72, 73, 74... സര്‍വം മെസി
72, 73, 74... സര്‍വം മെസി
Thursday, November 27, 2014 11:18 PM IST
നിക്കോസിയ/ലണ്ടന്‍/പാരീസ്: അര്‍ജന്റൈന്‍ താരങ്ങളായ ലയണല്‍ മെസിയുടെ മികവില്‍ ബാഴ്സലോണയും സെര്‍ജിയോ അഗ്യൂറോ കരുത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. രണ്ടു പേരും ഹാട്രിക്കുമായി കളം നിറഞ്ഞു. അപോയലിനെതിരെയുള്ള മത്സരത്തില്‍ ഹാട്രിക് ഗോള്‍ നേടിയ മെസി ചാമ്പ്യന്‍ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരവുമായി. ജയത്തോടെ സിറ്റി പ്രതീക്ഷ നിലനിര്‍ത്തി.

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ബാഴ്സ എവേ മത്സരത്തില്‍ സൈപ്രസ് ക്ളബ് അപോയലിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തകര്‍ത്തു. ജയത്തോടെ ബാഴ്സ രണ്ടാം സ്ഥാനത്ത് തുടരുന്നു. മത്സരത്തിനിറങ്ങുമ്പോള്‍ ലയണല്‍ മെസിയായിരുന്ന ഏവരുടെയും ശ്രദ്ധാകേന്ദ്രം. നായകന്റെ ആം ബാന്‍ഡ് അണിഞ്ഞ് കളത്തിലിറങ്ങിയ മെസി ടീമിനെ മുന്നില്‍നിന്നു നയിക്കുകയായിരുന്നു. അപോയലിനെതിരെ ഹാട്രിക് നേടിയ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനുള്ള റിക്കാര്‍ഡും സ്വന്തമാക്കി. മൂന്നു ദിവസത്തിനകം മെസി നേടുന്ന രണ്ടാം ഹാട്രിക്കും രണ്ടാമത്തെ റിക്കാര്‍ഡ് നേട്ടവും.

മൂന്നു ഗോള്‍ സ്വന്തമാക്കിയ അര്‍ജന്റൈന്‍ താരം 74 ഗോളുമായി ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും ഗോള്‍ നേടിയ താരമായി. അപോയലിനെതിരെയുള്ള മത്സരത്തിനു മുമ്പ് വരെ 71 ഗോളുമായി മെസി മുന്‍ റയല്‍ മാഡ്രിഡ് സ്ട്രൈക്കര്‍ റൌള്‍ ഗോണ്‍സാലസുമായി റിക്കാര്‍ഡ് പങ്കിടുകയായിരുന്നു. സ്പാനിഷ് ലീഗില്‍ 253 ഗോളുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റിക്കാര്‍ഡ് സ്ഥാപിച്ചു ദിവസങ്ങള്‍ക്കുശേഷമാണ് മെസി ഒരിക്കല്‍ക്കൂടി റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.

സൂപ്പര്‍ താരം നെയ്മറെ പുറത്തിരുത്തിയാണ് ബാഴ്സ പരിശീലകന്‍ ലൂയിസ് എന്റിക് സൈപ്രസ് ക്ളബ്ബിനെതിരെയുള്ള ടീമിനെ ഒരുക്കിയത്. മത്സരത്തിന്റെ 27-ാം മിനിറ്റില്‍ ലൂയിസ് സുവാരസ് ജോര്‍ഡി ആല്‍ബയുടെ പാസില്‍ ബാഴ്സയെ മുന്നിലെത്തിച്ചു. കറ്റാലന്‍ കരുത്തര്‍ക്കു വേണ്ടിയുള്ള ഉറുഗ്വെന്‍ താരത്തിന്റെ ആദ്യ ഗോളായിരുന്നു. ഫുട്ബോള്‍ ആരാധകര്‍ കാത്തിരുന്ന മുഹൂര്‍ത്തത്തിന് അധികനേരം കാത്തിരിക്കേണ്ടിവന്നില്ല. 38ാം മിനിറ്റില്‍ റാഫിനയുടെ പാസ് സ്വീകരിച്ച മെസി വലംകാലന്‍ ഷോട്ടിലൂടെ പുതിയ ചരിത്രം കുറിച്ചു. മെസി, റൌളിനെ മറികടന്ന് 72 ഗോള്‍ തികച്ചു. ബാഴ്സ 2-0ന് മുന്നില്‍. ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ബാഴ്സയുടെ മൂന്നാം ഗോളിനും മെസിയുടെ രണ്ടാം ഗോളിനും വെറും പതിമൂന്ന് മിനിറ്റിന്റെ കാത്തിരിപ്പേ വേണ്ടിവന്നുള്ളു.

58-ാം മിനിറ്റില്‍ മെസി അപോയലിന്റെ ഗോളി പാര്‍ഡോയെ കബളിപ്പിച്ച് വീണ്ടും വല ചലിപ്പിച്ചു. ഡാനി ആല്‍വ്സായിരുന്നു മെസിക്കു കൃത്യമായി പന്തെത്തിച്ചു നല്‍കിയത്. മെസി റിക്കാര്‍ഡ് വീണ്ടും ഉയര്‍ത്തി. 87-ാം മിനിറ്റില്‍ ബാഴ്സ നാലാം ഗോള്‍ തികച്ചപ്പോള്‍ മെസി തന്റെ തുടര്‍ച്ചയായ രണ്ടാം ഹാട്രിക്കും തികച്ചു. അപോയല്‍ ഡിഫന്‍സിനിടയിലൂടെ ഹാവിയര്‍ മസ്കെരാനോ പെഡ്രോയ്ക്കു പന്ത് മറിച്ചു നല്‍കി. പെഡ്രോ പന്ത്് മനോഹരമായി കട്ട് ചെയ്തു മെസി നല്‍കി. മെസി അനായാസം വല കുലുക്കുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍ നേട്ടം മെസി 74 ആക്കി ഉയര്‍ത്തി.


ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പാരീ സെന്‍ ഷര്‍മെയ്ന്‍ അയാക്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തു. സൂപ്പര്‍ താരങ്ങളായ എഡിസണ്‍ കവാനിയുടെ ഇരട്ട ഗോളും സ്ളാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ ഗോളുമായിരുന്നു ഫ്രഞ്ച് ചാമ്പ്യന്‍മാരെ വിജയത്തിലെത്തിച്ചത് 33, 83 മിനിറ്റുകളിലായിരുന്ന കവാനിയുടെ ഗോളുകള്‍. 78ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ച് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഡേവി ക്ളാസന്റെ (67) വകയായിരുന്നു നെതര്‍ലന്‍ഡ്സ് ക്ളബ്ബിന്റെ ആശ്വാസ ഗോള്‍. ഒന്നാം സ്ഥാനത്തുള്ള പിഎസ്ജിക്ക് പതിമൂന്നും രണ്ടാമതുള്ള ബാഴ്സക്കു പന്ത്രണ്ട് പോയിന്റുമാണുള്ളത്.

ഗ്രൂപ്പ് ഇയിലെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ളീഷ് കരുത്തരായ മാഞ്ചസ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍വച്ച് ബുണ്ടസ് ലിഗ ചാമ്പ്യന്‍മാര്‍ ബയേണ്‍ മ്യൂണിക്കിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി. ലോകത്തെ മികച്ച ഗോളിമാരില്‍ ഒരാളായ മാനുവല്‍ നോയറെ മൂന്നുവട്ടം കബളിപ്പിച്ചാണ് സെര്‍ജിയോ അഗ്യൂറോ സിറ്റിയെ ജയിപ്പിച്ചത്. ജയത്തോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്കു മുന്നേറിയ സിറ്റി ചാമ്പ്യന്‍സ് ലീഗിലെ മുന്നോട്ടുള്ള പ്രതീക്ഷ നിലനിര്‍ത്തി. തോല്‍വി ഉറ്റുനോക്കുകയായിരുന്ന സിറ്റിയെ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ അഗ്യൂറോയുടെ ഗോളുകളാണ് വിജയവഴിയിലേക്കു തിരിച്ചുകൊണ്ടുവന്നത്. 21ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അഗ്യൂറോ സിറ്റിയെ മുന്നിലെത്തിച്ചു. ബോക്സിനുള്ളില്‍വച്ച് ഫ്രാങ്ക് ലാംപാര്‍ഡിനെ ഫൌള്‍ ചെയ്തതിന് ബയേണ്‍ ഡിഫന്‍ഡര്‍ ബെനാറ്റിയയ്ക്ക് മാര്‍ച്ചിംഗ് ഓര്‍ഡര്‍ ലഭിക്കുകയും ചെയ്തു. ഇതിനുള്ള മറുപടി ഗോള്‍ നാല്പതാം മിനിറ്റില്‍ ഫ്രീകിക്ക് വലയിലെത്തിച്ച് സാബി അലോന്‍സോ തന്റെ 33ാം പിറന്നാള്‍ ആഘോഷിച്ചു.

അഞ്ച് മിനിറ്റുകള്‍ക്കുശേഷം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ബയേണിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി ബയേണിന്റെ ലീഡില്‍ പൂര്‍ത്തിയായി. എണ്‍പത്തിയഞ്ചാം മിനിറ്റുവരെ തോല്‍വിയെ ഉറ്റുനോക്കുകയായിരുന്ന സിറ്റിയെ അഗ്യൂറോ രക്ഷിച്ചു. ഇരുടീമും ഒപ്പത്തിനൊപ്പം. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ അഗ്യൂറോ മൂന്നാം ഗോളും നേടിക്കൊണ്ട് നുവറിനെ നിഷ്പ്രഭനാക്കി. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ സിഎസ്കെഎ മോസ്കോ റോമ പോരാട്ടം സമനിലയായി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് മത്സരം അവസാനിച്ചത്. പോയിന്റ് നിലയില്‍ ബയേണ്‍ ഒന്നാമതും റോമ രണ്ടാമതുമാണ്.

ഗ്രൂപ്പ് ജിയില്‍ ചെല്‍സി എവേ മത്സരത്തില്‍ ഷാല്‍ക്കെയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ജോണ്‍ ടെറി (2), വില്യന്‍ (29), യാന്‍ ക്രിച്ച്റോഫ് (44 സെല്‍ഫ് ഗോള്‍), ദിദിയേ ദ്രോഗ്ബ (76), റാമിറസ് (78) എന്നിവരാണ് ചെല്‍സിക്കുവേണ്ടി വല കുലുക്കിയവര്‍. ദ്രോഗ്ബയും റാമിറസും പകരക്കാരായി ഇറങ്ങിയാണ് ഗോള്‍ നേടിയത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്പോര്‍ടിംഗ് ക്ളബ് പോര്‍ച്ചുഗല്‍ മാരിബോറിനെ 3-1ന് തോല്‍പ്പിച്ചു. ചെല്‍സി തന്നെയാണ് ഒന്നാം സ്ഥാനത്ത് സ്പോര്‍ടിംഗ് ക്ളബ്ബ് രണ്ടാമതും. ഗ്രൂപ്പ് എച്ചില്‍ അത്ലറ്റിക് ക്ളബ്ബ് ഷക്തര്‍ ഡോഡെട്സ്കിനെ ഏകപക്ഷീയമായ ഒരു ഗോളിനും പോര്‍ട്ടോ മറുപടി നല്കാത്ത മൂന്നു ഗോളിന് ബേറ്റ് ബാരിസോവിനെയും തോല്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.