ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: മുംബൈയില്‍ ചെന്നൈയിന്‍ ധമാക്ക
Monday, November 24, 2014 11:55 PM IST
മുംബൈ: ആവേശോജ്വല പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്സിയെ അവരുടെ തട്ടകത്തില്‍ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കി ചെന്നൈയിന്‍ എഫ്സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തലപ്പത്തു തുടരുന്നു. ഗോള്‍ പിറക്കാത്ത 70 മിനിറ്റിനു ശേഷമായിരുന്നു മുംബൈയുടെ കഥകഴിച്ച ചെന്നൈയിന്‍ ഗോളുകള്‍ ഡിവൈ പാട്ടീല്‍ സ്റേഡിയത്തില്‍ പിറന്നത്. ഇതോടെ 10 മത്സരങ്ങളില്‍നിന്ന് 19 പോയിന്റുമായി ചെന്നൈയിന്‍ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ ഡി കോല്‍ക്കത്തയേക്കാള്‍ മൂന്നു പോയിന്റ് മുന്നിലെത്തി. 10 മത്സരങ്ങളില്‍നിന്ന് 16 പോയിന്റുമായി അത്ലറ്റിക്കോ ഡി കോല്‍ക്കത്ത രണ്ടാം സ്ഥാനത്തുണ്ട്. 15 പോയിന്റുമായി കേരള ബ്ളാസ്റേഴ്സാണ് മൂന്നാം സ്ഥാനത്ത്. 12 പോയിന്റുമായി എഫ്സി ഗോവ, എഫ്സി പൂന സിറ്റി, മുംബൈ സിറ്റി എഫ്സി എന്നിവ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലാണ്.

മത്സരത്തിന്റെ തുടക്കം മുതല്‍ മുംബൈക്കാര്‍ ചെന്നൈയുടെ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തി. എന്നാല്‍, കടുകട്ടി പ്രതിരോധം തീര്‍ത്ത് ചെന്നൈയിന്‍ നിലയുറപ്പിച്ചു. ഇരു ടീമുകളും എതിരാളിയുടെ ഗോള്‍മുഖത്തേക്ക് തുടര്‍ച്ചയായി ആക്രമിച്ചു കയറിയതോടെ ഏതു നിമിഷവും ഗോള്‍ പിറക്കുമെന്നു തോന്നിപ്പിച്ചു. ആദ്യ പകുതിയില്‍ മുംബൈക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍, ഫിനിഷിംഗിലെ പിഴവ് മുംബൈക്ക് ഗോള്‍ നിഷേധിച്ചു. രണ്ടാം പകുതിയില്‍ പതുക്കെ ചെന്നൈ തിരിച്ചടി തുടങ്ങി. 71-ാം മിനിറ്റില്‍ ബ്രസീല്‍ താരം ബ്രൂണോ പെലിസാരി ചെന്നൈക്കുവേണ്ടി വലകുലുക്കി. പത്തു മിനിറ്റിനുശേഷം ഇന്ത്യന്‍ താരം ഡനയും ഗോള്‍ നേടിയതോടെ മുംബൈയുടെ വിധി നിര്‍ണയിക്കപ്പെട്ടു. ഒടുവില്‍, പകരക്കാരനായെത്തിയ സ്പാനിഷ് താരം ക്രിസ്റ്യന്‍ 89-ാം മിനിറ്റില്‍ ചെന്നൈയുടെ മൂന്നാം ഗോളും സ്വന്തമാക്കി.


ഇന്നത്തെ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ് യുണൈറ്റഡ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. രാത്രി ഏഴിനാണു മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.