ജൂണിയര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം
ജൂണിയര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം
Wednesday, November 26, 2014 11:20 PM IST
വിജയവാഡ: ഇന്ത്യയുടെ ഭാവി അത്ലറ്റുകളെ കണ്െടത്തുന്ന പോരാട്ടം ദേശീയ ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ആന്ധ്രയിലെ വിജയവാഡയിലെ ഇന്ദിരാഗാന്ധി സ്റേഡിയത്തില്‍ തുടക്കം. 30 വരെ നടക്കുന്ന മീറ്റില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മൂവായിരത്തോളം അത്ലറ്റുകള്‍ പങ്കെടുക്കും. 20-ാം കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാ മ്പ്യന്മാരായ കേരളം തിങ്കളാഴ്ച വിജയവാഡയിലെത്തി.

ഇന്നലെ രാവിലെ സ്റ്റേഡിയത്തില്‍ ടീം പരിശീലനം നടത്തി. 205 പേരുടെ ടീമിനെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, 198 പേരാണ് സംഘത്തിലുള്ളത്. മീറ്റിന്റെ ആദ്യദിനമായ ഇന്ന് 16 ഫൈനലുകള്‍ നടക്കും. ജൂണിയര്‍ പെണ്‍കുട്ടികളുടെ(അണ്ടര്‍ 20) ഡിസ്കസ് ത്രോയാണ് ആദ്യം നടക്കുന്ന ഫൈനല്‍. തുടര്‍ന്ന് അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഹൈജംപ്, അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ലോംഗ് ജംപ് ജൂണിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട് എന്നീയിനങ്ങളുടെ ഫൈനലും നടക്കും. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഹൈജംപില്‍ മത്സരിക്കുന്ന ഗായത്രി ശിവകുമാര്‍, ജൂണിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മത്സരിക്കുന്ന പി.യു. ചിത്ര എന്നിവരില്‍നിന്ന് കേരളം സ്വര്‍ണം പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ട്രയാത്തലനില്‍ മത്സരിക്കുന്ന സി. അഭിനവ്, അപര്‍ണ റോയി എന്നിവരില്‍നിന്നും കേരളം മെഡലുകള്‍ പ്രതീക്ഷിക്കുന്നു. അണ്ടര്‍ 18,20 ആണ്‍, പെണ്‍ 1500 മീറ്റര്‍ മത്സരങ്ങളുടെ ഫൈനല്‍ നടക്കും. 1000 മീറ്റര്‍ മത്സരങ്ങളും ഇന്നു നടക്കും. ജൂണിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മുഹമ്മദ് അഫ്സല്‍ മത്സരിക്കുന്നില്ല.

ഉച്ചകഴിഞ്ഞ് മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും ടീമുകളുടെ മാര്‍ച്ച്പാസ്റും നടക്കും. ഉച്ചകഴിഞ്ഞു മത്സരങ്ങളില്ല.

മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സംഘാടകസമിതിയുടെ തീരുമാനം ശ്രദ്ധേയമായി. മീറ്റ് റിക്കാര്‍ഡ് തകര്‍ക്കുന്നവര്‍ക്ക് 25000 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. താരങ്ങളില്‍നിന്ന് മികച്ച പ്രകടനം വരുമ്പോള്‍ അവരെ ആദരിക്കേണ്ടത് ഉത്തരവാദിത്വമാണെന്ന് സംഘാടകസമിതി വിലയിരുത്തി. കൂടാതെ മീറ്റില്‍ പങ്കെടുക്കുന്ന എല്ലാ താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും ഭക്ഷണം സൌജന്യമായി നല്‍കും.


ഡോ. വി.സി. അലക്സാണു കേരള സംഘത്തെ നയിക്കുന്നത്. സായ് പരിശീലകരായ എ. ബോസ്, പി. അനില്‍കുമാര്‍, സ്പോര്‍ട്സ് കൌണ്‍സില്‍ പരിശീലകരായ ജൂലിയസ് ജെ. മനയാനി, കെ.ഐ. ഗോപാലകൃഷ്ണപിള്ള, ഇന്ത്യന്‍ നേവി പരിശീലകനായ ജയകുമാര്‍, റോസമ്മ മാത്യു എന്നിവരാണു പരിശീലകര്‍. ഡി. അജയന്‍, പി.പി. രാജീവന്‍, എസ്.എസ്. ശോഭന എന്നിവര്‍ മാനേജര്‍മാര്‍.

പാലക്കാടായിരുന്നു താരങ്ങള്‍ക്കുള്ള ക്യാമ്പ് നടന്നത്. സ്കൂള്‍ മീറ്റ് നീട്ടിവച്ചതിനാല്‍ മികച്ച മുന്നൊരുക്കത്തോടെ ജൂണിയര്‍ മീറ്റിനെത്താന്‍ താരങ്ങള്‍ക്കായി.

എന്നാല്‍, ജൂണിയര്‍ മീറ്റിനു പിന്നാലെ സംസ്ഥാന സ്കൂള്‍ കായികമേള വരുന്നതിനാല്‍ മീറ്റില്‍ തങ്ങളുടെ മല്‍സരങ്ങള്‍ തീരുന്നമുറയ്ക്കു ചില താരങ്ങള്‍ മടങ്ങിപ്പോരും. സ്കൂള്‍ കായികമേളയ്ക്കു പിന്നാലെ റാഞ്ചിയില്‍ ദേശീയ സ്കൂള്‍ മീറ്റും നടക്കുന്നതിനാല്‍ തുടര്‍ച്ചയായി മല്‍സരങ്ങളില്‍ പങ്കെടുക്കേണ്ട അവസ്ഥയിലാണു കുട്ടികള്‍. ദേശീയ സ്കൂള്‍ മീറ്റ് ഡിസംബര്‍ 19ന് ആരംഭിക്കും. എന്നാല്‍, ജാര്‍ഖണ്ഡില്‍ 23നു വോട്ടെണ്ണലായതിനാല്‍ നീട്ടിവയ്ക്കാനാണ് സാധ്യത.

കഴിഞ്ഞതവണ 31 സ്വര്‍ണവും 24 വെള്ളിയും 28 വെങ്കലവും സഹിതം 585 പോയിന്റോടെയാണു കേരളം കിരീടം ചൂടിയത്. മൂന്നു വര്‍ഷം മുന്‍പു കേരളത്തെ അട്ടിമറിച്ച ഹരിയാന കഴിഞ്ഞ തവണ മൂന്നാമതായി. തമിഴ്നാടിനായിരുന്നു രണ്ടാം സ്ഥാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.