ക്രിക്കറ്റിനു ദുരന്തദിനം; ഹ്യൂസ് വിടവാങ്ങി
ക്രിക്കറ്റിനു ദുരന്തദിനം; ഹ്യൂസ് വിടവാങ്ങി
Friday, November 28, 2014 11:57 PM IST
സിഡ്നി: പൂര്‍ത്തീകരിക്കാത്ത ഇന്നിംഗ്സ് ബാക്കിയാക്കി ഫില്‍ ഹ്യൂസ് മടങ്ങി. ഓസ്ട്രേലിയയുടെ 408-ാം ടെസ്റ് താരം ഹ്യൂസ് സിഡ്നി സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ ഇന്നലെയായിരുന്നു മരണം. ഓസ്ട്രേലിയന്‍ ലീഗായ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ ദക്ഷിണ ഓസ്ട്രേലിയയ്ക്കായി ബാറ്റു ചെയ്യുമ്പോള്‍ ന്യൂ സൌത്ത് വെയില്‍സ് പേസര്‍ സീന്‍ അബോട്ടിന്റെ ബൌണ്‍സര്‍ തലയ്ക്കേറ്റ ഹ്യൂസ് അബോധാവസ്ഥയില്‍ തന്നെയാണ് മരണത്തിനു കീഴടങ്ങിയത്. ഓസ്ട്രേലിയയ്ക്കായി 26 ടെസ്റ്റുകളിലും 25 ഏകദിനത്തിലും പാഡണിഞ്ഞ 25-കാരനായ ഹ്യൂസ് കരിയറിന്റെ നല്ലകാലത്തു തന്നെയാണ് ഓര്‍മയാകുന്നത്. 26വയസാകാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കേ യാണ് ഹ്യൂസിന്റെ വിടവാങ്ങല്‍.

ഓസ്ട്രേലിയന്‍ ടീം ഡോക്ടര്‍ പീറ്റര്‍ ബ്രൂക്നറാണ് പ്രാദേശികസമയം ഇന്നലെ ഉച്ചകഴിഞ്ഞ് ഹ്യൂസിന്റെ മരണം സ്ഥിരീകരിക്കുന്നത്. തന്റെ ഔദ്യോഗികജീവിതത്തിലെ ഏറ്റവും വിഷമകരവും ദു:ഖകരവുമായ നിമിഷമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഓസ്ട്രേലിയന്‍ നായകനും ഹ്യൂസിന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായ മൈക്കിള്‍ ക്ളാര്‍ക്ക് ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ താരത്തിനൊപ്പമുണ്ടായിരുന്നു. മരണസമയത്ത് ഓസ്ട്രേലിയന്‍ ടീമിലെ സഹതാരങ്ങളായ ബ്രാഡ് ഹാഡിന്‍, സ്റീവ് സ്മിത്ത്, ഷെയ്ന്‍ വാട്സണ്‍, ഡേവിഡ് വാര്‍ണര്‍ തുടങ്ങിവരും സിഡ്നി സെന്റ് വിന്‍സന്റ് ആശുപത്രിയിലുണ്ടായിരുന്നു. ഹ്യൂസിനെതിരേ പന്തെറിഞ്ഞ യുവഫാസ്റ് ബൌളര്‍ സീന്‍ അബോട്ടും ആശുപത്രിയിലുണ്ടായിരുന്നു. മരണസമയത്ത് മാതാപിതാക്കളായ ഗ്രെഗ്്, വിര്‍ജീനിയ സഹോദരങ്ങളായ ജാസണ്‍ മേഗന്‍ എന്നിവരും ആശുപത്രിയിലുണ്ടായിരുന്നു. പരിക്കേറ്റു വീണ ഹ്യൂസിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.

ചൊവ്വാഴ്ച്ച ഉച്ചയ്ക്കു 2.23നാണ് ക്രിക്കറ്റ് ലോകത്തെ നടുക്കിയ സംഭവം അരങ്ങേറുന്നത്. ദക്ഷിണ ഓസ്ട്രേലിയയ്ക്കായി ബാറ്റു ചെയ്യുകയായിരുന്ന ഹ്യൂസ് ന്യുസൌത്ത് വെയില്‍സ് പേസ് ബൌളര്‍ സീന്‍ അബോട്ടിന്റെ ബൌണ്‍സര്‍ കളിക്കാന്‍ ശ്രമിക്കുന്നതിനിടെ തലയില്‍ കൊള്ളുകയായിരുന്നു. കുറച്ചുനിമിഷങ്ങള്‍ക്കകം ബോധംകെട്ടു പിച്ചില്‍ വീണ താരത്തെ ഉടനടി തൊട്ടടുത്തുള്ള സെന്റ് വിന്‍സന്റ് ആശുപത്രിയിലെത്തിച്ചു. തൊട്ടുപിന്നാലെ അദ്ദേഹത്തിനു അടിയന്തര ശസ്ത്രക്രിയ നടത്തി. എന്നാല്‍ പിന്നീട് ഒരിക്കലും കണ്ണുതുറക്കാതെ താരം മരണത്തിനു കീഴടങ്ങുകയായിരുന്നു. ഹ്യൂസിന്റെ മരണത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഷെയ്ന്‍ വേണ്‍, ഇയാന്‍ ബോതം അടക്കമുള്ളവര്‍ അനുശോചിച്ചു. ക്രിക്കറ്റിന്റെ ഏറ്റവും ദുഃഖകരമായ ദിനം എന്നാണ് സച്ചിന്‍ പറഞ്ഞത്.

അബോട്ടിനു താങ്ങാനായില്ല

ആശുപത്രിക്കു പുറത്തുവച്ചു ഹ്യൂസിന്റെ മരണവാര്‍ത്തയറിഞ്ഞ ബൌളര്‍ സീന്‍ അബോട്ട് പൊട്ടിക്കരഞ്ഞു. യുവതാരത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ സൈമണ്‍ കറ്റിച്ചും മറ്റു സഹതാരങ്ങളും അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്നു. അബോട്ടിന്റെ തെറ്റല്ലെങ്കിലും താരം വലിയ സമ്മര്‍ദത്തിലാണെന്നും ആവശ്യമായ എല്ലാ പിന്തുണയും നല്കുമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് സതര്‍ലണ്ട് അറിയിച്ചു. ന്യൂ സൌത്ത് വെയില്‍സിലെ മാക്സ്വില്ലെയില്‍ 1988 നവംബര്‍ 30നു ജനിച്ച ഹ്യൂസ് 26 ടെസ്റില്‍നിന്ന് 1535 റണ്‍സ് നേടിയിട്ടുണ്ട്. മൂന്നു സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയ ഹ്യൂസിന്റെ ശരാശരി 32.65. 25 ഏകദിനങ്ങളിലും ഓസീസിനെ പ്രതിനിധീകരിച്ച ഹ്യൂസ് രണ്ടു സെഞ്ചുറിയുടെ അകമ്പടിയോടെ 826 റണ്‍സ് സ്വന്തമാക്കി.

ക്രിക്കറ്റ് ലോകം നിശ്ചലമായി

ഫില്‍ ഹ്യൂസിന്റെ ദാരുണാന്ത്യത്തില്‍ ക്രിക്കറ്റ് ലോകം പൂര്‍ണമായി നിശ്ചലമായി. ഷാര്‍ജയില്‍ നടക്കുന്ന പാക്കിസ്ഥാന്‍-ന്യുസിലന്‍ഡ് മൂന്നാംടെസ്റ്, ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലനമത്സരം, ഓസ്ട്രേലിയയിലെ പ്രാദേശിക മത്സരങ്ങള്‍ എന്നിവ ഉപേക്ഷിക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്തു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയ-ഇന്ത്യ ആദ്യ ടെസ്റ് നീട്ടിവച്ചേക്കും. കളിക്കാരുടെ മനോനില തകര്‍ന്നിരിക്കുകയാണെന്നും അടിയന്തരമായി കൌണ്‍സിലിംഗ് നല്കേണ്ടതുണ്െടന്നും ക്രിക്കറ്റ് ഓസ്ട്രേലിയയും ഓസ്ട്രേലിയ ക്രിക്കറ്റേഴ്സ് അസോസിയേഷനും തീരുമാനമെടുത്തിരുന്നു. ഇന്നലെ ഹ്യൂസിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ ഇന്ത്യന്‍ ടീമിന്റെ രാവിലത്തെ പരിശീലനസെഷന്‍ ഉപേക്ഷിച്ചു.

പിച്ചില്‍ ജീവന്‍ പൊലിഞ്ഞവര്‍

1. ഫില്‍ ഹ്യൂസ് (ഓസ്ട്രേലിയ, 25)-2014

സിഡ്നിയില്‍ സൌത്ത് ഓസ്ട്രേലിയയ്ക്കുവേണ്ടി ന്യൂ സൌത്ത് വെയില്‍സിനെതിരേ കളിക്കവേ സീന്‍ അബോട്ടിന്റെ ബൌണ്‍സറില്‍ പുള്‍ ഷോട്ടിനു ശ്രമിക്കവേ പന്ത് തലയില്‍ കൊണ്ട് അത്യാസന്നനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തിനുശേഷം മരിച്ചു.

2. ഡിരിന്‍ റാന്‍ഡല്‍(ദക്ഷിണാഫ്രിക്ക, 32)-2013

ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കവേ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഡാരിന്‍ പുള്‍ ഷോട്ടിനു ശ്രമിച്ചു. പന്ത് തലയില്‍കൊണ്ടു. ഉടനെ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.

3. സുള്‍ഫിക്കര്‍ ഭാട്ടി(പാക്കിസ്ഥാന്‍, 22)-2013

പാക്കിസ്ഥാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കവേ ബൌളറുടെ പന്ത് നെഞ്ചില്‍ കൊണ്ടു. നിലത്തു വീണു പുളഞ്ഞ ഭാട്ടി ആശുപത്രിയിലെത്തുംമുമ്പ് മരിച്ചു.

4. റിച്ചാര്‍ഡ് ബേമൌണ്ട്(ഇംഗ്ളണ്ട്, 33) 2012

അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചതിന്റെ തൊട്ടു പിറ്റേദിവസം ഫീല്‍ഡ് ചെയ്യുകയായിരുന്ന റിച്ചാര്‍ഡ് ബേമൌണ്ട് പൊടുന്നനെ തലകറങ്ങി വീണു. കാര്യമറിയാതെ നിന്ന സഹതാരങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു

5. ആല്‍സ്വിന്‍ ജെന്‍കിന്‍സ്(ഇംഗ്ളണ്ട്, 72) 2009

സ്വാന്‍സീയില്‍ ഒരു മത്സരത്തിലെ അമ്പയറായിരുന്നു ജെന്‍കിന്‍സ്. ഫീല്‍ഡര്‍ പന്തെറിഞ്ഞത് കൊണ്ടത് ജെന്‍കിന്‍സിന്റെ തലയിലായിരുന്നു. എന്നാല്‍, അപകടത്തില്‍നിന്നു മുക്തിനേടാനാകാതെ പിന്നീട് മരണത്തിനു കീഴടങ്ങി.

6. വസിം രാജ(പാക്കിസ്ഥാന്‍,54)-2006

പാക്കിസ്ഥാന്‍ കണ്ട മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ വസിം രാജ ഇംഗ്ളീഷ് കൌണ്ടി ക്ളബ് സറേയ്ക്കുവേണ്ടി കളിക്കവേ അമ്പതാം വയസില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാക്കിസ്ഥാനുവേണ്ടി 57 ടെസ്റും 54 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

7. രമണ്‍ ലാംബ(ഇന്ത്യ,38)-1998

ധാക്കയില്‍ ഒരു ക്ളബ് മത്സരത്തില്‍ പങ്കെടുക്കവേ ഷോര്‍ട്ട്ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ താരം രമണ്‍ ലാംബയുടെ തലയില്‍ പന്ത് കൊണ്ടു. മൂന്നു ദിവസം കോമയിലായിരുന്ന ലാംബ പിന്നീടു മരിച്ചു. ഇന്ത്യക്കു പുറമേ അനൌദ്യോഗിക മത്സരങ്ങളില്‍ അയര്‍ലന്‍ഡിനുവേണ്ടിയും ലാംബ കളിച്ചിട്ടുണ്ട്.

8. ഇയാന്‍ ഫോളി(ഇംഗ്ളണ്ട്,30)-1993

ഇംഗ്ളണ്ടിനു വേണ്ടി കളിച്ച ഫോളി, ഡോര്‍ബിഷയറിനുവേണ്ടി വോര്‍ക്കിംഗ്ടണുവേണ്ടി മത്സരിക്കവേ ബൌളര്‍ എറിഞ്ഞ പന്ത് കണ്ണിനു തൊഴെ കൊണ്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫോളി പിന്നീട് ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു.


9. വില്‍ഫ് സ്ളാക്(ഇംഗ്ളണ്ട്,34)-1989

മിഡില്‍സെക്സിനുവേണ്ടി കളിച്ച സ്ളാക് ബാറ്റ്ചെയ്യവേ തലകറങ്ങി വീണു. അദ്ദേഹത്തിന്റെ മരണകാരണം കണ്ടുപിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. മുമ്പ് നടന്ന ചില മത്സരങ്ങളില്‍ പന്ത് തലയിലും നെഞ്ചിലുമൊക്കെ കൊണ്ടിരുന്നുവെന്നു മാത്രമാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്. 1959നുശേഷം ആദ്യമായായിരുന്നു ക്രിക്കറ്റ് പിച്ചില്‍ ഒരു മരണം.



10. അബ്ദുള്‍ അസീസ്(പാക്കിസ്ഥാന്‍,18)-1959

കറാച്ചിയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായിരുന്ന അബ്ദുള്‍ അസീസ് ബാറ്റു ചെയ്യുകയായിരുന്നു. ബൌളറെറിഞ്ഞ പന്ത് നെഞ്ചില്‍ പതിച്ചതോടെ അദ്ദേഹം കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

11. ആന്‍ഡി ഡുകാറ്റ്(ഇംഗ്ളണ്ട്,56)-1942

ഇംഗ്ളണ്ടിനുവേണ്ടി ഒരേ ഒരു ടെസ്റില്‍ മാത്രം കളിക്കാനവസരം കിട്ടിയ ആന്‍ഡി ഡുകാറ്റ് ആ മത്സരത്തില്‍ത്തന്നെ ജീവന്‍ വെടിഞ്ഞു. ലോര്‍ഡ്സില്‍ നടന്ന മത്സരത്തിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

12. ജോര്‍ജ് സമ്മേഴ്സ്(ഇംഗ്ളണ്ട്, 25) 1870

നോട്ടിംഗ്ഹാംഷയറിനുവേണ്ടി ലോര്‍ഡ്സില്‍ ബാറ്റ് ചെയ്യുകയായിരുന്ന സമ്മേഴ്സിന്റെ ശരീരത്തില്‍ പന്ത് പലവട്ടം കൊണ്ടു. എംസിസിക്കെതിരേയായിരുന്നു മത്സരം. പരിക്കേറ്റ സമ്മേഴ്സിനെ ആശുപത്രിയിലെത്തിച്ചു. നാലു ദിവസത്തിനുശേഷം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍, ട്രെയിനില്‍ വീട്ടിലേക്കു പോകുംവഴി മരണം സംഭവിച്ചു.

കൂടാതെ 1962ല്‍ ഇന്ത്യന്‍ താരമായ നരി കോണ്‍ട്രാക്ടര്‍ വിന്‍ഡീസിന്റെ ചാര്‍ളി ഗ്രിഫിത്തിന്റെ ഷോര്‍ട്ട് ബോള്‍ തലയില്‍കൊണ്ടു നിലത്തു വീണു. ആറു ദിവസത്തേക്കു ബോധം നഷ്ടപ്പെട്ട അദ്ദേഹം ജീവിതത്തിലേക്കു മടങ്ങിവന്നെങ്കിലും പിന്നീടൊരിക്കലും ക്രിക്കറ്റ് കളിക്കാനായിട്ടില്ല.

സിഡ്നി മുതല്‍ സിഡ്നി വരെ

ക്രിക്കറ്റ് ലോകം നെഞ്ചില്‍ പേറുന്ന ഒരുപാട് ഓര്‍മകള്‍ സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടിനുണ്ട്. ഫില്‍ ഹ്യൂസിനും സിഡ്നിയിലെ പുല്‍മൈതാനവുമായി വൈകാരികബന്ധമുണ്ട്. ഫസ്റ് ക്ളാസ് ക്രിക്കറ്റില്‍ ന്യൂസൌത്ത് വെയില്‍സിനായി അദ്ദേഹത്തിന്റെ അരങ്ങേറ്റം ഇവിടെയായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ പൂര്‍ത്തിയാക്കാനാവതെ മരണത്തിലേക്കു യാത്രയായപ്പോഴും സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ട് മൂകസാക്ഷിയായി. ഫില്‍ ഹ്യൂസിന്റെ ക്രിക്കറ്റ് കരിയറിലൂടെ.

2007 നവംബര്‍

18-ാം വയസില്‍ ഫസ്റ്് ക്ളാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം. ടാന്‍സ്മാനിയയ്ക്കെതിരായ പുറ കപ്പില്‍ ന്യുസൌത്ത് വെയില്‍സിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഹ്യൂസ് 51 റണ്‍സെടുത്തു.

2008 ഫെബ്രുവരി: ഫസ്റ് ക്ളാസ് ക്രിക്കറ്റിലെ ഹ്യൂസിന്റെ കന്നിസെഞ്ചുറി പുറ കപ്പ് ഫൈനലില്‍ സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടില്‍. 116 റണ്‍സെടുത്ത താരത്തിന്റെ മികവില്‍ വിക്ടോറിയ കീഴ്പ്പെടുത്തി. ഇതോടെ പുറാകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ (19 വയസ്) താരമായി.

2009 ഫെബ്രുവരി: പ്രതിഭാസ്പര്‍ശനത്തിനുള്ള അംഗീകാരമായി ബ്രാഡ്മാന്‍ യംഗ് ക്രിക്കറ്റര്‍ അവാര്‍ഡ്. തൊട്ടുപിന്നാലെ ഓസ്ട്രേലിയന്‍ ദേശീയ ടീമിലേക്കുള്ള വിളിയെത്തി. മാത്യു ഹെയ്ഡന്‍ വിരമിച്ച ഒഴിവില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍. ജോഹന്നസ്ബര്‍ഗിലെ വണ്ടറേഴ്സ് സ്റ്റേഡിയത്തിലെ അരങ്ങേറ്റ ഇന്നിംഗ്സില്‍ നാലാംപന്തില്‍ പൂജ്യത്തിനു പുറത്ത്. രണ്ടാം ഇന്നിംഗ്സില്‍ 75 റണ്‍സ്.

2009 മാര്‍ച്ച്: ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന രണ്ടാംടെസ്റ് ഹ്യൂസിന്റെ പ്രതിഭയുടെ ഉദയമായി. ഒരു ടെസ്റിന്റെ രണ്ടിന്നിംഗ്സിലും (115,160) സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ (20 വയസ്) താരമായി.

ജൂലൈ 2009: മോശം ഫോമിനെത്തുടര്‍ന്നു ഒഴിവാക്കുന്നു ടെസ്റ്് ടീമില്‍നിന്നും. ഇംഗ്ളണ്ടിനെതിരായ ആഷസ് ടെസ്റില്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുന്നതിലെ പാളിച്ചകളാണ് ടീമിലെ സ്ഥാനം നഷ്ടമാക്കിയത്.

2010 മാര്‍ച്ച്: പരിക്കേറ്റ സൈമണ്‍ കാറ്റിച്ചിനു പകരം വീണ്ടും ഓസ്ട്രേലിയന്‍ ടീമില്‍. വെല്ലിംഗ്ടണ്‍ ടെസ്റില്‍ 75 പന്തില്‍ 86 റണ്‍സെടുത്ത ഹ്യൂസിന്റെ മികവില്‍ ഓസീസിനു ജയം.

2010 ഡിസംബര്‍: ആഷസ് സീരിസിനുള്ള ദേശീയ ടീമിലേക്കു വീണ്ടും തിരിച്ചെത്തി. ഇത്തവണയും പരിക്കേറ്റ സൈമണ്‍ കാറ്റിച്ചിനു പകരക്കാരനായാണ് ഇടംനേടിയത്. പക്ഷേ, പരമ്പരയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവയ്ക്കാനായില്ല.

2011 മാര്‍ച്ച്: ഷെഫീല്‍ഡ് ഷീല്‍ഡ് കപ്പ് ഫൈനലില്‍ ടാസ്മാനിയയ്ക്കെതിരേ ഹ്യൂസിന്റെ തകര്‍പ്പന്‍ പ്രകടനം. 138, 93 റണ്‍സെടുത്ത താരത്തിന്റെ മികവ് പക്ഷേ കിരീടം നേടാന്‍ ന്യൂസൌത്ത് വെയില്‍സിനെ സഹായിച്ചില്ല.

2011 ഓഗസ്റ്: ഓസ്ട്രേലിയന്‍ ടീമിലേക്കു ഹ്യൂസിന്റെ മൂന്നാംതിരിച്ചുവരവ്. ഇത്തവണ കൂട്ടിനു വിവാദത്തിന്റെ അകമ്പടിയും. ക്രിക്കറ്റ് ഓസ്ട്രേലിയ സൈമണ്‍ കാറ്റിച്ചിനെ കേന്ദ്ര കരാറില്‍നിന്നും ഒഴിവാക്കിയതായിരുന്നു വിവാദകാരണം. ശ്രീലങ്കയ്ക്കെതിരേ അവരുടെ നാട്ടില്‍ അവസാനടെസ്റില്‍ 126 റണ്‍സെടുത്തു ഹ്യൂസ് മടങ്ങിവരവ് ആഘോഷിച്ചു.

2011 ഡിസംബര്‍: ന്യുസിലന്‍ഡിനെതിരായ പരമ്പര ഹ്യൂസിന്റെ കരിയറിലെ മോശം ദിനങ്ങള്‍ സമ്മാനിച്ചു. തുടര്‍ച്ചയായ നാല് ഇന്നിംഗ്സുകളില്‍ ക്രിസ് മാര്‍ട്ടിന്റെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കു മുന്നില്‍ വിക്കറ്റ് സമ്മാനിച്ചു.

2011 ഡിസംബര്‍: ശ്രീലങ്കയ്ക്കെതിരായ ഹോം സീരിസില്‍ വീണ്ടും ടീമില്‍. പരമ്പരയില്‍ രണ്ടു അര്‍ധസെഞ്ചുറി.

2013 ജനുവരി: ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമായി ഹ്യൂസ്. മെല്‍ബണില്‍ ആദ്യ ഏകദിനത്തില്‍ 112 റണ്‍സ്, തൊട്ടുപിന്നാലെ ഹൊബാര്‍ട്ടില്‍ 138 നോട്ടൌട്ട്.

2013 ഫെബ്രുവരി: ആഭ്യന്തര ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഹ്യൂസിനു. 55.40 ശരാശരിയില്‍ 1108 റണ്‍സാണ് താരം നേടിയത്.

2013 ജൂലൈ: ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആഷസ് ടെസ്റില്‍ 10-ാം വിക്കറ്റില്‍ ആസ്റണ്‍ ആഗര്‍ക്കൊപ്പം റിക്കാര്‍ഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മധ്യനിരയില്‍ കളിച്ച ഹ്യൂസ് 81 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

2014 ജൂലൈ: ലിസ്റ് എ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമായി. ഓസ്ട്രേലിയ എയ്ക്കുവേണ്ടിയായിരുന്നു ഹ്യൂസിന്റെ ഈ വെടിക്കെട്ട് ഇന്നിംഗ്സ്. തൊട്ടടുത്ത മാസം ഫസ്റ് ക്ളാസിലെ തന്റെ ഉയര്‍ന്ന സ്കോറായ 243 റണ്‍സ് കണ്െടത്തി.

2014നവംബര്‍: ഷെഫീല്‍ ഷീല്‍ഡ് കപ്പിനിടെ തന്റെ മുന്‍ ടീമായ ന്യുസൌത്ത് വെയില്‍സ് ഫാസ്റ് ബൌളര്‍ സീന്‍ അബോട്ടിന്റെ ബൌണ്‍സര്‍ തലയ്ക്കേറ്റു ബോധരഹിതനാകുന്നു. രണ്ടുദിവസത്തിനുശേഷം സിഡ്നി സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ മരണം. ഫസ്റ് ക്ളാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സിഡ്നി ക്രിക്കറ്റ് മൈതാനത്തു തന്നെ അവസാന മത്സരവും കുറിച്ച ഹ്യൂസ് 25-ാം വയസില്‍ ഓര്‍മയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.