ബിസിസിഐക്കു നഷ്ടം 400 കോടി
Monday, October 20, 2014 10:59 PM IST
മുംബൈ: വെസ്റ് ഇന്‍ഡീസ് ടീം ഇന്ത്യന്‍ പര്യടനം പകുതി വഴിയില്‍ ഉപേക്ഷിച്ചതിലൂടെ 400 കോടി രൂപയുടെ നഷ്ടമുണ്ടായതായി ബിസിസിഐ. നഷ്ടപരിഹാരത്തിനായി വെസ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരേ നിയമനടപടി സ്വീകരിക്കണോയെന്ന് ആലോചിക്കാന്‍ ബിസിസിഐ വര്‍ക്കിംഗ് കമ്മിറ്റി നാളെ ഹൈദരാബാദില്‍ ചേരും.

അഞ്ച് ഏകദിനവും ഒരു ട്വന്റി-20യും മൂന്നു ടെസ്റുകളുമാണ് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, നാല് ഏകദിനങ്ങള്‍ക്കുശേഷം വിന്‍ഡീസ് പരമ്പര ബഹിഷ്കരിക്കുകയായിരുന്നു. ശേഷിച്ച മത്സരങ്ങള്‍ നടന്നിരുന്നെങ്കില്‍ 17 മത്സരദിനങ്ങളെങ്കിലും ഉണ്ടാകുമായിരുന്നു. വിന്‍ഡീസിനു പകരം ശ്രീലങ്ക അഞ്ച് ഏകദിനങ്ങള്‍ കളിക്കാന്‍ സമ്മതിച്ചതിനാല്‍ ഇതില്‍ അഞ്ചുദിനങ്ങള്‍ ലഭിക്കും. എങ്കിലും ശേഷിച്ച 12 ദിനങ്ങളിലെ നഷ്ടം ബിസിസിഐക്കുണ്ടാക്കുന്ന സാമ്പത്തികശോഷണം ചില്ലറയല്ല.

ബിസിസിഐക്കു വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഓരോ ദിവസവും ലഭിക്കുന്നത് 33 കോടി രൂപയാണ്. ഇങ്ങനെ നോക്കുമ്പോള്‍ കളി നടക്കാത്ത 17 ദിവസത്തെ വരുമാനനഷ്ടം 396 കോടി രൂപയാണ്. ഇത്ര വലിയ തുകയായതുകൊണ്ട് വിന്‍ഡീസ് ബോര്‍ഡില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നാണ് ബിസിസിഐയുടെ ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം. വിന്‍ഡീസിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണെന്നു സെക്രട്ടറി സഞ്ജയ് പട്ടേല്‍ അറിയിച്ചു. നാളെ നടക്കുന്ന വര്‍ക്കിംഗ് കമ്മറ്റി യോഗം എല്ലാവശങ്ങളും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബിസിസിഐയുടെ വരുമാന സ്രോതസുകള്‍ പ്രധാനമായും ടിവി സംപ്രേഷണം, സീരിസ് സ്പോണ്‍സര്‍ഷിപ്പ്, ടീം സ്പോണ്‍സര്‍ഷിപ്പ്, സ്റേഡിയത്തിലെ പരസ്യങ്ങള്‍ എന്നിവയിലൂടെയാണ്. സംപ്രേഷണാവകാശം സ്വന്തമാക്കിയിട്ടുള്ള സ്റാര്‍ ഇന്ത്യ ഓരോ മത്സരത്തിനും ബിസിസിഐക്കു നല്കുന്നത് 43.20 കോടി രൂപയാണ്. ഈ തുകയില്‍ വലിയ നഷ്ടമുണ്ടാകും. അതുകൂടാതെ സ്റേഡിയത്തില്‍ പരസ്യം ചെയ്യുന്നതിനു ഓരോ മത്സരത്തിനും വെവ്വേറെയാണ് പണം ഈടാക്കുന്നത്.

മത്സരം നടക്കുന്ന സംസ്ഥാനത്തെ അസോസിയേഷനുകള്‍ക്കാണ് ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ സിംഹഭാഗവും. കൂടാതെ ബിസിസി ഐയുടെ വരുമാനത്തിന്റെ 70 ശതമാനവും 27 അസോസിയേഷനുകള്‍ക്കാണ് ലഭിക്കുന്നത്. പരമ്പര റദ്ദാക്കിയതിലൂടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ വിഹിതത്തിലും ചെറുതല്ലാത്ത നഷ്ടമുണ്ടാകും.


ശ്രീലങ്ക- ഇന്ത്യ ടെസ്റ് പരമ്പര അടുത്തവര്‍ഷം

കൊളംബോ: ഇന്ത്യയില്‍ അടുത്തമാസം പര്യടനം നടത്താന്‍ സമ്മതിച്ചതിനു ശ്രീലങ്കയ്ക്കു പ്രത്യുപകാരം. ഇന്ത്യ ശ്രീലങ്കയില്‍ ടെസ്റ് പരമ്പര കളിക്കും. മൂന്നു ടെസ്റുകളായിരിക്കും പരമ്പരയിലുണ്ടാകുകയെന്നു ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി നിഷാന്ത രണതുംഗെ അറിയിച്ചു. അടുത്ത ഓഗസ്റിലായിരിക്കും ഇന്ത്യയുടെ ലങ്കന്‍ പര്യടനം. ഇതിലൂടെ ഏഴ്-എട്ട് മില്യണ്‍ ഡോളര്‍ നേടാനാകുമെന്നാണ് ശ്രീലങ്കന്‍ ബോര്‍ഡ് കണക്കുകൂട്ടുന്നത്. ഐസിസി എഫ്ടിപി പ്രോഗ്രാമില്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം നടക്കേണ്ടത് 2017ലാണ്. 2009നു ശേഷം ടീം ഇന്ത്യ ശ്രീലങ്കയ്ക്കെതിരേ നാട്ടില്‍ കളിച്ചിട്ടില്ല.

വിന്‍ഡീസ് പര്യടനങ്ങള്‍ ഇന്ത്യ ഉപേക്ഷിച്ചേക്കും

മുംബൈ: വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം വെസ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള ബിസിസി ഐയുടെ ബന്ധം താത്കാലികമായി അവസാനിച്ചേക്കും. വിന്‍ഡീസിലേക്കുള്ള ഭാവിയിലെ പര്യടനങ്ങള്‍ റദ്ദാക്കണമെന്നാണ് ബിസിസിഐയിലെ ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം. അങ്ങനെ വന്നാല്‍ വിന്‍ഡീസ് ക്രിക്കറ്റിന്റെ നിലനില്‍പ്പിനെ തന്നെ അതു ബാധിച്ചേക്കാം.

ഇന്ത്യയടക്കമുള്ള ചുരുക്കം ചില രാജ്യങ്ങള്‍ നടത്തുന്ന പര്യടനങ്ങള്‍ മാത്രമാണ് വിന്‍ഡീസിനു ലാഭം സമ്മാനിക്കുന്നത്. ബംഗ്ളാദേശ് അടക്കമുള്ള ടീമുകളുമായുള്ള പരമ്പരകള്‍ സാമ്പത്തികനഷ്ടമാണ് സമ്മാനിക്കുന്നത്. 2015-2023 എഫ്ടിപി (ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാം) പരിപാടിയില്‍ ഇന്ത്യയും വെസ്റ് ഇന്‍ഡീസും തമ്മില്‍ അഞ്ചു പരമ്പരകളാണ് കളിക്കേണ്ടത്. ഇതില്‍ നാലും കരീബിയന്‍ ദ്വീപില്‍ വച്ചായിരുന്നു താനും. നിലവിലെ സാഹചര്യത്തില്‍ ഈ പര്യടനങ്ങളുടെ ഭാവി തുലാസിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.