പാക്കിസ്ഥാനു ഭേദപ്പെട്ട സ്കോര്‍
Thursday, October 23, 2014 10:45 PM IST
ദുബായി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ പാക്കിസ്ഥാനു ഭേദപ്പെട്ട സ്കോര്‍. വേഗം കുറഞ്ഞ രീതിയില്‍ ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടി. 106 റണ്‍സ് നേടിയ യൂനിസ് ഖാന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 53 റണ്‍സ് നേടിയ അസ്ഹര്‍ അലിയും ഭേദപ്പെട്ട സ്കോര്‍ നേടി. കളി നിര്‍ത്തുമ്പോള്‍ 34 റണ്‍സോടെ നായകന്‍ മിസ്ബ ഉള്‍ ഹഖും ഒമ്പതു റണ്‍സോടെ ആസാദ് ഷഫീക്കുമാണു ക്രീസില്‍.

സ്കോര്‍ബോര്‍ഡില്‍ ഏഴു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ അഹമ്മദ് ഷെഹ്സാദിനെയും (3) മുഹമ്മദ് ഹഫീസിനെയും(0) നഷ്ടമായ പാക്കിസ്ഥാനെ അസ്ഹര്‍ അലിയും യൂനിസ് ഖാനും ചേര്‍ന്നാണു കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 108 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതാണ് പാക്കിസ്ഥാനെ വന്‍ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. പിന്നാലെയെത്തിയ മിസ്ബ ഉള്‍ ഹഖുമായി ചേര്‍ന്ന് 83 റണ്‍സും കൂട്ടിച്ചേര്‍ത്ത ശേഷമാണ് യൂനിസ് ഖാന്‍ മിച്ചല്‍ ജോണ്‍സണു വിക്കറ്റ് നല്‍കി മടങ്ങിയത്. 223 പന്തില്‍നിന്ന് 10 ബൌണ്ടറിയും ഒരു സിക്സറുമടക്കമാണ് യൂനിസ് ഖാന്‍ 106 റണ്‍സ് നേടിയത്.


ഓസ്ട്രേലിയയ്ക്കെതിരായ ആദ്യത്തേതും കരിയറിലെ 25-ാമത്തേയുമായ സെഞ്ചുറിയാണ് യൂനിസ് ഖാന്‍ ഇന്നലെ സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ താരമായ ഇന്‍സമാം ഉള്‍ ഹഖിനൊപ്പമാണ് ഇപ്പോള്‍ യൂനിസ് ഖാന്റെ സ്ഥാനം.

ജോണ്‍സണ്‍ എല്‍ബിഡബ്ള്യുവില്‍ കുടുക്കിയാണ് യൂനിസ് ഖാനെ പുറത്താക്കിയത്. പിന്നീടു ക്രീസില്‍ ഒത്തുചേര്‍ന്ന മിസ്ബ ഉള്‍ ഹഖും ആസാദ് ഷഫീക്കും ചേര്‍ന്ന് ആദ്യ ദിനം കാത്തു. ഓസ്ട്രേലിയയ്ക്കു വേണ്ടി മിച്ചല്‍ ജോണ്‍സണ്‍ മൂന്നും പീറ്റര്‍ സിഡില്‍ ഒന്നും വിക്കറ്റുകള്‍ സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.