കോല്‍ക്കത്തയെ ഡല്‍ഹി തളച്ചു
കോല്‍ക്കത്തയെ ഡല്‍ഹി തളച്ചു
Monday, October 20, 2014 10:57 PM IST
കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം വിജയം മോഹിച്ചെത്തിയ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയെ ഡല്‍ഹി ഡൈനാമോസ് 1-1 സമനിലയില്‍ തളച്ചു. ചുവപ്പു കാര്‍ഡും ലീഗിലെ ആദ്യ പെനാല്‍റ്റിയും ഉജ്വല ലോംഗ് റേഞ്ച് ഗോളും ആവേശം വിതറിയ മത്സരത്തില്‍ മുന്‍തൂക്കം അത്ലറ്റിക്കോ ഡി കോല്‍ക്കത്തയ്ക്കായിരുന്നു. ഇതോടെ കോല്‍ക്കത്തയ്ക്ക് മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴും ഡല്‍ഹിക്ക് രണ്ടു മത്സരങ്ങളില്‍നിന്ന് രണ്ടും പോയിന്റായി.

ആറു മിനിറ്റിനുള്ളില്‍ രണ്ടു മഞ്ഞക്കാര്‍ഡ്കണ്ട് രാകേഷ് മസിഹ് പുറത്തായതോടെ കോല്‍ക്കത്ത പത്തുപേരായി ചുരുങ്ങി. ഐഎസ്എലിലെ ആദ്യ പെനാല്‍റ്റി ഗോള്‍ ജൊഫ്രി മത്തേയു 49-ാം മിനിറ്റില്‍ സ്വന്തമാക്കി. ബോക്സിനുള്ളില്‍ വിം റൈമീകെര്‍സ് ഫൌള്‍ ചെയ്തതിനായിരുന്നു ഡൈനാമോസിനെതിരേ റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ജൊഫ്രി മത്തേയുവിനു ലക്ഷ്യം പിഴച്ചില്ല. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം ആതിഥേയര്‍ 1-0നു മുന്നില്‍. എന്നാല്‍, 74-ാം മിനിറ്റില്‍ ബോക്സിനു പുറത്തുനിന്ന് ചെക് താരം പാവേല്‍ എലിസ് തൊടുത്ത ബുള്ളറ്റ് ലോംഗ് റേഞ്ച് കോല്‍ക്കത്തയുടെ വലയില്‍ പ്രകമ്പനം സൃഷ്ടിച്ചു. സീസണിലെ ഏറ്റവും മികച്ച ഗോളായി എണ്ണാവുന്നതായിരുന്നു പാവേലിന്റെ ബുള്ളറ്റ് ഷോട്ട്.

അത്ലറ്റിക്കോ ഡി കോല്‍ക്കത്തയുടെ പരിശീലകന്‍ അന്റോണിയോ ഹാബ്സ് കഴിഞ്ഞ മത്സരത്തില്‍നിന്ന് ഒരു മാറ്റത്തോടെയാണ് ആദ്യ പതിനൊന്നിനെ ഇറക്കിയത്. നോര്‍ത്ത് ഈസ്റിനെതിരേ ചുവപ്പു കാര്‍ഡ് കണ്ട ബോര്‍ജ ഫെര്‍ണാണ്ടസിനു പകരം ജാകൂബ് പൊഡണി ആദ്യ പതിനൊന്നില്‍ ഉള്‍പ്പെട്ടു. മറുവശത്ത് ഡല്‍ഹി ഡൈനാമോസ് മാനേജര്‍ ഹാം വാന്‍ വെല്‍ഡോവന്‍ മൂന്ന് മാറ്റങ്ങളുമായായിരുന്നു ടീമിനെ ഇറക്കിയത്. പാവേല്‍ എലിസ്, സൌവിക് ചക്രവര്‍ത്തി, അലക്സാന്‍ഡ്രോ ഡെല്‍ പിയറോ എന്നിവര്‍ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെട്ടു.


4-4-1-1 ശൈലിയായിരുന്നു കോല്‍ക്കത്ത സ്വീകരിച്ചത്. ഡല്‍ഹി ഇറങ്ങിയത് 4-3-3ലും. ഏഴാം മിനിറ്റില്‍ ഡൈനാമോസ് നായകന്‍ അലക്സാന്‍ഡ്രൊ ഡെല്‍പിയറോയ്ക്ക് മഞ്ഞക്കാര്‍ഡ് നല്കുന്നതുകണ്ടാണ് മത്സരം ഉണര്‍ന്നത്. ഡെല്‍പിയറോയെ ബോക്സില്‍ വീഴ്ത്തിയതാണെങ്കിലും റഫറിയുടെ വിധി മറ്റൊന്നായിരുന്നു. മനപൂര്‍വം വീണതാണെന്നു തെറ്റിധരിച്ച റഫറി ഡെല്‍പിയറോയ്ക്ക് മഞ്ഞക്കാര്‍ഡ് നല്കി. എന്നാല്‍, ഡൈനാമോസിന് അനുകൂലമായി പെനാല്‍റ്റി വിധിക്കാവുന്നതായിരുന്നെന്ന് റീപ്ളേയില്‍ തെളിഞ്ഞു.

49-ാം മിനിറ്റില്‍ ഐഎസ്എലിലെ ആദ്യ പെനാല്‍റ്റി കിക്കിന് കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റേഡിയം സാക്ഷിയായി. ഡൈനാമോസിന്റെ ഗോളി വാന്‍ ഹൌട്ടിനെ കബളിപ്പിച്ച് ജോഫ്രി ആതിഥേയരെ മുന്നിലെത്തിച്ചു. തുടര്‍ന്ന് ഗോള്‍ മടക്കാനുള്ള ഡൈനാമോസിന്റെ തീവ്രശ്രമമായിരുന്നു. ലോംഗ് റേഞ്ചുകളുമായി ഡൈനാമോസ് കോല്‍ക്കത്തയുടെ പ്രതിരോധകരുത്ത് പരീക്ഷിച്ചു. ഒടുവില്‍ 74-ാം മിനിറ്റില്‍ പാവേല്‍ എലിസിന്റെ ലോംഗ് റേഞ്ച് കോല്‍ക്കത്തയുടെ ജയത്തിനു തടയിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.