കൊച്ചിയില്‍ തീപാറും; ബ്ളാസ്റേഴ്സ് ഇന്ന് കോല്‍ക്കത്തയ്ക്കെതിരേ
കൊച്ചിയില്‍ തീപാറും;  ബ്ളാസ്റേഴ്സ് ഇന്ന് കോല്‍ക്കത്തയ്ക്കെതിരേ
Friday, November 21, 2014 11:05 PM IST
ബിജോ സില്‍വറി

കൊച്ചി: പിന്‍നിരയുടെ കരുത്തില്‍ അവസാനസ്ഥാനത്തു നിന്നു മുന്നിലേക്കു കുതിച്ചുകയറിയ കേരള ബ്ളാസ്റേഴ്സിന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ചാമ്പ്യന്‍മാരാകാന്‍ ഏറ്റവും സാധ്യതയുള്ള ടീമായി കരുതപ്പെടുന്ന അത്ലറ്റിക്കോ ഡി കോല്‍ക്കത്തയുടെ വെല്ലുവിളി. ഒരു എവേ മത്സരത്തിനു ശേഷം കേരളത്തിന്റെ സ്വന്തം ബ്ളാസ്റ്റേഴ്സ് കൊച്ചിയില്‍ തിരിച്ചെത്തിയിരിക്കുന്നു. ഐഎസ്എലിലെ 37-ാമത്തെ മത്സരം കൂടിയാണിത്. ഹോം ഗ്രൌണ്ടില്‍ ഇതുവരെ തോറ്റിട്ടില്ലെന്ന റിക്കാര്‍ഡുമായാണ് കേരളം ഇന്നിറങ്ങുന്നത്. മറ്റു ടീമുകളെ അപേക്ഷിച്ച് വിദേശ സൂപ്പര്‍ താരങ്ങള്‍ കുറവായ കേരളത്തിന് ആദ്യ മത്സരങ്ങളില്‍ തോല്‍വി പിണഞ്ഞിരുന്നു. ഇന്ത്യന്‍ താരങ്ങളും വേണ്ടത്ര ശോഭിച്ചില്ല. പിന്നീട് പ്രതിരോധം ശക്തിപ്പെടുത്തി മത്സരരംഗത്തേക്കു തിരിച്ചുവന്ന അവര്‍ മൂന്നാം സ്ഥാനത്തെത്തിയത് കഠിനാധ്വാനത്തിലൂടെയാണ്.

ഇന്നത്തെ മത്സരത്തില്‍ വാതുവയ്പുകാര്‍ 51 ശതമാനം സാധ്യതയാണ് ബ്ളാസ്റേഴ്സിനു കല്‍പ്പിച്ചിരിക്കുന്നത്. മൂന്നു മത്സരഫല സാധ്യതകളില്‍ രണ്ടും ബ്ളാസ്റേഴ്സിന് അനുകൂലമാണ്. ബ്ളാസ്റേഴ്സ് ഒരു ഗോളിന്റെയെങ്കിലും വ്യത്യാസത്തില്‍ ജയിക്കുമെന്നു കരുതുന്നവരാണു വെബ്സൈറ്റുകളിലെ വാതുവയ്പു നിരീക്ഷകര്‍ അധികവും. പക്ഷേ കളിക്കളത്തില്‍ പ്രവചനങ്ങളൊന്നും സഹായത്തിനെത്തില്ല. കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച കോല്‍ക്കത്തയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കേരളത്തിലെ അമ്പതിനായിരത്തോളം വരുന്ന ആരാധകരുടെ മുമ്പാകെ ബ്ളാസ്റേഴ്സിനെ തോല്‍പ്പിക്കുകയെന്നതാണ് അവരുടെ വെല്ലുവിളി.

കൊച്ചിയില്‍ ആറാടാന്‍ ഗാര്‍സ്യയും ഫിക്രുവും

സ്പാനിഷ് താരം ലൂയിസ് ഗാര്‍സ്യയെയും ഐഎസിഎലിലെ ഏറ്റവും അപകടകാരിയായ സട്രൈക്കര്‍ ഫിക്രു ടഫേരയെയും വിംഗിലൂടെ ചാട്ടുളി പോലെ എതിരാളികളുടെ പ്രതിരോധം കീറിപ്പൊളിച്ച് സുന്ദരന്‍ പാസുകളൊരുക്കുന്ന ജോഫ്രിയെയും ബ്ളാസ്റേഴ്സ് കരുതിയിരിക്കണം. ഡെല്‍പിയറോയുടെ ഡല്‍ഹി ഡൈനാമോസിനെ കീഴടക്കി കഴിഞ്ഞ നാലു മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറുന്ന ബ്ളാസ്റേഴ്സിനെ കോല്‍ക്കത്തയും ഭയപ്പെടുന്നുണ്ട്. കളിയുടെ എല്ലാ ഘട്ടത്തിലും പന്ത് ഹോള്‍ഡ് ചെയ്യാനുള്ള ബ്ളാസ്റ്റേഴ്സിന്റെ കഴിവ് നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കോല്‍ക്കത്ത അനുഭവിച്ചറിഞ്ഞതാണ്. ഡല്‍ഹിക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ ബ്ളാസ്റ്റേഴ്സിന്റെ പ്രതിരോധപ്പൂട്ട് ശക്തമായതും മുന്നറിയിപ്പു തന്നെ. ആദ്യമായി എതിരാളികളെ കൂടുതല്‍ സമയം പന്ത് ഏല്‍പ്പിച്ച് പ്രത്യാക്രമണത്തിലൂടെ എതിരാളികളെ ഞെട്ടിക്കുകയെന്ന തന്ത്രമാണു കഴിഞ്ഞ കളിയില്‍ ബ്ളാസ്റേഴ്സ് പയറ്റിയത്. ഈ കെണിയില്‍ ഡൈനാമോസ് വീഴുകയും ചെയ്തു.

ഫിക്രുവിനെ കോല്‍ക്കത്തയിലെ കളിയില്‍ ബ്ളാസ്റേഴ്സിനു നേരിടേണ്ടി വന്നില്ല. ചുവപ്പു കാര്‍ഡ് കണ്ട് പുറത്തിരിക്കുകയായിരുന്നു കോല്‍ക്കത്തയുടെ ഈ കറുത്ത ബുള്‍ഡോസര്‍. മത്സരഫലം നിര്‍ണയിക്കുന്നതില്‍ അതു നിര്‍ണായകവുമായി. അതേസമയം ഫോം വീണ്െടടുത്ത ഗാര്‍സ്യയും ഫിക്രുവും മുന്‍നിരയില്‍ അണിചേരുമ്പോള്‍ നാളത്തെ മത്സരത്തില്‍ സന്ദേഷ് ജിംഗന്‍, കോളിന്‍ ഫാല്‍വെ, സെഡ്രിക് ഹെംഗ്ബാര്‍ത് എന്നീ ബ്ളാസ്റ്റേഴ്സിന്റെ പ്രതിരോധക്കാര്‍ക്ക് വിയര്‍പ്പുണക്കാന്‍ നേരം കിട്ടില്ല. അബിനബോ ബാഗ്, ഗുര്‍വിന്ദര്‍ സിംഗ്, സൌമിക് ദേ, റാഫേല്‍ റോമി എന്നിവരും കൈമെയ് മറന്നാണ് കഴിഞ്ഞ മത്സരങ്ങളില്‍ പോരാടിയത്. റിസര്‍വ് ബെഞ്ചില്‍ ആരെയിരുത്തും എന്നതായിരിക്കും നാളെ കോച്ചും മാര്‍കി താരവുമായ ഡേവിഡ് ജയിംസ് നേരിടുന്ന ആദ്യത്തെ ആശയക്കുഴപ്പം.


ഡൈനാമോസിനെ വീഴ്ത്തിയെങ്കിലും ബ്ളാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയില്‍ ഇപ്പോഴും ആരാധകര്‍ക്കു പോലും വിശ്വാസമില്ല. പെന്‍ ഓര്‍ഗിയും ഇയാന്‍ ഹ്യൂമും ഫോമിലാണെങ്കിലും സ്പാനിഷ് മറ്റഡോര്‍ എന്നറിയിപ്പെടുന്ന ജൊസോമിയുടെ നേതൃത്വത്തിലിറങ്ങുന്ന കോല്‍ക്കത്തയുടെ പ്രതിരോധം പിളര്‍ത്തല്‍ എളുപ്പമാകില്ല.

വീണ്ടും ഒന്നാമതെത്താന്‍ കോല്‍ക്കത്ത

ഒരു തോല്‍വിക്കും രണ്ടു സമനിലകള്‍ക്കും ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ കോല്‍ക്കത്തക്കാര്‍ ചെന്നൈയിന്‍ എഫ്സിയില്‍നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരിക്കും നാളെ കളത്തിലിറങ്ങുക. കഴിഞ്ഞ തവണ ഇരു ടീമുകളും തമ്മില്‍ കോല്‍ക്കത്തയില്‍ നടന്ന ആദ്യമത്സരം സമനിലയിലായിരുന്നു. ഇരു ടീമും അധ്വാനിച്ച് കളിച്ച മത്സരത്തില്‍ ഓരോ ഗോളും പിറന്നു. ഈ കളി ജയിച്ചാലും ബ്ളാസ്റേഴ്സ് മൂന്നാം സ്ഥാനത്തു തുടരും. ഒമ്പതു കളികളില്‍ നിന്ന് 12 പോയിന്റുകളാണ് ബ്ളാസ്റ്റേഴ്സിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 16 പോയിന്റാണു കോല്‍ക്കത്തയ്ക്കുള്ളത്. കളി ജയിച്ചാലും സമനിലയിലായാലും പോയിന്റ് പട്ടികയില്‍ കോല്‍ക്കത്തയ്ക്ക് ചെന്നൈയിനെ മറികടക്കാനാകും. 16 പോയിന്റ് തന്നെയുള്ള ചെന്നൈയിന്‍ എഫ്സി ഗോള്‍ ശരാശരിയിലാണ് കോല്‍ക്കത്തയെ പിന്നിലാക്കിയിരിക്കുന്നത്. ഗോള്‍ ശരാശരിയില്‍ ഗോവയ്ക്കും കോല്‍ക്കത്തയ്ക്കും വളരെ പിറകിലാണ് മൂന്നാം സ്ഥാനക്കാര്‍. കോല്‍ക്കത്തയ്ക്ക് അടുത്ത മത്സരങ്ങളില്‍ തോല്‍ക്കാതിരുന്നാലും സെമിഫൈനല്‍ സാധ്യതയുണ്ട്.

സെമിയിലെത്താന്‍ ബ്ളാസ്റേഴ്സ്

ബ്ളാസ്റേഴ്സിന് ജയം അനിവാര്യമാകാന്‍ കാരണം 12 പോയിന്റുകള്‍ തന്നെയുള്ള മുംബൈയും പൂനയും 10 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തൊട്ടു പിന്നിലുണ്െടന്നതാണ്. ഒരു വിജയം ഇവരെ ബ്ളാസ്റേഴ്സിന്റെ മുന്നിലെത്തിക്കും.

മുംബൈയ്ക്കും പൂനയ്ക്കുമാകട്ടെ സമനില മതിയാകും. ഏഴാം സ്ഥാനത്തുള്ള ഗോവയ്ക്ക് ഒന്‍പതു പോയിന്റുണ്ട്. അവസാന സ്ഥാനക്കാരായ ഡെല്‍പിയറോയുടെ ഡല്‍ഹി ഡൈനാമോസിനും തിരിച്ചുവരവിന് അവസരമുണ്ട്. അവര്‍ക്ക് ഏഴു പോയിന്റാണു ളളത്.

ഇന്നത്തേതടക്കം അഞ്ചു മത്സരങ്ങളാണ് ഓരോ ടീമിനും ഇനി ശേഷിക്കുന്നത്. ഇതില്‍ ബ്ളാസ്റ്റേഴ്സിനു നാലു ഹോം മാച്ചുകളുണ്െടന്നതാണ് മുന്‍തൂക്കം.

എല്ലാ മത്സരങ്ങളിലും വിജയിക്കാനായാല്‍ അനായാസം സെമിഫൈനലിലെത്താം. വിജയവും സമനിലയും കൂടിക്കുഴഞ്ഞാല്‍ സെമിയിലെത്താന്‍ മറ്റു ടീമുകളുടെ മത്സരഫലങ്ങളും കണക്കാക്കേണ്ടിവരും. ഒരു തോല്‍വിയെങ്കിലും പിണഞ്ഞാല്‍ പിന്നെ ഭാഗ്യത്തിന്റെ അകമ്പടിയും വേണ്ടിവരും.

എഫ്സി ഗോവയ്ക്കെതിരേ 26ന് ഗോവയിലാണ് ബ്ളാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 30ന് ചെന്നൈയിന്‍ എഫ്സിയെയും ഡിസംബര്‍ നാലിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും ഒമ്പതിന് പൂനയെയും കേരളം കൊച്ചിയില്‍ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.