പരിശീലന മത്സരത്തില്‍ ഇന്ത്യക്കു മുന്‍തൂക്കം
Tuesday, November 25, 2014 11:25 PM IST
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി അഡ്ലെയ്ഡില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനുമായി നടന്ന ദ്വദിന പരിശീലന മത്സരത്തില്‍ ഇന്ത്യക്കു മുന്‍തൂക്കം. ആദ്യ ദിനത്തില്‍ ഇന്ത്യ ഓസ്ട്രേലിയന്‍ ഇലവനെ 219 റണ്‍സിനു പുറത്താക്കി. പേസ് ബൌളിംഗിനെ തുണച്ച പിച്ചില്‍ എല്ലാ ഇന്ത്യന്‍ ബൌളര്‍മാരും വിക്കറ്റ് നേടി. 17 ഓവറില്‍ 72 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ നേടിയ വരുണ്‍ ആരോണാണ് ബൌളര്‍മാരില്‍ മികച്ച പ്രകടനം നടത്തിയത്.

ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷാമിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. ഒന്നിന് 55 റണ്‍സ് എന്ന നിലയിലാണ് കളിയവസാനിക്കുമ്പോള്‍ ഇന്ത്യ. മുരളി വിജയും (32 നോട്ടൌട്ട്) ചേതേശ്വര്‍ പൂജാരയുമാണ് (13 നോട്ടൌട്ട്) ക്രീസില്‍. അഞ്ചു ക്യാച്ചും ഒരു സ്റംപിംഗും ഉള്‍പ്പെടെ ആറു പേരെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ച വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ പ്രകടനവും മികച്ചതായിരുന്നു.


ഓസ്ട്രേലിയന്‍ ഇലവന്റെ ക്യാപ്റ്റന്‍ ആഷ്റ്റണ്‍ ടേണറിനായിരുന്നു ടേസ്. റയാന്‍ കാര്‍ട്ടേഴ്സ്(58), കെല്‍വിന്‍ സ്മിത്ത്(40) എന്നിവര്‍ ഓസ്ട്രേലിയന്‍ ഇലവനു വേണ്ടി മികച്ച പ്രകടനം നടത്തി. ഡിസംബര്‍ നാലിനു ബ്രിസ്ബെയ്നിലാണ് ഒന്നാം ടെസ്റ്റ് തുടങ്ങുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.