ഹോക്കിയില്‍ അയല്‍യുദ്ധം ഇന്ന്
Thursday, October 2, 2014 11:22 PM IST
ഇഞ്ചിയോണ്‍: 16 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഏഷ്യാഡ് ഹോക്കിയില്‍ സ്വര്‍ണമെന്ന നേട്ടത്തിലേക്ക് ഇന്ത്യ ഇന്നിറങ്ങുന്നു. അതേസമയം, നിലവിലെ ജേതാക്കളെന്ന ഖ്യാതി നിലനിര്‍ത്തുകയാണ് പാക്ക് പട ലക്ഷ്യമിടുന്നത്. സ്വര്‍ണവും ഒളിമ്പിക്സ് ബെര്‍ത്തും ലഭിക്കുമെന്നതിലുപരി ഇരുരാജ്യങ്ങളും തമ്മിലുള്ള വൈകാരികമായ പോരാട്ടത്തിനായിരിക്കും ഇഞ്ചിയോണിലെ ഹോക്കി സ്റ്റേഡിയം സാക്ഷ്യംവഹിക്കുക. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ടെന്‍ സ്പോര്‍ട്സില്‍ തല്‍സമയം.

ജയിക്കാനുറച്ച് ഇന്ത്യ

രണ്ടും കല്പിച്ചാണ് ഇന്ത്യ ഇന്നു കളത്തിലിറങ്ങുക. ഇന്ത്യന്‍ ഹോക്കി മരണക്കിടക്കയിലാണെന്നു പരിതപിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിനൊപ്പം വിമര്‍ശകരുടെ വായടപ്പിക്കുകയും ലക്ഷ്യമാണ്.

ഇന്ത്യയുടെ കോട്ട കാക്കുന്നത് എറണാകുളം സ്വദേശിയായ പി.ആര്‍. ശ്രീജേഷാണ്. നാലു കളികളില്‍ നിന്നും ശ്രീജേഷ് വഴങ്ങിയിരിക്കുന്നത് വെറും രണ്ടുഗോളുകള്‍ മാത്രമാണ്. 19 ഗോളുകള്‍ എതിര്‍വലയില്‍ നിറയ്ക്കാന്‍ ഇന്ത്യക്കായി. കഴിഞ്ഞ മത്സരങ്ങളില്‍ ഗോളടിച്ച അകാശ്ദീപ് സിംഗ്, പരിക്കുമാറി വരുന്ന രൂപീന്ദര്‍സിംഗ്, പ്രതിരോധത്തില്‍ ബീരേന്ദ്ര ലര്‍ക്ക, സര്‍ദാര്‍ സിംഗ്...ഇന്ത്യയും പ്രതീക്ഷയിലാണ്.

പാക്കിസ്ഥാന്‍ ഫോമില്‍


മറുവശത്ത് കളിച്ച കളികളിലെല്ലാം ജയിച്ചെത്തുന്ന പാക്കിസ്ഥാന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധരായ നായകന്‍ ഇമ്രാന്‍ മുഹമ്മദ്, ഇര്‍ഫാന്‍ മുഹമ്മദ് എന്നിവര്‍ മികച്ച ഫോമിലാണ്.

മുഹമ്മദ് ഉമര്‍ ഭൂട്ടയുടെ തകര്‍പ്പന്‍ ഫോമും അവര്‍ക്കു സുവര്‍ണപ്രതീക്ഷ നല്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ സമഗ്രാധിപത്യത്തോടെ ഇന്ത്യയെ കീഴ്പ്പെടുത്താന്‍ അയല്‍ക്കാര്‍ക്കായിരുന്നു.

ചരിത്രം പാക്കിസ്ഥാനൊപ്പം

ഏഷ്യാഡിലെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പാക് ആധിപത്യം കാണാനാകും. ഏഷ്യാഡില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള എട്ടാമത്തെ പോരാട്ടമാകും ഇന്ന് നടക്കുക. ഇതില്‍ ഇന്ത്യക്കു ജയിക്കാനായത് വെറും രണ്ടുതവണ മാത്രമാണ്.

ഇരുടീമുകളും തമ്മില്‍ അവസാനമായി ഒരു ഫൈനലില്‍ അവസാനമായി ഏറ്റുമുട്ടിയത് 1982-ലാണ്. ന്യുഡല്‍ഹിയിലെ ധ്യാന്‍ചന്ദ് സ്റേഡിയത്തില്‍ പാക്കിസ്ഥാന്‍ അന്ന് ഇന്ത്യയെ 7-1നു മുക്കിയിരുന്നു. 90ലെ ഏഷ്യാഡില്‍ പാക്കിസ്ഥാനും ഇന്ത്യയും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയിരുന്നെങ്കിലും അന്ന് റൌണ്ട് റോബിന്‍ അടിസ്ഥാനത്തിലായിരുന്നു മത്സരം. 1998ല്‍ ധന്‍രാജ് പിള്ളയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ഏഷ്യാഡില്‍ സ്വര്‍ണമണിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.