ആദ്യം സന്തോഷം, പിന്നെ കരച്ചില്‍; എങ്കിലും അഭിമാനം
ആദ്യം സന്തോഷം, പിന്നെ കരച്ചില്‍; എങ്കിലും അഭിമാനം
Tuesday, October 21, 2014 11:11 PM IST
മലപ്പുറം: എംഎസ്പിയുടെ തോല്‍വിയിലും സന്തോഷിക്കുകയാണ് മലപ്പുറത്തെ ഫുട്ബോള്‍ ആരാധകര്‍. പൊരുതിയാണ് കുട്ടികള്‍ തോറ്റത്, ഇതു തികച്ചും അഭിമാനകരമാണെന്നു മലപ്പുറം ഒന്നടങ്കം പറയുന്നു. ഫൈനല്‍ മത്സരം കാണാന്‍ ഇന്നലെ മലപ്പുറം എംഎസ്പി സ്കൂളിനോടു ചേര്‍ന്നുള്ള കമ്യൂണിറ്റി ഹാളില്‍ ബിഗ് സ്ക്രീന്‍ സംവിധാനമൊരുക്കിയിരുന്നു. വൈകുന്നേരം സ്കൂള്‍ വിട്ടതോടെ കൂട്ടത്തോടെയെത്തി കുട്ടികളും അധ്യാപകരും ഹാളിലേക്ക്. കൂടെ എംഎസ്പി സേനാംഗങ്ങളും നാട്ടുകാരും ഹാളിലെത്തി.

സ്ക്രീനില്‍ സമാപന ചടങ്ങുകള്‍ കഴിഞ്ഞതോടെ ടീം ഗ്രൌണ്ടിലെത്തുന്നു. നീല ജഴ്സിയിട്ട എംഎസ്പി താരങ്ങളെ അടുത്തു കണ്ടതോടെ ഹാളില്‍ ആഹ്ളാദം നിറഞ്ഞു. മലപ്പുറത്തിനുവേണ്ടി ജയ് വിളികള്‍ ഉയര്‍ന്നു. അല്‍പ്പസമയത്തെ ചടങ്ങുകള്‍ക്കുശേഷം കളി തുടങ്ങുന്നു. ആദ്യനിമിഷം തന്നെ മലപ്പുറത്തിന്റെ ഗോള്‍മുഖത്തേക്കു പന്തെത്തിയപ്പോള്‍ തന്നെ പലരും കരുതി ഇത്തവണത്തെ ലോകകപ്പിലെ ബ്രസീല്‍-ജര്‍മനി സെമിഫൈനലില്‍ ബ്രസീല്‍ തോറ്റതു പോലെ മലപ്പുറം തോല്‍ക്കുമോയെന്നായിരുന്നു ആശങ്ക.

എന്നാല്‍, മലപ്പുറം കളിയുടെ താളം കണ്െടത്തിയതോടെ ഈ ആശങ്ക അകന്നു. ബ്രസീലിനെതിരേ മലപ്പുറം നന്നായി പ്രതിരോധിച്ചതോടെ ആവേശമായി. ഇതിനിടെ വൈദ്യുതി നിലച്ച സമയത്തായിരുന്നു മാഹിന്‍ പി. ഹുസൈന്റെ ഗോള്‍ വന്നത്. ഇതു തത്സമയം കാണാനായില്ലെന്നു മാത്രം. ഇതിനിടെ അറിഞ്ഞു മലപ്പുറം ഒരു ഗോള്‍ ലീഡ് നേടിയെന്ന്. കമ്യൂണിറ്റിഹാള്‍ പൊട്ടിത്തെറിച്ച നിമിഷം. ഇവിടെ മാത്രമല്ല, മലപ്പുറത്തെ ഒരോ ദിക്കിലും ഇതായിരുന്നു അവസ്ഥ. സാക്ഷാല്‍ ബ്രസീലിലെ ടീമിനെതിരേ ഒരു വിജയം സ്വപ്നത്തില്‍ പോലും കാണാനാവില്ല. കേരളത്തിലെ വിവിധ ഭാഗങ്ങളിലും ആരാധകര്‍ മത്സരം കാണുന്നുണ്ടായിരുന്നു. ബ്രസീല്‍ നന്നായി കളിച്ചിട്ടും ഗോള്‍ നേടാന്‍ കഴിയാതെ വന്നത് മലപ്പുറത്തിന്റെ കൂട്ടായശ്രമം മൂലമാണ്.


ഗോള്‍കീപ്പര്‍ സുജിത്തായിരുന്നു ഇന്നലെ താരമായത്. നിരവധി രക്ഷപ്പെടുത്തലുകളാണ് സുജിത് നടത്തിയത്. രണ്ടാംപകുതിയിലും മലപ്പുറം ഗോള്‍നേടിയതോടെ സന്തോഷം ഇരട്ടിച്ചു. ഹാളില്‍ ബാന്‍ഡു വാദ്യം, മിഠായി ഏറ്. അടുത്ത നിമിഷം ബ്രസീല്‍ തിരിച്ചടിച്ചപ്പോഴും ആരാധകര്‍ പ്രതീക്ഷ കൈവിട്ടില്ല. ഒടുവില്‍ സമനില നേടി ബ്രസീല്‍ തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ക്കു നിരാശ. ഒടുവില്‍ എക്സ്ട്ര ടൈം, ഷൂട്ടൌട്ട്, സഡന്‍ ഡെത്ത്. നിര്‍ഭാഗ്യമൂലം മലപ്പുറം ഇക്കുറിയും വീഴുകയായിരുന്നു. മത്സരം ഗംഭീരമായിരുന്നുവെന്നു എംഎസ്പി കമാന്‍ഡന്റും കേരള പോലീസ് താരവുമായിരുന്ന കുരികേശ്മാത്യു പറഞ്ഞു.

അവസാന നിമിഷത്തെ ഒരു പിഴവു മാത്രമാണ് കുട്ടികള്‍ക്കു സംഭവിച്ചത്. അവരുടെ തോല്‍വി നേട്ടം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

മത്സരം തികച്ചും അഭിമാനകരമായി തോന്നുവെന്നു കോച്ച് ബിനോയ് സി. ജയിംസ് പറഞ്ഞു. കുട്ടികളോടു അവരുടെ കളി കളിക്കാന്‍ പറഞ്ഞു. അവര്‍ അക്ഷരം പ്രതി അതു അനുസരിക്കുകയും ചെയ്തു -അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.