ദേശീയ സ്കൂള്‍ മീറ്റ് മാറ്റി
Thursday, November 27, 2014 11:17 PM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേള കായികാധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്നു അനിശ്ചിതത്വത്തിലായതിനു പിന്നാലെ ദേശീയ സ്കൂള്‍ കായിക മേളയും അനിശ്ചിതത്വത്തിലായി. റാഞ്ചിയില്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ നടത്താനിരുന്ന ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാറ്റിവെച്ചു.

സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കലണ്ടര്‍ അനുസരിച്ചു പറഞ്ഞ തീയതികള്‍ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും നടക്കുന്നതിനാല്‍ ആ ദിവസങ്ങളില്‍ അത്ലറ്റിക് മീറ്റ് നടത്താന്‍ കഴിയില്ലെന്ന് ജാര്‍ഖണ്ഡ് സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍, സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, അത്ലറ്റിക് മീറ്റിന്റെ തീയതി മാറ്റില്ലെന്ന നിലപാടിലായിരുന്നു സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ഡിസംബറില്‍ തങ്ങള്‍ക്ക് മീറ്റ് നടത്താന്‍ സാധിക്കില്ലെന്നതു സംബന്ധിച്ച് രേഖാമൂലം കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് സ്കൂള്‍ ഗെയിംസ് അധികൃതര്‍ കേന്ദ്രത്തെ അറിയിച്ചു. ഇതേത്തുടര്‍ന്നു ജനുവരി ഒന്‍പതു മുതല്‍ മീറ്റ് നടത്തണമെന്ന നിര്‍ദേശം കേന്ദ്രം നല്കി. എന്നാല്‍, ഈ ദിവസങ്ങളിലും തങ്ങള്‍ക്ക് മീറ്റ് നടത്താന്‍ കഴിയില്ലെന്നും ജനുവരി 19 മുതല്‍ 23 വരെയാണെങ്കില്‍ സ്കൂള്‍ മീറ്റിന് ആതിഥേയത്വം വഹിക്കാമെന്നും ജാര്‍ഖണ്ഡ് അറിയിച്ചു. രാജ്യത്തെ മറ്റൊരു സംസ്ഥാനവും സ്കൂള്‍ മീറ്റ് ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ നിലവില്‍ പ്രഖ്യാപിച്ച തീയതിക്ക് കൃത്യം ഒരു മാസത്തിനുശേഷം മീറ്റ് സംഘടിപ്പിക്കേണ്ട സ്ഥിതിയിലായി സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഉണ്ടായത്. റാഞ്ചി ബിര്‍സാ മുണ്ടാ സ്റ്റേഡിയത്തിലാവും സ്കൂള്‍ മീറ്റ് നടക്കുന്നത്.


ദേശീയ സ്കൂള്‍ മീറ്റ് മാറ്റിവെച്ചത് ഏറെ സഹായകമായത് കേരളത്തിനാണ്. ഭാഷാധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ കായികാധ്യാപകരായി നിയമിക്കുന്നത് സംബന്ധിച്ച് ഇറങ്ങിയ ഉത്തരവിനെ തുടര്‍ന്നു റവന്യു ജില്ലാ സ്കൂള്‍ കായിക മേള പോലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഡിസംബര്‍ എട്ടു മുതല്‍ സംസ്ഥാന സ്കൂള്‍ കായിക മേള നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കാതെ തങ്ങള്‍ മത്സരങ്ങളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കായികാധ്യാപകര്‍ ഒന്നടങ്കം. തുടര്‍ച്ചയായി 17 വട്ടം ചാമ്പ്യന്‍മാരായ കേരളത്തിനെ സംബന്ധിച്ചിടത്തോളം ദേശീയ സ്കൂള്‍ കായികമേള അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്. ദേശീയ സ്കൂള്‍ കായികമേളയ്ക്ക് ഒരുമാസം കൂടി സാവകാശം ലഭിച്ചതോടെ എങ്ങിനേയും ടീമിനെ ദേശീയ മീറ്റിന് പങ്കെടുപ്പിക്കാമെന്ന ആശ്വാസത്തിലാണ് സ്റേറ്റ് സ്കൂള്‍ സ്പോര്‍ട്സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.