ദേശീയ ഗെയിംസ്: കേരളമൊരുങ്ങുന്നു 16 ഇനങ്ങളുടെ പരിശീലന ക്യാമ്പ് ആരംഭിച്ചു
ദേശീയ ഗെയിംസ്: കേരളമൊരുങ്ങുന്നു 16 ഇനങ്ങളുടെ പരിശീലന ക്യാമ്പ് ആരംഭിച്ചു
Saturday, November 22, 2014 11:36 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം മണ്ണില്‍ നടക്കുന്ന 35-ാം ദേശീയ ഗെയിംസില്‍ മലയാളി താരങ്ങള്‍ മെഡല്‍ കൊയ്ത്ത് ലക്ഷ്യമിട്ടുള്ള പരിശീലനത്തിനു തുടക്കമായി. 16 കായിക ഇനങ്ങളിലാണ് ഇപ്പോള്‍ പരിശീലനം തുടങ്ങിയത്.

സ്പോര്‍ട്സ് കൌണ്‍സിലിന്റെ നേതൃത്വത്തിലാണ് സംസ്ഥാന ടീമിന്റെ പരിശീലന ക്യാമ്പുകള്‍ നടക്കുന്നത്. മലയാളി താരങ്ങള്‍ എപ്പോഴും മുന്നിലെത്താറുള്ള അത്ലറ്റിക്സിന്റെ ക്യാമ്പുകള്‍ ജനുവരിയില്‍ ആരംഭിക്കും.

ബാസ്കറ്റ്ബോള്‍- ഇന്‍ഡോര്‍ സ്റ്റേഡിയം കടവന്ത്ര, സെന്‍ട്രല്‍ സ്റ്റേഡിയം ,സൈക്ളിംഗ്-കഴക്കൂട്ടം റോഡ്, ടേബിള്‍ ടെന്നീസ്-വൈഎംസിഎ ആലപ്പുഴ, റഗ്ബി, -മുക്കോല, വിഴിഞ്ഞം, ടെന്നീസ്-ടെന്നീസ് ക്ളബ് തിരുവനന്തപുരം, ബോക്സിംഗ്-സായി കൊല്ലം, എല്‍എന്‍സിപിഇ തിരുവനന്തപുരം, കബഡി -സായ് കൊല്ലം, ഖോ-ഖോ -കാലിക്കട്ട് യൂണിവേഴ്സിറ്റി സ്റ്റേഡിയം, കനോയിംഗ്, കയാക്കിംഗ്- സായി ആലപ്പുഴ ,വെയ്റ്റ് ലിഫ്റ്റിംഗ് -അക്വാട്ടിക് കോംപ്ളക്സ് തൃശൂര്‍, ഫെന്‍സിംഗ് -തലശേരി സായ് സെന്റര്‍, തായ്ക്വാണ്ടാ - ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍, ആര്‍ച്ചറി പെരിംകുളം പുഞ്ച പെരുമ്പാവൂര്‍, നെറ്റ് ബോള്‍- യുസി കോളജ് ആലുവ, വുഷു -ശംഖുമുഖം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.

ഭക്ഷണം, താമസം, കായിക ഉപകരണങ്ങള്‍ തുടങ്ങി എല്ലാവിധ അടിസ്ഥാന സൌകര്യങ്ങള്‍ക്കും ഫണ്ട് അനുവദിക്കുന്നതും മേല്‍നോട്ടം വഹിക്കുന്നതും സ്പോര്‍ട്സ് കൌണ്‍സില്‍ മുഖേനെയാണ്. ഇപ്പോള്‍ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുള്ള 16 ഇനങ്ങള്‍ക്കു പുറമേ ബാക്കിയുള്ള 17 ഇനങ്ങളില്‍ സീനിയര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തിയാകുതിനനുസരിച്ച് ക്യാമ്പുകള്‍ ആരംഭിക്കും. പി.ജെ. സെബാസ്റ്യന്‍, ആന്റണി സ്റീഫന്‍ എന്നീ പരിശീലകരുടെ നേതൃത്വത്തില്‍ 48 താരങ്ങളാണ് ബാസ്കറ്റ് ബോള്‍ ക്യാമ്പിലുള്ളത്. പുരുഷ, വനിതാ വിഭാഗങ്ങളിലായി 32 താരങ്ങളടങ്ങുന്നതാണ് സൈക്ളിംഗ് ടീമിന്റെ പരിശീലന ക്യാമ്പ്.

സൂരജ്, മെബിന്‍, ചന്ദ്രന്‍ ചെട്ടിയാര്‍ എിവരാണ് സൈക്ളിംഗ് പരിശീലകര്‍. തേജേഷ് കുമാര്‍ ദത്ത, ജോബിന്‍ ജെ. ക്രിസ്റി എന്നീ പരിശീലകരുടെ കീഴില്‍ 13 താരങ്ങളാണ് ടേബിള്‍ ടെന്നീസിന് പരിശീലിക്കുന്നത്. പുരുഷ, വനിത വിഭാഗത്തില്‍ 60 പേര്‍ റഗ്ബി ക്യാമ്പിലുണ്ട്. മഹേഷ് കുമാറാണ് പരിശീലകന്‍. കൊല്ലം സായിയില്‍ പുരുഷവിഭാഗം ബോക്സിംഗില്‍ 19 പേരും തിരുവനന്തപുരം എല്‍എന്‍സിപിയില്‍ വനിതാ വിഭാഗത്തില്‍ 11 പേരും ക്യാമ്പില്‍ അംഗങ്ങളാണ്. ബിജിലാല്‍, ചന്ദ്രലാല്‍ എന്നിവരാണു പരിശീലകര്‍. കബഡിയില്‍ വനിതാ വിഭാഗത്തില്‍ 24 പേരും പുരുഷവിഭാഗത്തില്‍ 22 പേരും ക്യാമ്പിലുണ്ട്. ഉദയകുമാറും മഞ്ജിത്തുമാണ് പരിശീലകര്‍.


കാലിക്കട്ട് യൂണിവേഴ്സിറ്റി ഗ്രൌണ്ടില്‍ നടക്കുന്ന ഖോ-ഖോ ക്യാമ്പില്‍ 19 പുരുഷതാരങ്ങളും 23 വനിതാ താരങ്ങളുമാണു പങ്കെടുക്കുന്നത്. സി.ജയന്‍, ഷോബി എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്. യു.ആര്‍.അഭയിന്റെ പരിശീലനത്തില്‍ കനോയിംഗ് കയാക്കിംഗ് വിഭാഗത്തില്‍ 45 താരങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു.

വെയ്റ്റ്ലിഫ്റ്റിംഗില്‍ 27 താരങ്ങളും ഫെന്‍സിംഗില്‍ 30 താരങ്ങളുമാണ് പരിശീലന ക്യാമ്പിലുള്ളത്. വെയ്റ്റ്ലിഫ്റ്റിംഗില്‍ ഹാര്‍ബിന്‍ സി.ലോനപ്പനും ചിത്ര ചന്ദ്രമോഹനും ഫെന്‍സിംഗില്‍ വി.കെ.ഷീജയും സാഗര്‍ലാഗുവുമാണ് പരിശീലകര്‍. രാമചന്ദ്രന്‍, ഷാജി എന്നിവരുടെ പരിശീലനത്തില്‍ തായ്ക്വോണ്േടായില്‍ 38 പേരും ആര്‍ച്ചറിയില്‍ 48 പേരും ക്യാമ്പില്‍ അംഗങ്ങളാണ്. ആര്‍ച്ചറിയില്‍ ഗോഗുല്‍ നാഥും ഒ.ആര്‍.രഞ്ജിത്തുമാണ് പരിശീലകര്‍. തിരുവനന്തപുരം ടെന്നീസ് ക്ളബില്‍ ടെന്നീസ് പരിശീലന ക്യാമ്പ് രണ്ടാം ഘട്ടത്തിലാണ്.

പരിശീലകന്‍ ബിജു മണിയുടെ നേതൃത്വത്തില്‍ 12 വനിതാ താരങ്ങളും 12 പുരുഷ താരങ്ങളും ക്യാമ്പിലുണ്ട്. ശംഖുമുഖത്ത് ആരംഭിച്ച വുഷു പരിശീലന ക്യാമ്പില്‍ ആദ്യഘട്ടത്തില്‍ 30 താരങ്ങളാണ് പങ്കെടുക്കുന്നത്. സൂര്യകാന്ത്, സാജ്, ബൈജു എന്നിവരാണ് വുഷു പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തിനായി മികച്ച മെഡല്‍ നേട്ടം ദേശീയ ഗെയിംസില്‍ സ്വന്തമാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് കായികതാരങ്ങളും പരിശീലകരും ഒരേ സ്വരത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.