ദേശീയ പ്രീമിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് എസ്.പി. സേതുരാമന്
ദേശീയ പ്രീമിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് എസ്.പി. സേതുരാമന്
Friday, December 19, 2014 11:23 PM IST
ടി.കെ. ജോസഫ് പ്രവിത്താനം

കോട്ടയം: സിഎംഎസ് കോളജില്‍ ഇന്നലെ സമാപിച്ച ദേശീയ പ്രീമിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഗ്രാന്‍ഡ് മാസ്റര്‍ എസ്.പി. സേതുരാമന്‍ 12 ഗെയിമുകളില്‍നിന്നു എട്ടര പോയിന്റെടുത്ത് ദേശീയ ചാമ്പ്യന്‍പട്ടം നേടി. അവസാന റൌണ്ടില്‍ അര പോയിന്റ് ലഭിച്ചാല്‍ കിരീടം ഉറപ്പാണെന്നു മനസിലായ സേതുരാമന്‍ ദീപന്‍ ചക്രവര്‍ത്തിയുടെ ബെര്‍ലിന്‍ ഡിഫന്‍സിനെതിരേ 15 നീക്കങ്ങളില്‍ സമനില നേടി. നീക്കങ്ങള്‍ ആവര്‍ത്തിച്ച് ഒരേ പൊസിഷന്‍ മൂന്നു പ്രാവശ്യം വരുത്തിയാണ് ഇരുവരും സമനില കൈവരിച്ചത്.

രണ്ടര ലക്ഷം രൂപയും ട്രോഫിയും ലഭിക്കുന്നതോടൊപ്പം ലോക ചെസില്‍ പങ്കെടുക്കാനുള്ള യോഗ്യതയും ചാമ്പ്യനു ലഭിക്കും.

എട്ടു പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയ സെന്‍ ഗുപ്ത ബി.എ.വി രാജേഷുമായി സ്കോച്ച് ഗെയിമില്‍ 25 നീക്കങ്ങള്‍കൊണ്ടു സമനിലയ്ക്കു വഴങ്ങി. കറുത്ത കരുക്കളുമായി കളിച്ച പി. കാര്‍ത്തികേയനെതിരേ കറ്റാലന്‍ ഓപ്പണിംഗാണ് ആര്‍. ലക്ഷ്മണന്‍ സ്വീകരിച്ചത്. 41-ാം നീക്കത്തില്‍ ലക്ഷ്മണനെ പരാജയപ്പെടുത്തി എട്ടു പോയിന്റ് നേടിയ പി. കാര്‍ത്തികേയനാണ് മൂന്നാം സ്ഥാനം.

സിജിത്ത് സന്തോഷ് ഗുജറാത്തിക്കെതിരേ ബി.എസ്. ഗിരിനാഥ് 35 നീക്കങ്ങളില്‍ അട്ടിമറി ജയം നേടി. മുന്‍ റൌണ്ടില്‍തന്നെ ഏഴു പോയിന്റ് ലഭിച്ചിരുന്ന സന്തോഷ് ഗുജറാത്തിക്കാണ് നാലാം സ്ഥാനം. അവസാന റൌണ്ടില്‍ ബൈ ലഭിച്ച ജോവര്‍ സഹജിത് ഏഴു പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി. ലളിത് ബാബുവിനെതിരേ ക്യൂന്‍സ് ഡിഫന്‍സില്‍ 49 നീക്കങ്ങള്‍ നടത്തി അഭിജിത് ഗുണ്െട ആറര പോയിന്റോടെ ആറാം സ്ഥാനം നേടി. ഈ ആറുപേരാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയത്. ശ്രേയാംസ് മിശ്ര, ശ്യാം നിഖില്‍ മത്സരം 26 നീക്കങ്ങള്‍കൊണ്ടു സമനിലയില്‍ തീര്‍ന്നു.


സേതുരാമന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ ട്രോഫിയും സൌത്ത് ഇന്ത്യന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷെല്ലി ജോസഫ് 2,50,000 രൂപയുടെ ചെക്കും കൈമാറി. സിഎംഎസ് കോളജിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ദേശീയ ചാമ്പ്യനുള്ള ട്രോഫി ഡോ. ബാബു സെബാസ്റ്റ്യന്‍ സേതുരാമന് കൈമാറി. സിഎംഎസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയല്‍ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ആര്‍ബിറ്റര്‍ പ്രഫ. അനന്തറാം രത്തിനം, കണ്‍വീനര്‍ വര്‍ഗീസ് സി. ജോഷ്വാ, ചെസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജേഷ് നാട്ടകം, ട്രഷറര്‍ റ്റി.ജെ. സുരേഷ് കുമാര്‍, സിഎംഎസ് കോളജ് ബര്‍സാര്‍ റവ. ഡോ.പി.കെ. കുരുവിള, മഹാലക്ഷമി സില്‍ക്ക് റ്റി.കെ. വിനോദ് കുമാര്‍, കോളജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ മേധാവി ചാര്‍ലസ് എ. ജോസഫ് പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.