റെ ലീഡ് നേടിയെങ്കിലും കൊറിയന്‍ താരം തിരിച്ചുവന്നു. അവസാന ഘട്ടങ്ങളിലെ മിന്നും കളി സൈനയ്ക്കു ജയമൊരുക്കി. ദക്ഷിണകൊറിയയുടെ തന്നെ സംഗ് ജി ഹ്യുന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു പരാജയപ്പെടുത്തി സൈന രണ്ടാം ജയം ആഘോഷിച്ചിരുന്നു. പുരുഷ വിഭാഗത്തില്‍ കിഡംബി ശ്രീകാന്ത് രണ്ടാം മത്സരത്തിലും വിജയിച്ചു. ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു പരാജയപ്പെടുത്തി. സ്കോര്‍: 21-12, 21-18.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.