ഇതാ ലോകകപ്പ് ലോഗോ
ഇതാ ലോകകപ്പ് ലോഗോ
Thursday, October 30, 2014 11:10 PM IST
ജോസ് കുമ്പിളുവേലില്‍

ബര്‍ലിന്‍: ഇതാ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ കാത്തിരുന്ന ആ ലോഗോ. 2018 ല്‍ റഷ്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. റഷ്യന്‍ ടിവി ചാനലായ ചാനല്‍ വണ്ണിലെ ഈവനിംഗ് അര്‍ജന്റ് എന്ന ടോക്ഷോയിലാണ് പ്രകാശനം നടന്നത്. റഷ്യയുടെ പാരമ്പര്യവും പ്രൌഢിയും വിളിച്ചോതുന്ന ലോഗോയാണ് പ്രകാശനം ചെയ്യപ്പെട്ടത്.

ചുവപ്പ് പശ്ചാത്തലത്തില്‍ റഷ്യന്‍ പതാകയുടെ മാതൃകയില്‍ പൊതിഞ്ഞ സുവര്‍ണ ലോകകപ്പാണ് ലോഗോ. ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്റര്‍ പ്രകാശനം നിര്‍വഹിച്ചു. റഷ്യയുടെ ഹൃദയത്തെയും ആത്മാവിനെയും പ്രതിനിധീകരിക്കുന്നതാണ് ലോഗോ എന്ന് ബ്ളാറ്റര്‍ ലോഗോയെ വിശേഷിപ്പിച്ചു. യുക്രെയിനില്‍ തുടരുന്ന അസമാധാനം ലോകകപ്പിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും വേദി റഷ്യയില്‍നിന്ന് മാറ്റുന്ന പ്രശ്നമില്ലെന്നും ബ്ളാറ്റര്‍ അസന്നിഗ്ധമായി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ബ്ളാറ്റര്‍ കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് റഷ്യക്കു മികച്ച രീതിയില്‍ സംഘടിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോളിന്റെ മാന്ത്രികതയില്‍ സംഘട്ടനങ്ങള്‍ക്ക് അറുതിവരുമെന്നും സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ ഉയര്‍ന്നു പറക്കുമെന്നും ബ്ളാറ്റര്‍ പ്രത്യാശിച്ചു.

ടോക് ഷോയില്‍ പ്രകാശനം ചെയ്ത ലോഗോ പിന്നീട് മോസ്ക്കോയിലെ ബോള്‍ഷോയ് തിയേറ്ററില്‍ ആരാധകര്‍ക്കായി വീണ്ടും പ്രദര്‍ശിപ്പിച്ചു.ടോക് ഷോയില്‍ ഫുട്ബോളിനെ അധികരിച്ചുള്ള ചര്‍ച്ചയും ഉണ്ടായിരുന്നു. ബ്ളാറ്റര്‍ക്ക് പുറമെ ടോക് ഷോയുടെ അവതാരകന്‍ ഇവാന്‍ അര്‍ഗന്റ്, ലോകകപ്പ് സംഘാടക സമിതി അധ്യക്ഷന്‍ വിതാലി മുത്കോ, 2006 ലോകകപ്പിലെ ജേതാക്കളായ ഇറ്റലിയുടെ നായകന്‍ ഫാബിയോ കന്നവാരോ എന്നിവരും പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ചു. ലോകകപ്പ് നേടിയ എട്ട് രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഫ്രൂട്ട്സ് സംഗീത ബാന്‍ഡിലെ അംഗങ്ങള്‍ അതാത് രാജ്യങ്ങളുടെ ജെഴ്സിയണിഞ്ഞ് സ്റുഡിയോയില്‍ എത്തിയതും ഒരു പ്രത്യേകതയായിരുന്നു.


ലോകകപ്പ് ലോഗോ ബഹിരാകാശത്തുവച്ചും ബോള്‍ഷോയ് തിയേറ്ററില്‍ പ്രകാശനം നടന്ന സമയത്തുതന്നെ പുറത്തിറക്കി. റഷ്യയുടെ മൂന്നു ബഹിരാകാശ യാത്രികരാണ് ലോകോ പുറത്തിറക്കിയത്. പുറത്തിറക്കിയ ലോകകപ്പ് ലോഗോയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്നത്. ഹൃദയവും ആവേശവും എന്നാണ് സെപ്് ബ്ളാറ്റര്‍ തന്നെ ലോഗോയെ വിശേഷിപ്പിച്ചത്. ലോഗോയെ അനുകരിച്ചുകൊണ്ടുള്ള വിവിധ രൂപങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഷേവിംഗ് ട്രിമ്മര്‍ പോലെയാണിതെന്നും അതല്ല ദുഃസ്വപ്നത്തില്‍ വരുന്ന ഭൂതത്തെപ്പോലെയുള്ളതാണ് ലോകകപ്പ് ലോഗോയെന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ തമാശരൂപേണ പ്രത്യക്ഷപ്പെട്ടു. 2018 ജൂണില്‍ ആരംഭിക്കുന്ന ലോകകപ്പിലെ മല്‍സരങ്ങള്‍ റഷ്യയിലെ 11 നഗരങ്ങളിലാണ് അരങ്ങേറുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.