ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ 2016ല്‍
Friday, November 21, 2014 11:09 PM IST
ന്യൂഡല്‍ഹി: ബുദ്ധ സര്‍ക്യൂട്ടില്‍ വീണ്ടും ഫോര്‍മുല വണ്‍ കാറുകളുടെ മുരള്‍ച്ചയ്ക്കു കളമൊരുങ്ങുന്നു. എന്നാല്‍ ഒന്നരവര്‍ഷത്തോളം കാത്തിരിക്കണമെന്നുമാത്രം. ഫോര്‍മുല വണ്‍ ബോസ് ബ്രെണി എക്ളെസ്റ്റണും ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയുടെ മുഖ്യ സംഘാടകരായ ജെപി സ്പോര്‍ട്സ് ഇന്റര്‍നാഷണലുമായുള്ള സംഭാഷണത്തിലാണ് 2016ല്‍ ഇന്ത്യക്കു ഗ്രാന്‍ഡ്പ്രീ സര്‍ക്യൂട്ട് ലഭിക്കാന്‍ സാധ്യതയുണ്െടന്ന് തെളിഞ്ഞത്. ഫോര്‍മുല വണ്‍ ബോസ്തന്നെയാണ് ഇക്കാര്യമറിയിച്ചത്.

കഴിഞ്ഞ മാസം റഷ്യയിലെ സോച്ചിയില്‍ നടന്ന പ്രഥമ റഷ്യന്‍ ഗ്രാന്‍ഡ് പ്രീയുടെ ഉദ്ഘാടനവേളയിലാണ് ഇരുകൂട്ടരും സംഭാഷണം നടത്തിയത്. 2011 ല്‍ ആരംഭിച്ച ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ മൂന്നുവര്‍ഷം സുഗമമായി നടന്നു. എന്നാല്‍ 2014ലെ ഫോര്‍മുല വണ്‍ കലണ്ടറില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കി. ഇന്ത്യയില്‍ കനത്തനികുതിഭാരമാണെന്നും മറ്റും കാരണം പറഞ്ഞാണ് ഫോര്‍മുല വണ്‍ സീസണില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയത്. 2015ലും ഇന്ത്യയില്‍ കാറോട്ടമില്ലെന്നു നേരത്തെതന്നെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.