ശ്രീനിവാസന്‍ വെട്ടില്‍
ശ്രീനിവാസന്‍ വെട്ടില്‍
Tuesday, November 25, 2014 11:16 PM IST
ജിജി ലൂക്കോസ്

ന്യൂഡല്‍ഹി: ക്രിക്കറ്റിനെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ചെയ്യുന്നതെന്നു സുപ്രീംകോടതി. ചിലയാളുകള്‍ക്കു സ്വന്തമായി ടീമുണ്ടാക്കിയിരിക്കുകയാണെന്നു നിരീക്ഷിച്ച കോടതി, ബിസിസിഐ വ്യക്തിപരമായി നേട്ടമുണ്ടാക്കുന്നതിനുള്ള പരസ്പര സഹായ സഹകരണസംഘമാണോയെന്നും ചോദിച്ചു. ബിസിസിഐ അധ്യക്ഷനായിരുന്ന ഒരാള്‍ക്ക് എങ്ങനെ ഒരു ടീമിന്റെ ഉടമസ്ഥനാകാമെന്നും ഇതില്‍ എന്തെങ്കിലും സ്ഥാപിത താത്പര്യമുണ്േടായെന്നും ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ശ്രീനിവാസനോടു ചോദിച്ചു.

ഐപിഎല്‍ വാതുവയ്പിലും ഒത്തുകളിയിലും ശ്രീനിവാസനു പങ്കില്ലെന്നു ജസ്റീസ് മുകുള്‍ മുദ്ഗല്‍ സമിതി കണ്െടത്തിയതിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്കു തിരികെക്കയറാന്‍ അനുമതി തേടിയ ശ്രീനിവാസനെ കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. നിങ്ങള്‍ക്ക് ക്ളീന്‍ ചിറ്റ് കിട്ടിയെന്നു നിങ്ങള്‍ തന്നെ ഊഹിച്ചതാണ്. ശ്രീനിവാസനുമായി അടുത്ത ബന്ധമുള്ള വ്യക്തി വാതുവയ്പില്‍ ഉള്‍പ്പെട്ടെന്നു കണ്െടത്തിയിട്ടുണ്ട്. അത് വളരെയേറെ ഗൌരവമേറിയ കാര്യമാണ്. അങ്ങനെയുള്ള നിങ്ങള്‍ക്ക് ബിസിസിഐ അധ്യക്ഷന്റെ അന്തസ് കാത്തുസൂക്ഷിക്കാനാകുമെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു. കോടതിയുടെ പരാമര്‍ശത്തോടെ ശ്രീനിവാസന്‍ വെട്ടിലായിരിക്കുകയാണ്.

ഐപിഎല്‍ വാതുവയ്പ് സംബന്ധിച്ച മുകുള്‍ മുഗ്ദല്‍ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആരോപണങ്ങളില്‍ നിന്നു തന്നെ കുറ്റവിമുക്തനാക്കുന്നതാണെന്നും ഈ സാഹചര്യത്തില്‍ കോടതി പുറത്താക്കിയ സ്ഥാനത്തേക്കു തിരികെയെത്താന്‍ അനുവദിക്കണമെന്നുമായിരുന്നു ശ്രീനിവാസന്റെ വാദം. ഇതിനെയാണ് രൂക്ഷമായ ചോദ്യങ്ങള്‍ ഉന്നയിച്ച് കോടതി നേരിട്ടത്. ബിസിസിഐ അധ്യക്ഷന്‍ എന്ന നിലയിലുള്ള ശ്രീനിവാസന്റെ ആത്മാര്‍ഥതയെയും കോടതി ചോദ്യം ചെയ്തു. ബിസിസിഐ എന്നതും ഐപിഎല്‍ എന്നതും എങ്ങനെ വേര്‍തിരിച്ചു കാണാനാകുമെന്നും ബിസിസിഐയുടെ ഉപോത്പന്നമാണ് ഐപിഎലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ബിസിസിഐ അധ്യക്ഷന്റെ ഉടമസ്ഥതയിലുള്ള ടീം ഐപിഎലില്‍ കളിക്കുന്നത് എങ്ങനെയാണ്? ഇത് എന്തൊരു വിരോധാഭാസമാണ്? ശ്രീനിവാസനുമായി വളരെ അടുപ്പമുള്ള ആള്‍ക്ക് വാതുവയ്പില്‍ പങ്കുണ്െടന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ഗുരുതരമായ കാര്യമാണ്. അപ്പോള്‍ വാതുവയ്പില്‍ ശ്രീനിവാസന് പങ്കില്ലെന്നും ശ്രീനിവാസന്‍ കുറ്റക്കാരനല്ലെന്നും എങ്ങനെ പറയാന്‍ കഴിയും. ഇതിന് കൂടുതല്‍ അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. ഇതുപോലുള്ള സാഹചര്യങ്ങളില്‍ കുറ്റക്കാര്‍ക്കെതിരേ എങ്ങനെയാണ് ബിസിസിഐ നടപടിയെടുക്കുക? ബിസിസിഐ ഒരേസമയം കള്ളനും പോലീസും കളിക്കുകയാണ്. ഇത് ക്രിക്കറ്റിനെ നശിപ്പിക്കുന്ന നടപടിയാണ്. ബിസിസിഐയുടെ ഇത്തരം നടപടികള്‍ ക്രിക്കറ്റിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തും.


ബിസിസിഐ എന്നത് ഏതെങ്കിലും വ്യക്തിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, ബിസിസിഐയുടെ പക്ഷപാതപരമായ നിലപാടുകള്‍ മൂലമാണ് ക്രിക്കറ്റിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമായതെന്നും നിരീക്ഷിച്ചു. ഇങ്ങനെ പോയാല്‍ സ്റ്റേഡിയത്തില്‍ ഒരാളും ഇല്ലാത്ത അവസ്ഥയുണ്ടാകും. ഇന്ത്യയെ സംബന്ധിച്ചടത്തോളം ക്രിക്കറ്റ് എന്നു പറയുന്നത് ഒരു മതമാണ്. മാന്യന്മാരുടെ കളിയായ ക്രിക്കറ്റിനെ കളങ്കപ്പെടുത്താന്‍ ബിസിസിഐ ശ്രമിക്കരുത്. ഒരേസമയം കള്ളനും പോലീസും കളിക്കുകയാണ് ബിസിസിഐ ചെയ്യുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

ഐപിഎല്‍ വാതുവയ്പ് കേസില്‍ പങ്കുള്ളതായി മുദ്ഗല്‍ സമിതി കണ്െടത്തിയ ക്രിക്കറ്റ് താരങ്ങള്‍ അല്ലാത്തവര്‍ മറുപടി നല്‍കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു.

ഇതനുസരിച്ച് ശ്രീനിവാസന്‍, മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സ് ഉടമകളിലൊരാളായ രാജ് കുന്ദ്ര, ഐപിഎല്‍ സിഇഒ സുന്ദര്‍ രാമന്‍ എന്നിവര്‍ മറുപടി സമര്‍പ്പിച്ചിരുന്നു. കേസില്‍ ഇന്നും വാദം തുടരും.

സച്ചിന്‍ പ്രതികരിച്ചില്ല

മുംബൈ: ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ടു മുദ്ഗല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തയാറായില്ല. പാര്‍ലമെന്റിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ കോടതി അന്തിമ വിധി പ്രഖ്യാപിച്ചിട്ടില്ല. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ തന്നെയാണ്. ഈ അവസരത്തില്‍ ഞാന്‍ പ്രതികരിക്കുന്നത് ശരിയല്ല -സച്ചിന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.