ഓസ്ട്രേലിയ ഒന്നാം റാങ്കില്‍
Monday, November 24, 2014 11:57 PM IST
സിഡ്നി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ രണ്ടു വിക്കറ്റിന്റെ ജയം നേടി ഓസ്ട്രേലിയ ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് വീണ്ടുമെത്തി. പരമ്പരയില്‍ ഓസ്ട്രേലിയയുടെ നാലാം ജയമായിരുന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യ ഓസ്ട്രേലിയയെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയിരുന്നു. എന്നാല്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര 4-1നു സ്വന്തമാക്കി ഓസ്ട്രേലിയ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ഇതോടെ ലോകകപ്പില്‍ ഓസ്ട്രേലിയ ഒന്നാം റാങ്ക് ടീമായി കളിക്കുമെന്ന് ഉറപ്പായി. ഓസ്ട്രേലിയയ്ക്കും ഇന്ത്യക്കും 117 പോയിന്റ് വീതമാണുള്ളത്. 112 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാം റാങ്കില്‍.

അഞ്ചാം ഏകദിനം മഴയെത്തുടര്‍ന്ന് തടസപ്പെട്ടതോടെ ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഓസീസിന്റെ ജയം നിര്‍ണയിച്ചത്. സ്കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 280. ഓസ്ട്രേലിയ 47.1 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 275. ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയുടെ ലക്ഷ്യം 48 ഓവറില്‍ 275 ആയി പുനര്‍നിര്‍ണയിക്കുകയായിരുന്നു.


ക്വിന്റണ്‍ ഡികോക്കിന്റെ (107) സെഞ്ചുറിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്ക 280 റണ്‍സ് നേടി. റിലീ റോസോ (51), ഫര്‍ഹാന്‍ ബെഹാര്‍ഡിന്‍ (63) എന്നിവര്‍ ഡികോക്കിന് മികച്ച പിന്തുണ നല്കി. ഡെയ്ല്‍ സ്റെയിന്‍ എബി ഡിവില്യേഴ്സ് എന്നിവരില്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കുവേണ്ടി ആരോണ്‍ ഫിഞ്ച് (76), ഷെയ്ന്‍ വാട്സണ്‍ (82), സ്റീവന്‍ സ്മിത്ത് (67) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. എന്നാല്‍, മധ്യനിര പൊടുന്നനെ നിലംപൊത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക ജയം മണത്തു. എന്നാല്‍, അഞ്ചു പന്തും രണ്ടു വിക്കറ്റും ബാക്കിനില്‍ക്കേ ആതിഥേയര്‍ ജയത്തിലെത്തി.

ഡികോക്കാണ് മാന്‍ ഓഫ് ദ മാച്ച്. ഒരു സെഞ്ചുറിയടക്കം നാലു മത്സരങ്ങളില്‍നിന്ന് 254 റണ്‍സ് നേടിയ സ്റീവന്‍ സ്മിത്താണ് മാന്‍ ഓഫ് ദ സീരീസ്. നാലു മത്സരങ്ങളില്‍നിന്ന് 271 റണ്‍സ് നേടിയ ഡിവില്യേഴ്സാണ് പരമ്പരയിലെ ടോപ് സ്കോറര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.