കടം കയറി മൂടി; മുഹമ്മദന്‍സ് അടച്ചുപൂട്ടി
കടം കയറി മൂടി; മുഹമ്മദന്‍സ് അടച്ചുപൂട്ടി
Tuesday, October 21, 2014 11:15 PM IST
കോല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോളിന് നിരവധി അതികായരെ സംഭാവന നല്‍കിയ മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ളബ് അടച്ചുപൂട്ടി. കടംകയറി മൂടിയതാണ് അടച്ചുപൂട്ടലിനു കാരണം. 1891ല്‍ സ്ഥാപിതമായ ക്ളബ് അടച്ചുപൂട്ടാന്‍ ശനിയാഴ്ച ചേര്‍ന്ന മാനേജ്മെന്റ് പ്രവര്‍ത്തകസമിതിയാണ് തീരുമാനിച്ചത്. കഴിഞ്ഞ മൂന്നുമാസമായി താരങ്ങള്‍ക്കും മറ്റും ശമ്പളം പോലും കൊടുക്കാത്ത അവസ്ഥയിലാണ് മാനേജ്മെന്റിന്റെ തീരുമാനം. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ എന്നീ ടീമുകള്‍ക്കൊപ്പം കോല്‍ക്കത്തയില്‍ തലയെടുപ്പോടെ തിളങ്ങിയ ടീമായിരുന്നു മുഹമ്മദന്‍സ്.

ലൈസന്‍സ് പുതുക്കാനാകാത്ത പശ്ചാത്തലത്തില്‍ ഈ വര്‍ഷമാദ്യം മുഹമ്മദന്‍സിനെ ഐ ലീഗില്‍നിന്നും നീക്കിയിരുന്നു. നിലവില്‍ കോല്‍ക്കത്ത പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്. സാമ്പത്തികബാധ്യതയേറി പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്നാമത്തെ ക്ളബ്ബാണ് മുഹമ്മദന്‍സ്. നേരത്തേ ജെസിടി ഫഗ്വാര, മഹീന്ദ്ര യുണൈറ്റഡ് എന്നീ ടീമുകളും അടച്ചുപൂട്ടിയിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് വര്‍ധിച്ച പ്രചാരം ലഭിക്കുന്ന പശ്ചാത്തലത്തില്‍ ഐലീഗിന്റെ നിലനില്പ് തന്നെ ഭീഷണയിലായ സാഹചര്യത്തില്‍ ക്ളബ് അടച്ചുപൂട്ടാന്‍ തയാറാവുകയായിരുന്നു എന്നാണ് സൂചന. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും ഐ ലീഗ് തുടരുന്നതില്‍ വലിയ താത്പര്യം പ്രകടിപ്പിക്കുന്നില്ല.

ഇന്ത്യന്‍ ഫുട്ബോളിലെ ബിഗ് ത്രീ എന്നായിരുന്നു ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ്, മോഹന്‍ ബഗാന്‍ എന്നീ ടീമുകള്‍ അറിയപ്പെട്ടിരുന്നത്. കോല്‍ക്കത്ത മൈദാനില്‍ ആസ്ഥാനമുള്ള മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗിന് നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുണ്ട്. പ്രധാനപ്പെട്ട സ്പോണ്‍സര്‍മാരെയും ഈയടുത്ത കാലത്ത് മുഹമ്മദന്‍സിന് നഷ്ടമായി. വളരെ ദൌര്‍ഭാഗ്യകരമായ തീരുമാനമാണിതെന്നും ആരെയും പഴിചാരുന്നില്ലെന്നും ക്ളബ് പ്രസിഡന്റും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ സുബ്രത ദത്ത പറഞ്ഞു. കഴിഞ്ഞ കുറേക്കാലമായി ക്ളബ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുല്‍ത്താന്‍ അഹമ്മദ് തുടങ്ങിയ നിരവധി അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ നിലനില്‍ക്കുകയായിരുന്നു ഇതുവരെ. എന്നാല്‍, ഓരോ വര്‍ഷവും കടമേറി. ഇതോടെ ക്ളബ്ബിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗം തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ ഫുട്ബോള്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ക്ളബ് പത്രക്കുറിപ്പില്‍ പറഞ്ഞു.


മുഹമ്മദന്‍സും ക്ളബ്ബിന്റെ ജേഴ്സിയായ ബ്ളാക്ക് ആന്‍ഡ് വൈറ്റ് ഷര്‍ട്ടും ഒരു വികാരമായിരുന്നു കോല്‍ക്കത്തയിലെ ആരാധകര്‍ക്ക്. 1887ല്‍ ജൂബിലി ക്ളബ് എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം പിന്നീട് 1891ല്‍ മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ളബ് ആയി മാറി. ചെറിയ ചെറിയ ടൂര്‍ണമെന്റുകള്‍ ജയിച്ചു മുന്നേറിയ മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് 1934ല്‍ കല്‍ക്കട്ട ഫുട്ബോള്‍ ലീഗ് നേടിയതോടെയാണ് പ്രശസ്തമാകുന്നത്. നിരവധി മിന്നും താരങ്ങളുടെ കളിയിടമായിരുന്ന മുഹമ്മദന്‍സ് 1934 മുതല്‍ 1938 വരെ കല്‍ക്കട്ട ഫുട്ബോള്‍ ലീഗ് സ്വന്തമാക്കി റിക്കാര്‍ഡിട്ടു. ആദ്യമായായിരുന്നു ഒരു ഇന്ത്യന്‍ ക്ളബ് ഈ നേട്ടം കൈവരിക്കുന്നത്. നെഹ്റു ക്ളബ് കപ്പ് ഫുട്ബോളിന്റെ സെമിയില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ ക്ളബ് കൂടിയാണ് മുഹമ്മദന്‍സ്; 1990ല്‍. 1940ലും 1941ലും ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റ് ഐഎഫ്എ ഷീല്‍ഡ് സ്വന്തമാക്കി. ബ്രിട്ടീഷ് ക്ളബ്ബുകളുടെ കുത്തകയായിരുന്ന ഡുറന്‍ഡ് കപ്പിലും ആദ്യമായി മുത്തമിട്ട ഇന്ത്യന്‍ ക്ളബ്ബാണ് മുഹമ്മദന്‍സ്. 1941ലായിരുന്നു ഇത്. പഴയ പ്രതാപം നഷ്ടപ്പെട്ടെങ്കിലും ഡുറന്‍ഡ്, ഐഎഫ്എ ഷീല്‍ഡ് 2013-14 സീസണില്‍ നേടിയത് മുഹമ്മദന്‍സാണ്. എന്നാല്‍, ഐ ലീഗ് സ്ഥാനം നഷ്ടപ്പെട്ടു. സീനിയര്‍ ഫുട്ബോള്‍ നിരൂപകനായ രൂപയാന്‍ ഭട്ടാചാര്യയുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഐ ലീഗിനെ തകര്‍ക്കും.

ഇവിടത്തെ ക്ളബ്ബുകളെ തകര്‍ക്കും. അതിന്റെ സൂചനയാണ് മുഹമ്മദന്‍സിന്റെ പൂട്ടല്‍ നല്‍കുന്നത്. ഈസ്റ് ബംഗാളിനും മോഹന്‍ബഗാനും ഭാവിയില്‍ ഈ പ്രശ്നം ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്കയായ കോല്‍ക്കത്ത ഫുട്ബോള്‍ നശിക്കുകയാണെന്നു വിലയിരുത്തുന്നവരാണ് പലരും. ഇന്ത്യയിലെ പ്രമുഖ ക്ളബ്ബുകളുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും വേണ്ടി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ യാതൊന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.