കറുപ്പില്‍ ആനന്ദിനു സമനില
കറുപ്പില്‍ ആനന്ദിനു സമനില
Friday, November 21, 2014 11:06 PM IST
ടി.കെ. ജോസഫ് പ്രവിത്താനം

റഷ്യയിലെ സോച്ചിയില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് പരമ്പരയിലെ ഒന്‍പതാം ഗെയിം, ഇതുവരെ നടന്നകളികളിലെ ഏറ്റവും കുറഞ്ഞ നീക്കങ്ങളില്‍ സമനിലയില്‍ അവസാനിച്ച ഗെയിമായി. കറുത്ത കരുക്കളുമായി കളിച്ച ആനന്ദ്, കാള്‍സന്റെ കിംഗ് പോണ്‍ ഓപ്പണിംഗിനെതിരേ ബര്‍ലിന്‍ മതില്‍ എന്നറിയപ്പെടുന്ന പ്രതിരോധംതന്നെ സ്വീകരിച്ചു. ഈ പ്രതിരോധത്തില്‍ ക്വീനുകള്‍ തമ്മില്‍ പ്രാരംഭനീക്കങ്ങളില്‍ത്തന്നെ വെട്ടിമാറ്റപ്പെടും. ബ്ളാക്കിന് കാസില്‍ ചെയ്യാനുള്ള അവസരം നഷ്ടമാകും. സി ഫയലില്‍ ഡബിള്‍ പോണ്‍ വരികയും ചെയ്താലും കളി സമനിലയില്‍ എത്തിക്കാന്‍ ബ്ളാക്കിനെ സഹായിക്കുന്ന പ്രതിരോധമായി ഇതിനെ കണക്കാക്കുന്നു. എന്നാല്‍, ഈ പ്രതിരോധം നടത്തിയ രണ്ടാം ഗെയിമില്‍ ആനന്ദ് പരാജയപ്പെടുകയും 122 നീക്കങ്ങള്‍ നടന്ന മാരത്തണ്‍ ഗെയിമായ ഏഴാമത്തേതില്‍ സമനില നേടുകയുമാണുണ്ടായത്.


രണ്ടാം ഗെയിമില്‍ നാലാം നീക്കം ഡി3 ആണ് കാള്‍സന്‍ കളിച്ചത്. എന്നാല്‍, ഈ ഗെയിമിലെ പത്തു നീക്കങ്ങള്‍ ഏഴാം ഗെയിമിലേതുപോലെതന്നെയായിരുന്നു.

ചെസ് നിയമമനുസരിച്ച് ഒരേ പൊസിഷന്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചാല്‍ കളി സമനിലയില്‍ അവസാനിക്കും. ഇത് തുടര്‍ച്ചയായ നീക്കങ്ങളിലല്ലാതെയും വരാം. ഇവിടെ തുടര്‍ച്ചയായ നീക്കങ്ങളില്‍ത്തന്നെ പൊസിഷന്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചിരിക്കയാണ്. അതിനാല്‍ ഇരുപതാമത്തെ നീക്കത്തില്‍ കളി സമനിലയില്‍ അവസാനിച്ചു.

ഇനിയുള്ള മൂന്നു ഗെയിമുകളില്‍ രണ്െടണ്ണത്തില്‍ ആനന്ദിന് വെള്ളക്കരുക്കള്‍ ലഭിക്കും. അടുത്ത ഗെയിമില്‍ത്തന്നെ കാള്‍സന് അനുകൂലമായ 5-4 എന്ന പോയിന്റ് നില 5-5 എന്നാക്കാന്‍ ആനന്ദ് ശ്രമിക്കുമെന്നതിനാല്‍ ഇന്നത്തെ ഗെയിം പൊടിപാറുമെന്ന് പ്രതീക്ഷിക്കാം. ഇന്നു വൈകുന്നേരം 5.30നാണ് പത്താം ഗെയിം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.