ചെന്നൈയിന്‍ ദീപാവലി
ചെന്നൈയിന്‍ ദീപാവലി
Wednesday, October 22, 2014 11:42 PM IST
ചെന്നൈ: ഉശിരോടെ പോരാടിയ കേരള ബ്ളാസ്റേഴ്സിന്റെ പ്രതീക്ഷകള്‍ക്കുമേല്‍ സിസര്‍കട്ട് പായിച്ച ചെന്നൈയിന്‍ എഫ്സിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ദീപാവലി ഘോഷം. അമിതാഭ് ബച്ചന്‍, രജനീകാന്ത് തുടങ്ങിയവരുടെ മുന്നില്‍ ആവേശത്തോടെ കളിച്ച സച്ചിന്‍ തെണ്ടുല്‍ക്കറുടെ ബ്ളാസ്റ്റേഴ്സിനാകട്ടെ തുടര്‍ച്ചയായ രണ്ടാം പരാജയവും. ചെന്നൈ ടീമിന് തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണു കേരളം തോറ്റത്. ബോള്‍ പൊസഷനിലും ഷോട്ട് ഓണ്‍ ഗോളിലുമൊക്കെ മുന്നിട്ടു നിന്നെങ്കിലും ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ട കേരളം സ്വയം കുഴിതോണ്ടുകയായിരുന്നു. ഗോളെന്നുറച്ച മൂന്ന് അവസരങ്ങളാണ് കേരള താരങ്ങള്‍ പാഴാക്കിയത്. കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമിന്റെ ഒറ്റയാന്‍ പ്രകടനങ്ങളാണ് കേരളത്തെ മാന്യമായ നിലയിലെത്തിച്ചത്. എന്നാല്‍, 73-ാം മിനിറ്റില്‍ ബര്‍ണാര്‍ഡ് മെന്‍ഡി നേടിയ സിസര്‍കട്ട് കേരളത്തെ പരാജയപ്പെടുത്തി. നേരത്തെ 13-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം എലാനോ പെനാല്‍റ്റിയിലൂടെ ചെന്നൈയിന്‍ എഫ്സിയെ മുന്നിലെത്തിച്ചു. എന്നാല്‍, 52-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിലൂടെ കേരളം തിരിച്ചടിച്ചു.

തുടക്കം ചെന്നൈയിന്‍

ആയിരക്കണക്കിന് ആരാധകരുടെ കരഘോഷങ്ങളുടെ ആവേശത്തിലാണ് ഇരുടീമും ഗ്രൌണ്ടിലിറങ്ങിയത്. ചെന്നൈയുടെ മുന്നേറ്റമായിരുന്നു തുടക്കത്തില്‍ കണ്ടത്. രണ്ടാം മിനിറ്റില്‍ത്തന്നെ ഐഎസ്എലില്‍ ഗോള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം ബല്‍വന്ത് സിംഗ് തുറന്ന അവസരം നഷ്ടമാക്കി. ഗോളി മാത്രം മുന്നില്‍ നിന്നപ്പോള്‍ ലഭിച്ച അവസരം ഹെഡറിലൂടെ ബല്‍വന്ത് നഷ്ടപ്പെടുത്തി. എലാനോയുടെ ക്രോസില്‍ പന്ത് പുറത്തേക്ക്. ബ്ളാസ്റ്റേഴ്സിന്റെ ഗുര്‍വീന്ദര്‍ സിംഗിന്റെ ടാക്കിളിംഗ് അദ്ദേഹത്തിനു വിനയാകുന്ന കാഴ്ചയായിരുന്നു പിന്നീട്. ഇതിനു ഫലമെന്നോണം 10-ാം മിനിറ്റില്‍ അദ്ദേഹത്തിനു ലഭിച്ചത് മഞ്ഞക്കാര്‍ഡ്. തൊട്ടുപിന്നാലെ ഗുര്‍വീന്ദറിന്റെ ടാക്ക്ളിംഗില്‍ എലാനോ ബോക്സില്‍ വീണതോടെ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ബ്രസീലിയന്‍ താരം എലാനോയ്ക്ക് അധികം വിയര്‍പ്പൊഴുക്കാതെ പന്ത് വലയിലെത്തിക്കാന്‍ സാധിച്ചു. ഗോള്‍ വീണതോടെ കേരളത്തിന്റെ പോരാട്ടത്തിന് ഊര്‍ജം കുറഞ്ഞു. അവസരം മുതലാക്കാന്‍ ചെന്നൈയിന്‍ കൂടുതല്‍ ആക്രമണമഴിച്ചുവിട്ടു.

ഗോള്‍ വീണു, പക്ഷേ...

രണ്ടാം പകുതിയുടെ തുടക്കംതന്നെ കേരളബ്ളാസ്റേഴ്സ്—ആക്രമണം അഴിച്ചുവിട്ടു. എങ്ങനെയെങ്കിലും തിരിച്ചടിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന് അധികം കാത്തിരിക്കേണ്ടിവന്നില്ല. 52-ാം മിനിറ്റില്‍ മികച്ച ഒരു മുന്നേറ്റം; ആരംഭിച്ചത് ഇയാന്‍ ഹ്യൂം. ഹ്യൂം നല്‍കിയ പാസില്‍ ബ്ളാസ്റേഴ്സ് ഡിഫന്‍ഡറുടെ ഷോട്ട് കേരളത്തിനനുകൂലമായ കോര്‍ണറില്‍ കലാശിച്ചു. വിക്ടര്‍ ഫുല്‍ഗയുടെ കോര്‍ണറില്‍നിന്നാണ് ഗോള്‍ പിറന്നത്.

കേരളതാരങ്ങളെ മാര്‍ക്ക് ചെയ്ത ചെന്നൈയിന്റെ മലയാളി താരം ഡെന്‍സന്‍ ദേവദാസിനു പിഴച്ചു. മാര്‍ക്കിംഗ് മറികടന്ന് ഇയാന്‍ ഹ്യൂം തൊടുത്ത ഷോട്ട് വലയില്‍. കേരളതാരങ്ങള്‍ ആര്‍ത്തിരമ്പി. സമനില നേടിയ ആവേശം കൈവിടാതെ കേരളം വീണ്ടും ആഞ്ഞടിച്ചു. ഇതിനിടെ, രണ്ട് കേരള താരങ്ങള്‍ക്കു പരിക്കേറ്റത് തിരിച്ചടിയായി. 53-ാം മിനിറ്റില്‍ സ്റീഫന്‍ പിയേഴ്സണ്‍ വിക്ടര്‍ ഫുല്‍ഗയ്ക്കു പകരം ഗ്രൌണ്ടിലിറങ്ങി. 55-ാം മിനിറ്റില്‍ ഈസ്റ്ബംഗാള്‍ സൂപ്പര്‍ താരമായിരുന്ന പെന്‍ ഒറിഗിയും പരിക്കേറ്റ് പുറത്തേക്ക്. പകരമെത്തിയത് സൂപ്പര്‍ താരം മൈക്കിള്‍ ചോപ്ര.


ഇറങ്ങി 15 സെക്കന്‍ഡിനുള്ളില്‍ ഗോള്‍ നേടി ചരിത്രമുള്ള മൈക്കിള്‍ ചോപ്ര പക്ഷേ, നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. അധികം താമസിയാതെ കേരള ബ്ളാസ്റേഴ്സിന്റെ നിര്‍ഭാഗ്യത്തിനുമേല്‍ ചെന്നൈയാന്റെ ബൈസിക്കിള്‍ കിക്ക്. ചെന്നൈയാന്‍ ആരാധകര്‍ക്ക് ആവേശമേകിക്കൊണ്ട് ബര്‍ണാര്‍ഡ് മെന്‍ഡി അവരുടെ രണ്ടാം ഗോളും നേടി. 73-ാം മിനിറ്റിലായിരുന്നു ചെന്നൈയാന്റെ തുടര്‍ച്ചയായ രണ്ടാം ജയത്തില്‍ കലാശിച്ച ഗോള്‍ പിറന്നത്.

ഗോള്‍പോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിനിടെ കേരള താരം നിര്‍മല്‍ ഛേത്രിയുടെ ഹെഡര്‍ ക്ളിയറന്‍സ് പിഴച്ചു. തക്കം പാര്‍ത്തിരുന്നു ബര്‍ണാര്‍ഡ് മെന്‍ഡിയുടെ ബൈസിക്കിള്‍ കിക്ക്. ഡേവിഡ് ജയിംസിനെ കാഴ്ചക്കാരനാക്കി പന്ത് വലയുടെ ഇടതുമൂലയില്‍ തുളച്ചിറങ്ങി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെതന്നെ അതിമനോഹരമായ ഗോള്‍. അതായിരുന്നു ബര്‍ണാര്‍ഡ് മെന്‍ഡിയുടെ ബൂട്ടില്‍നിന്നുതിര്‍ന്നത്.

73-ാം മിനിറ്റില്‍ ബ്രസീല്‍ താരം ബ്രൂണോ പെലിശെരി ചെന്നൈയാനായി കളത്തിലിറങ്ങി. സൂപ്പര്‍ താരവും നായകനുമായ ബോജന്‍ ജോര്‍ജിക്കിനു പകരമായാണ് പെലിശെരി ഇറങ്ങിയത്. കളി തീരും വരെ മികച്ച മുന്നേറ്റം നടത്തിയ കേരള ബ്ളാസ്റേഴ്സിനു പക്ഷേ ഗോള്‍ അകന്നുനിന്നു. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേയും അതുതന്നെയായിരുന്നു സംഭവിച്ചത്. 88-ാം മിനിറ്റില്‍ ഏറ്റവും മികച്ച ഒരവസരമാണ് മലയാളി താരം സബീത്ത് നഷ്ടപ്പെടുത്തിയത്. ഒറ്റയ്ക്കു മുന്നേറിയ ഗോള്‍ സ്കോറര്‍ ഹ്യൂം നല്‍കിയ പാസില്‍ തലവച്ച സബീത്ത് പന്ത് പുറത്തേക്കു തട്ടിയകറ്റി. തൊട്ടുപിന്നാലെ ലഭിച്ച കോര്‍ണറിലും കേരളത്തിനു ഗോള്‍ മണത്തെങ്കിലും നിരാശയായിരുന്നു ഫലം. ടീമിന്റെ ഏറ്റവും വിലയേറിയ താരമായി വിലയിരുത്തപ്പെട്ട മൈക്കിള്‍ ചോപ്രയാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. മൂന്നു മത്സരങ്ങളില്‍ക്കൂടി കേരളത്തിന് ഇനി എവേ മത്സരം കളിക്കാനുണ്ട്.

മൂന്നു കളിയില്‍നിന്ന് ഏഴു പോയിന്റുമായി അത്ലറ്റിക്കോ ഡി കോല്‍ക്കത്ത മുന്നിലാണ്. രണ്ടു കളികളില്‍ രണ്ടും ജയിച്ച് ആറു പോയിന്റുമായി ചെന്നൈയിന്‍ രണ്ടാമതുമുണ്ട്. രണ്ടിലും തോറ്റ കേരളം ഒരു പോയിന്റും നേടാതെ അവസാന സ്ഥാനത്താണ്. ദീപാവലി പ്രമാണിച്ച് ഇന്നു മത്സരങ്ങളില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.