ദുര്‍ഘട വഴികള്‍ കടന്നു ബ്ളാസ്റേഴ്സ് മുംബൈയില്‍
ദുര്‍ഘട വഴികള്‍ കടന്നു ബ്ളാസ്റേഴ്സ് മുംബൈയില്‍
Friday, December 19, 2014 11:22 PM IST
ബിജോ സില്‍വറി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കലാശക്കളിയില്‍ കേരള ബ്ളാസ്റേഴ്സ് ഉണ്ടാകാന്‍ സാധ്യതയുണ്െടന്ന് പ്രവചിച്ചത് സാക്ഷാല്‍ ബൈച്ചൂംഗ് ബൂട്ടിയയാണ്. അല്ലെങ്കില്‍ ഇന്ത്യന്‍ ഫുട്ബോളിലെ രാജ്യാന്തര നിലവാരമുള്ള താരങ്ങളിലൊരാള്‍ എന്ന് അറിയപ്പെട്ടിരുന്ന ബൂട്ടിയ മാത്രമാണ് അത്തരമൊരു വിലയിരുത്തലിന് ധൈര്യപ്പെട്ടത്. ടീമിന്റെ മാര്‍കി താരവും മാനേജരും ഒന്നാം ഗോളിയുമെല്ലാമായ ഡേവിഡ് ജയിംസ്പോലും ചെന്നൈയിന്‍ എഫ്സിയുമായുള്ള ഹോം മാച്ച് തോല്‍വിയോടെ സെമിഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചെന്നാണ് പറഞ്ഞത്.

പക്ഷേ നാളെ മുംബൈയില്‍ സൌരവ് ഗാംഗുലിയുടെ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയുമായി ആദ്യ സീസണ്‍ ഫൈനല്‍ കളിക്കുന്നത് ആന്ദ്രേ സാന്തോസിന്റെ എഫ്സി ഗോവയോ ഡെല്‍പിയറോയുടെ ഡല്‍ഹി ഡൈനാമോസോ എലാനോ ബ്ളൂമറുടെ ചെന്നൈയിന്‍ എഫ്സിയോ നിക്കോളസ് അനെല്‍ക്കയുടെ എഫ്സി മുംബൈയോ അല്ല. മരണക്കിടക്കയില്‍ നിന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഇയാന്‍ ഹ്യൂമിന്റേയും മലയാളി പ്രതീക്ഷയായ സുശാന്ത് മാത്യുവിന്റേയും സ്കോട്ടീഷ് താരം സ്റീഫന്‍ പിയേഴ്സന്റേയും സ്വന്തം ബ്ളാസ്റേഴ്സാണ്.

ബ്ളാസ്റേഴ്സ് അങ്ങനെ മാര്‍കി താരങ്ങളുടേയും ലോകഫുട്ബോളിലെ സൂപ്പര്‍ താരങ്ങളുടേയും പേരിലല്ല ഇപ്പോള്‍ അറിയപ്പെടുന്നത്, ഒത്തൊരുമയുള്ള ഒരു ടീമെന്ന നിലയിലാണെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ തിരിച്ചെത്തിയ ഡേവിഡ് ജയിംസ് തന്നെ സാക്ഷ്യപ്പെടുത്തി. ടീമിനെ യഥാര്‍ഥത്തില്‍ നയിക്കാന്‍ ഒരു നായകനുണ്ടായിരുന്നില്ല. തന്ത്രങ്ങള്‍ പറയാന്‍ പരിചയസമ്പന്നനായ പരിശീലകനും ഉണ്ടായിരുന്നില്ല. അതോടെ എല്ലാ ടീമംഗങ്ങളും ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ തുടങ്ങി. കളിക്കിടയില്‍ പൊസിഷനുകള്‍ പരസ്പരം വച്ചുമാറി എതിര്‍ടീമിനെ ഇത്രമാത്രം വലച്ച മറ്റൊരു ടീമും ഉണ്ടാകാത്തതിന് കാരണവും പരസ്പരമുള്ള ഈ ധാരണ തന്നെ.

ലീഗിലെ മൂന്നാം റൌണ്ട് അവസാനിക്കുമ്പോള്‍ ആദ്യ മൂന്നു മത്സരങ്ങളും തോറ്റ് പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരായിരുന്നു ബ്ളാസ്റേഴ്സ്.

സെമിയിലെത്താതെ ആദ്യം പുറത്താകുന്ന ടീം ബ്ളാസ്റേഴ്സാകാന്‍ സാധ്യതയുണ്െടന്ന് കളിവിദഗ്ധര്‍ പറഞ്ഞു. ഒരു മാസം മുമ്പായിരുന്നു ഈ സംഭവമെങ്കില്‍ സെമിഫൈനലിന് മുമ്പ് അടി മുതല്‍ മുടി വരെ പോയിന്റ് പട്ടിക മാറ്റിയെഴുതേണ്ടി വന്നു. ബ്ളാസ്റേഴ്സ് സെമിഫൈനലില്‍ പ്രവേശിക്കുമ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും കുറവ് ഗോളുകള്‍ നേടിയ ടീമായിരുന്നു. എങ്ങനെ അവര്‍ ഫൈനലിലേയ്ക്ക് അര്‍ഹത നേടിയെന്ന് ടീമിനേയും പ്രകടനത്തേയും ശരിയായി വിലയിരുത്തിയവര്‍ അത്ഭുതപ്പെട്ടിരുന്നില്ല.

മുന്നേറ്റ നിര ദുര്‍ബലമാണെന്ന തിരിച്ചറിവോടെയാണ് ബ്ളാസ്റേഴ്സ് ആദ്യം മുതലേ കളത്തിലിറങ്ങിയിരുന്നത്. ആദ്യഘട്ടങ്ങളിലെ തോല്‍വികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രതിരോധവും മധ്യനിരയും കൂടുതല്‍ കരുത്തും ഒത്തിണക്കവും പ്രകടിപ്പിച്ചതോടെയാണ് ചാരത്തില്‍ നിന്നുള്ള ബ്ളാസ്റേഴ്സിന്റെ തിരിച്ചുവരവ്. ആദ്യ അഞ്ചു മത്സരങ്ങള്‍ എവേ മാച്ചുകളായിരുന്നെന്നതും ശ്രദ്ധിക്കണം. മറ്റു ടീമുകള്‍ സ്വന്തം തട്ടകത്തിന്റെ ആനുകൂല്യം ആസ്വദിക്കുമ്പോള്‍ ബ്ളാസ്റേഴ്സ് കൊച്ചിയിലെ മത്സരങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു.


ലീഗില്‍ കോല്‍ക്കൊത്തയെ സമനിലയില്‍ തളച്ചതിനു ശേഷം എഫ്സി പൂനയെ തോല്‍പ്പിച്ചതാണ് ബ്ളാസ്റേഴ്സിന്റെ തിരിച്ചു വരവില്‍ നിര്‍ണായകമായത്.

ചെന്നൈയിന്‍ എഫ്സിയോട് ലീഗിലെ ആദ്യരണ്ടു മത്സരങ്ങളും തോറ്റ ടീമല്ല ആദ്യസെമിഫൈനല്‍ കളിച്ചത്. നിലയുറപ്പിക്കും മുമ്പേ ചെന്നൈ തകര്‍ന്നടിഞ്ഞിരുന്നു. രണ്ടാം സെമിയില്‍ ബ്ളാസ്റേഴ്സിനെ അതേ നാണയത്തില്‍ തളച്ച ചെന്നൈക്കാര്‍ പക്ഷേ അവര്‍ ഗോളടിക്കാന്‍ കെല്‍പ്പുള്ള ഒരു ടീമാണെന്ന സാമാന്യബോധം പ്രകടിപ്പിച്ചില്ല. അതുകൊണ്ടാണ് ബോക്സിനുള്ളില്‍ നാല് പ്രതിരോധക്കാര്‍ നിരന്നിട്ടും പിയേഴ്സണ്‍ വിജയഗോള്‍ നേടിയത്. ലോകഫുട്ബോളില്‍ വലിയ മേല്‍വിലാസമെ#ാന്നും അവകാശപ്പെടാനില്ലാത്ത സെഡ്രിക് ഹംഗ്ബര്‍ത്തിനേയും വിക്ടര്‍ ഹെറാരയേയും ഇന്ത്യന്‍ താരങ്ങളായ സന്ദേശ്് ജിംഗനേയും മെഹ്താബ് ഹുസൈനേയും വിലയിരുത്തുന്നതില്‍ എതിര്‍ ടീമുകള്‍ അമ്പേ പരാജയപ്പെട്ടു. ഹ്യൂമിനെ പോലും അപകടകാരിയായ ഒരു സട്രൈക്കറായി ആരും കണക്കാക്കിയില്ല. കൊച്ചിയിലെ ഹോം മാച്ചുകളില്‍ തിങ്ങി നിറഞ്ഞ് ബ്ളാസ്റേഴ്സിന് മികച്ച പിന്തുണ നല്‍കിയ കാണികളും അവരുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായി. ഇനി എല്ലാ കണ്ണുകളും നാളെത്തെ ഫൈനലിലാണ്. സച്ചിന്റെ ടീം ജയിക്കുമോ അതോ ഗാംഗുലിയുടെ ടീമോ..?

സെമി കണ്ടവര്‍ 1.10 മില്യണ്‍ പേര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ളാസ്റേഴ്സ്-ചെന്നൈയിന്‍ എഫ്സി സെമി ഫൈനല്‍ ഓണ്‍ ലൈനില്‍ കണ്ടവര്‍ പത്തുലക്ഷത്തി പതിനായിരം പേര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനില്‍ മത്സരം കണ്ടതിന്റെ റിക്കാര്‍ഡ് ഇനിമുതല്‍ ഈ സെമി ഫൈനലിനാണ്. ഐഎസ്എലിനു ഓണ്‍ലൈനില്‍ റിക്കാര്‍ഡ് കാണികളെയാണ് ലഭിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിലെ ഇതുവരെ പൂര്‍ത്തിയായ മത്സരം ഓണ്‍ലൈനില്‍ കണ്ടവര്‍ 16 മില്യണ്‍ പേരാണ്. ഐഎസ്എലിന്റെ ഔദ്യോഗിക സൈറ്റില്‍ 28.7 മില്യണ്‍ ആളുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വലിയ മുന്നേറ്റമാണ് നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.