കോല്‍ക്കത്തയ്ക്കെതിരേ ബ്ളാസ്റേഴ്സിന് തകര്‍പ്പന്‍ ജയം
കോല്‍ക്കത്തയ്ക്കെതിരേ ബ്ളാസ്റേഴ്സിന് തകര്‍പ്പന്‍ ജയം
Saturday, November 22, 2014 11:30 PM IST
ബിജോ സില്‍വറി

കൊച്ചി: ബ്രസീലില്‍നിന്നെത്തിയ 21കാരന്‍ പെഡ്രോ ഗുസ്മാവോ കേരളത്തിന്റെ വിജയനക്ഷത്രമായി. ഒരു ഗോള്‍ അടിക്കുകയും ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്ത പെഡ്രോ ഗുസ്മാവോയുടെ മികവില്‍ കരുത്തരായ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയ്ക്കെതിരേ കേരളത്തിനു വിജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കോല്‍ക്കത്ത അടിയറവ് പറഞ്ഞു.

ലൂയിസ് ഗാര്‍സ്യ കോല്‍ക്കത്തയ്ക്കു വേണ്ടി കളിയുടെ അന്ത്യനിമിഷത്തില്‍ നേടിയ ഗോള്‍ റഫറി റവ്ഷാന്‍ ഇര്‍മത്തോവ് അനുവദിച്ചിരുന്നെങ്കില്‍ ഇന്നലെ കേരള ബ്ളാസ്റ്റേഴ്സിന് സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നേനെ. അറുപതിനായിരത്തോളം കാണികള്‍ നിറഞ്ഞ കലൂര്‍ സ്റ്റേഡിയത്തില്‍ പക്ഷേ ഇന്നലെ ബ്ളാസ്റേഴ്സിന്റെ ദിവസമായിരുന്നു.

കേരളത്തെ തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ കൊച്ചിയിലെത്തിയ കോല്‍ക്കത്തയ്ക്ക് ഇന്നലെ ദിവസം മോശമായിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഇയാന്‍ ഹ്യൂം നേടിയ ഗോളിലൂടെ ബ്ളാസ്റ്റേഴ്സ് സന്ദര്‍ശകരെ ഞെട്ടിച്ചു. 42-ാം മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായി വീണ്ടും ബ്ളാസ്റേഴ്സ് കോല്‍ക്കത്തയുടെ വല കുലുക്കി. ഗുസ്മാവോവിന്റെ വകയായിരുന്നു ഗോള്‍. രണ്ടാം പകുതിയുടെ 55-ാം മിനിറ്റില്‍ ബ്ളാസ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്നും ഫിക്രു കോല്‍ക്കത്തയുടെ ഗോള്‍ കണ്െടത്തി. ഗോളാകുമായിരുന്ന അരഡസന്‍ സന്ദര്‍ഭങ്ങളെങ്കിലും ബ്ളാസ്റ്റേഴ്സ് ഗോളിയും മാര്‍കി താരവുമായ ഡേവിഡ് ജയിംസ് പരാജപ്പെടുത്തി. കളിയുടെ അവസാന നിമിഷങ്ങളില്‍ ഇരു ടീമും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. ആറു മഞ്ഞക്കാര്‍ഡുകളാണ് മത്സരത്തില്‍ കണ്ടത്. ഈ വിജയം പോയിന്റ് പട്ടികയില്‍ ബ്ളാസ്റേഴ്സിന്റെ സ്ഥാനം മെച്ചപ്പെടുത്തിയില്ലെങ്കിലും തൊട്ടു പിന്നിലുള്ള എതിരാളികളേക്കാള്‍ മുന്നിലെത്താന്‍ സഹായകരമായി. 15 പോയിന്റോടെ ബ്ളാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തു തുടരുന്നു. 16 പോയിന്റുള്ള കോല്‍ക്കത്ത ഗോള്‍ ശരാശരിയില്‍ ചെന്നൈയിന്‍ എഫ്സിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ്.

കഴിഞ്ഞ തവണ ഇരു ടീമും തമ്മില്‍ കോല്‍ക്കൊത്തയില്‍ നടന്ന ആദ്യ മത്സരം 1-1 സമനിലയിലായിരുന്നു. 26-ന് എഫ്സി ഗോവയ്ക്കെതിരേ ഗോവയിലാണ് ബ്ളാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. മുപ്പതിന് ചെന്നൈയിന്‍ എഫ്സിയേയും ഡിസംബര്‍ നാലിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും ഒമ്പതിന് പൂനയെയും കേരളം കൊച്ചിയില്‍ നേരിടും.

പതിഞ്ഞ താളത്തിലായിരുന്നു കളിയുടെ തുടക്കം. ആദ്യമുന്നേറ്റങ്ങളുണ്ടായത് കോല്‍ക്കത്തയുടെ ഭാഗത്തു നിന്നുമായിരുന്നു. ജോഫ്രിയുടെ ഒരു ക്രോസ് പുറത്തേക്കാണ് പോയത്. തൊട്ടടുത്ത നിമിഷത്തില്‍ ബ്ളാസ്റ്റേഴ്സിന്റെ പെനാല്‍റ്റി ബോക്സില്‍ കയറിയ ഫിക്രുവിന്റെ ദുര്‍ബലമായ ഷോട്ട് ഡേവിഡ് ജയിംസ് അനായാസം കൈയിലൊതുക്കി. നാലാമാത്തെ മിനിറ്റില്‍ ബ്ളാസ്റ്റേഴ്സ് കോല്‍ക്കത്തക്കാരെ ഞെട്ടിച്ചു. ഗുസ്മാവോ മിന്നും ഡ്രിബിളിംഗിനവസാനം നല്‍കിയ സുന്ദരന്‍ ക്രോസ് കോല്‍ക്കത്തയുടെ പ്രതിരോധ നിരക്കാരുടെ ഇടയിലൂടെ ഇയാന്‍ ഹ്യൂം ഗോളിക്ക് തിരിച്ചു വിട്ടു. സ്ഥാനം തെറ്റി നിന്ന സുഭാഷിഷ് റോയ് ചൌധരിക്ക് ഒന്നും ചെയ്യാനുണ്ടായില്ല. ഗോള്‍ വരയ്ക്ക് തൊട്ടരികില്‍ നിന്നിരുന്ന പിയേഴ്സണ്‍ തന്റെ കാല്‍ ഉയര്‍ത്തിയതോടെ അനായാസം ആദ്യഗോള്‍ പിറന്നു.

ഗോള്‍ മടക്കാനുള്ള കോല്‍ക്കത്തയുടെ ഊര്‍ജിത ശ്രമങ്ങള്‍ തുടര്‍ന്നുണ്ടായി. ഫിക്രുവിന്റെ മറ്റൊരു ഷോട്ട് കൂടി ജയിംസ് പരാജയപ്പെടുത്തി. ബോര്‍ജയും ഫിക്രുവും ചേര്‍ന്നുള്ള മറ്റൊരു നീക്കത്തിനൊടുവില്‍ ലെസ്ററിന് പന്ത് കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പത്താം മിനിറ്റില്‍ ബ്ളാസ്റേഴ്സിന്റെ ഒരു പ്രത്യാക്രമണം വീണ്ടും. ഫ്രാങ്കോയുടെ നല്ലൊരു ക്രോസ് മിലാഗ്രസ് കണക്ട് ചെയ്യുന്നതിനു മുമ്പ് ജോസ്മി അടിച്ചകറ്റി. കോല്‍ക്കൊത്തയുടെ ബല്‍ജിത്ത് സാഹ്നിയുടെ അപകടകരമായ മറ്റൊരു നീക്കം പിയേഴ്സണ്‍ പരാജയപ്പെടുത്തി.

പതിനേഴാം മിനിറ്റില്‍ ജോഫ്രിയും അര്‍ണല്‍ കാബ്രോയും ചേര്‍ന്നു നടത്തിയ മുന്നേറ്റത്തില്‍ നിന്ന് ബ്ളാസ്റ്റേഴ്സ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അടുത്ത നിമിഷം കോല്‍ക്കത്തയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്കില്‍ ജോഫ്രി തലവയ്ക്കുന്നതിനു മുമ്പ് മിലാഗ്രസ് അപകടമൊഴിവാക്കി. 21-ാം മിനിറ്റിലും കോല്‍ക്കത്തയ്ക്ക് കോര്‍ണര്‍ ലഭിച്ചു. ഇത്തവണ നാറ്റോയുടെ ഹെഡര്‍ പുറത്തേക്കാണ് പോയത്. 25-ാം മിനിറ്റില്‍ ബോര്‍ജയുടെ അപകടകരമായ ഒരു ക്രോസ് ഫിക്രുവിന് ലഭിക്കും മുമ്പ് മിലാഗ്രാസ് അടിച്ചകറ്റി. തൊട്ടടുത്ത നിമിഷം ബോക്സിനുളളില്‍ നിന്ന് ഫിക്രുവിന്റെ മനോഹരമായൊരു ബൈസിക്കിള്‍ കിക്ക്. ഗുര്‍വീന്ദറിന്റെയും ജിങ്കന്റേയും ഇടയിലൂടെ കടന്നെങ്കിലും ഷോട്ട് ഗോള്‍ പോസ്റ്റിനു മുകളിലൂടെ പോയി.

ബ്ളാസ്റ്റേഴ്സിന്റെ ഊഴമായിരുന്നു പിന്നീട്. ഇടതുവിംഗിലൂടെ പന്തുമായെത്തിയ പിയേഴ്സണ്‍, മോഹന്‍രാജിനെ വെട്ടിച്ച് പന്ത് ഹ്യൂമിനു കൈമാറാന്‍ ശ്രമിച്ചെങ്കിലും നാറ്റോ വിഫലമാക്കി. മറുഭാഗത്ത് ജോഫ്രിയുടെ മറ്റൊരു ക്രോസും കണക്ട് ചെയ്യാന്‍ ആളുണ്ടായില്ല. 32-ാം മിനിറ്റില്‍ ജോഫ്രിയെ ജിങ്കന്‍ ഫൌള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് പാഴായി. 36-ാം മിനിറ്റില്‍ പെഡ്രോ ഗുസ്മാവോ കോല്‍ക്കത്തയുടെ ബോക്സിനുള്ളില്‍ കടന്നു കയറി ഷോട്ട് തൊടുത്തെങ്കിലും സൌമിക് ദേ തടുത്തു. നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ ബ്ളാസ്റേഴ്സിന്റെ നിര്‍ണായകമായ സബ്റ്റിറ്റ്യൂഷന്‍. റാഫേല്‍ റോമിക്കു പകരം പെന്‍ ഓര്‍ഗി കളത്തിലിറങ്ങി. തൊട്ടടുത്ത നിമിഷം ബ്ളാസ്റ്റേഴ്സ് വീണ്ടും കോല്‍ക്കത്തയുടെ വല കുലുക്കി. വലതു വിംഗിലൂടെ മുന്നേറിയ ജിങ്കന്‍ മിലാഗ്രസിനു നല്‍കിയ ക്രോസ് ഹെഡ് ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പന്ത് കിട്ടിയ ഗുസ്മാവോവിന്റെ ഷോട്ട് ഇത്തവണ സുഭാഷിഷിനെ കബളിപ്പിച്ചു.(2-0).


രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഹ്യൂമിന്റെയും മിലാഗ്രസിന്റെയും ഗോള്‍ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല. അര്‍ണബ് മൊണ്ഡാലും ജോസേമിയും അപകടം ഒഴിവാക്കി.

രണ്ടാം പകുതി കോല്‍ക്കത്തയുടെ ആക്രമണങ്ങളിലൂടെയാണ് ആരംഭിച്ചത്. ലൂയിസ് ഗാര്‍സ്യ മധ്യനിരയില്‍ എത്തിയതോടെ അവരുടെ നീക്കങ്ങള്‍ കുറേക്കൂടി ആസൂത്രിതമായി. അമ്പതാം മിനിറ്റില്‍ ഫിക്രു ബ്ളാസ്റേഴ്സിന്റെ ബോക്സിനുള്ളിലേക്ക് ഓടിക്കയറിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ജോഫ്രിയെടുത്ത കോര്‍ണര്‍ കിക്കും ബ്ളാസ്റേഴ്സ് ഗോള്‍മുഖത്ത് അപകട ഭീഷണിയുണര്‍ത്തി. നാറ്റോയുടെ ഹെഡര്‍ പുറത്തേക്കാണ് പോയത്. അര്‍ണബ് ഹ്യമിനെ ഫൌള്‍ ചെയ്തതിന് ബോക്സിനു 33 മീറ്റര്‍ അകലെ നിന്നു ലഭിച്ച ഫ്രീകിക്ക് പിയേഴ്സണ് പ്രയോജനപ്പെടുത്താനായില്ല.

55-ാം മിനിറ്റില്‍ ഗാലറിയെ നിശബ്ദമാക്കി കോല്‍ക്കത്ത ഒരു ഗോള്‍ മടക്കി. കിന്‍ഷുക് ദേബാന്ത് വലതുവിംഗിലൂടെ കയറി ബോക്സിനുള്ളിലേക്ക് നീട്ടിയ പന്ത് ക്ളിയര്‍ ചെയ്യാന്‍ ഹെംഗ്ബര്‍്ത്തിനു കഴിഞ്ഞില്ല. ഫിക്രു അവസരം നഷ്ടപ്പെടുത്തിയില്ല. ജയിംസിനെ കബളിപ്പിച്ച് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്തു കയറി. പിന്നീട് കളി മധ്യനിരയില്‍ കേന്ദ്രീകരിച്ചു. ഗോള്‍ മടക്കാന്‍ കോല്‍ക്കത്ത തുടര്‍ച്ചയായി ശ്രമിച്ചു കൊണ്ടിരുന്നു. 82-ാം മിനിറ്റില്‍ ഗാര്‍സ്യയെ സൌമിക് ദേ ബോക്്സിനുള്ളില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി വേണമെന്ന് കോല്‍ക്കത്തക്കാര്‍ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. എക്സ്ട്രാ ടൈമില്‍ ലൂയിസ് ഗാര്‍സ്യയിലൂടെ കോല്‍ക്കത്ത സമനിലഗോള്‍ കണ്െടത്തിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. റീ പ്ളേയില്‍ പന്ത് ഗോള്‍ വര കടക്കുന്നത് വ്യക്തമായിരുന്നു.

കാളക്കരുത്തുമായി കോല്‍ക്കത്ത

ബ്ളാസ്റ്റേഴ്സിനെതിരേ സ്പെയിന്റെ കരുത്തുമായാണ് അറ്റ്ലറ്റികോ ഡി കോല്‍ക്കത്ത ആദ്യ ഇലവനെ ഇറക്കിയത്. സൂപ്പര്‍താരം ലൂയിസ് ഗാര്‍സ്യ പകരക്കാരനായപ്പോള്‍ ആദ്യ ഇലവനില്‍ ക്യാപ്റ്റന്‍ ജോസ്മി ഉള്‍പ്പെടെ നാലു പേര്‍ സ്പെയിനില്‍ നിന്നുളളവരായിരുന്നു. മധ്യനിരയിലെ ജോഫ്രിയും ബോര്‍ജ ഫെര്‍ണാണ്ടസും മുന്നേറ്റനിരയില്‍ അര്‍ണല്‍ കാര്‍ബോയും സ്പെയിനിലെ വിവിധ ക്ളബ്ബുകള്‍ക്ക് ബൂട്ട് കെട്ടിയിട്ടുള്ളവരാണ്. എത്യോപ്യന്‍ താരം ഫിക്രുവും ബോട്സ്വാനിയില്‍ നിന്നുള്ള ഒന്റെസെ നാറ്റോയുമാണ് അനുവദിക്കപ്പെട്ട ആറു വിദേശികളില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുണ്ടായവര്‍. ബ്ളാസ്റേഴ്സിന് രണ്ടു ഫ്രഞ്ചുകാരാണ് ആദ്യഇലവനില്‍ ഉണ്ടായിരുന്നത്.

പ്രതിരോധ നിരയിലെ സെഡ്രിക് ഹെംഗേബര്‍ത്തും റാഫേല്‍ റോമിയും. ബ്രസീലില്‍ നിന്നുള്ള പെഡ്രോ ഗുസ്മാവോ, കാനഡക്കാരന്‍ ഇയാന്‍ ഹ്യൂം, സ്കോട്ടിഷ് താരം സ്റ്റീഫന്‍ പിയേഴ്സണ്‍, മാര്‍കി താരം ഇംഗ്ളണ്ടിന്റെ ഡേവിഡ് ജയിംസ് എന്നിവരായിരുന്നു ബ്ളാസ്റേഴ്സിന്റെ വിദേശ താരങ്ങള്‍. കഴിഞ്ഞ കളികളില്‍ ബ്ളാസ്റേഴ്സിനുവേണ്ടി ഗോളടിച്ച പെന്‍ ഓര്‍ഗിയും കോല്‍ക്കത്തയ്ക്കു വേണ്ടി ഗോള്‍ കണ്െടത്തിയ ലൂയീസ് ഗാര്‍സ്യയും ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല. മലയാളി താരങ്ങളായ സി.എസ്. സബീത്തിനും സുശാന്ത് മാത്യുവിനും ബ്ളാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ സ്ഥാനം കണ്െടത്താനായില്ല. 4-3-3 ശൈലിയിലായിരുന്നു ബ്ളാസ്റ്റേഴ്്സെങ്കില്‍ 4-2-3-1 ശൈലിയായിരുന്നു കോല്‍ക്കത്തയുടേത്.

കൊച്ചിയില്‍ കാണികള്‍ 57,296!

കൊച്ചി: ഇന്നലെ റിക്കാര്‍ഡ് ജനക്കൂട്ടമാണ് കളി കാണാന്‍ നെഹ്റു സ്റ്റേഡിയത്തിലെത്തിയത്. 57296 പേരാണ് ഇന്നലെ കൊച്ചിയില്‍ കളി കണ്ടത്. കാണികളുടെ എണ്ണത്തില്‍ ഐഎസ് എലിലെ തന്നെ ഏറ്റവും കൂടിയ പങ്കാളിത്തങ്ങളിലൊന്നായിരുന്നു ഇന്നലത്തേത്. ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ ബ്ളാസ്റേഴ്സ് ആരാധകര്‍ സ്റേഡിയത്തിലെത്തിക്കൊണ്ടിരുന്നു. പതിവുപോലെ ജഴ്സി വില്‍പ്പനക്കാരും കുഴല്‍വാദ്യക്കാരും ചെണ്ട മേളക്കാരും സജീവമായിരുന്നു. അഞ്ചു മണിയോടെയാണ് കോല്‍ക്കത്തയുടെ ആരാധകര്‍ കൂട്ടമായി എത്താന്‍ തുടങ്ങിയത്. കൊച്ചിയിലും പരിസരത്തും ജോലി ചെയ്യുന്ന അന്യസംസ്ഥാനക്കാരായിരുന്നു ഇവരില്‍ ഭൂരിപക്ഷവും. കേരള ബ്ളാസ്റേഴ്സിന് ഗാലറികളില്‍ ആദ്യമായി കനത്ത വെല്ലുവിളി. അത്ലറ്റിക്കോ ഡി കോല്‍ക്കത്തയുടെ പ്രസിദ്ധമായ സ്പാനിഷ് ജഴ്സിയണിഞ്ഞ് ഗാലറികളില്‍ പ്രത്യക്ഷപ്പെട്ടത് ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്കയായ കോല്‍ക്കത്തയില്‍ നിന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തൊഴിലാളികളാണ്. സച്ചിന്റെ ടീമിന്റെ ആരാധകരോടൊപ്പം കിടപിടിക്കാവുന്ന ശക്തിയായില്ലെങ്കിലും ഗാംഗുലിയുടെ ടീമും മോശമാക്കിയില്ല. കോല്‍ക്കത്തയുടെ നീക്കങ്ങളെ ഓരോ നിമിഷവും അവര്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നത് കളിയുടെ ചൂട് ഗാലറികളിലേക്കും പടരാന്‍ കാരണമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.