മെഡല്‍ സ്വീകരിക്കാതെ പൊട്ടിക്കരഞ്ഞു സരിത വേദിയില്‍
മെഡല്‍ സ്വീകരിക്കാതെ പൊട്ടിക്കരഞ്ഞു സരിത വേദിയില്‍
Thursday, October 2, 2014 11:10 PM IST
ഇഞ്ചിയോണ്‍: വനിതകളുടെ ബോക്സിംഗില്‍ മേരി കോമിലൂടെ ഇന്ത്യ സ്വര്‍ണമെഡല്‍ നേടിയതിന്റെ ആഘോഷത്തിലായിരുന്നപ്പോള്‍ സഹതാരം സരിത ദേവി മെഡല്‍ ദാന വേദിയില്‍ പൊട്ടിക്കരയുകയായിരുന്നു. 60 കിലോ വിഭാഗം ബോക്സിംഗില്‍ റഫറിമാരുടെ വിവാദ തീരുമാനത്തില്‍ സെമിയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ സരിത ദേവിയുടെ കണ്ണീരിനൊപ്പം പല അപ്രതീക്ഷിത മുഹൂര്‍ത്തങ്ങള്‍ക്കും റിംഗ് സാക്ഷ്യം വഹിച്ചു. ഒഫീഷലുകളെയും കാണികളെയും ഞെട്ടിച്ചുകൊണ്ട് മെഡല്‍ ദാന വേദിയില്‍ പൊട്ടിക്കരഞ്ഞ ഇന്ത്യന്‍ ബോക്സര്‍ ആദ്യം മെഡല്‍ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. മെഡല്‍ കൈയില്‍വാങ്ങിയ സരിത, തന്നെ സെമിയില്‍ പരാജയപ്പെടുത്തിയ കൊറിയയുടെ ജിന പാര്‍ക്കിനെ അതണിയിച്ചു. മെഡല്‍ ഇപ്പോള്‍ സംഘാടകരുടെ കൈകളിലാണ്.

സെമി ഫൈനലില്‍ സരിത സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കളിച്ച ജിനാ പാര്‍ക്കിനോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍, മത്സരത്തില്‍ സരിതയ്ക്കായിരുന്നു മുന്‍തൂക്കം. മത്സര ഫലം വന്നപ്പോള്‍ പാര്‍ക്ക് 3-0ന് ജയിച്ചു. ടുണീഷ്യ, ഇറ്റലി, പോളണ്ട് എന്നിവടങ്ങളില്‍നിന്നുള്ള ജഡ്ജിമാരാണ് വിധി പ്രഖ്യാപിച്ചത്. മൂന്നു ജഡ്ജിമാരും നാലു റൌണ്ടുകളില്‍നിന്നായി പാര്‍ക്കിനു 39 പോയിന്റും സരിതയ്ക്കു 37 പോയിന്റും നല്‍കുകയായിരുന്നു. ജഡ്ജിമാരുടെ വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷനു പരാതി നല്‍കിയെങ്കിലും അവിടെയും വിധി ഇന്ത്യക്കെതിരായി.


മെഡല്‍ ദാന ചടങ്ങില്‍ സംബന്ധിച്ച സരിത കടുത്ത വികാരാധീനയാകുകയായിരുന്നു. കണ്ണീരോടെ എത്തിയ സരിതയെ സഹ ബോക്സര്‍മാരാണ് പോഡിയത്തിലേക്കു കൈപിടിച്ചു കയറ്റിയത്. മെഡല്‍ നല്‍കാനെത്തിയപ്പോള്‍ സരിത മെഡല്‍ കഴുത്തില്‍ അണിയാന്‍ തയാറായില്ല. എന്നാല്‍ കൈകളില്‍ വാങ്ങിയ മെഡല്‍ സരിത തന്നെ സെമിയില്‍ പരാജയപ്പെടുത്തിയ ജിന പാര്‍ക്കിനു സമ്മാനിച്ചു. പാര്‍ക്ക് സരിതയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. സരിതയില്‍നിന്നും മെഡല്‍ സ്വീകരിച്ച പാര്‍ക്ക് ആ മെഡല്‍ പോഡിയത്തില്‍ തന്നെ വച്ച ശേഷം വേഗംതന്നെ വേദി വിട്ടു.

താന്‍ മെഡല്‍ സ്വീകരിച്ചു എന്നിട്ട് കൊറിയന്‍ താരത്തിനു തിരിച്ചു നല്‍കുകയായിരുന്നു. തന്റെ ബോക്സിംഗ് കരിയര്‍ തുടരുന്നതിനാണ് ഇങ്ങനെ ചെയ്തത് അല്ലെങ്കില്‍ ഈ സംഭവം മനസില്‍ എപ്പോഴുമുണ്ടായിരിക്കും- സരിത പറഞ്ഞു. തന്റെ പ്രവൃത്തിക്കെതിരേ എന്തെങ്കിലും നടപടി സ്വീകരിക്കുകയാണെങ്കില്‍ അതേറ്റു വാങ്ങാന്‍ തയാറാണെന്നും സതിര പറഞ്ഞു. 32 കാരിയായ സരിത കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ ജേത്രിയായിരുന്നു. മെഡല്‍ വാങ്ങാന്‍ തയാറാകാതിരുന്ന സരിത ദേവി പിഴ ശിക്ഷയോ സസ്പെന്‍ഷനോ നേരിടാന്‍ സാധ്യതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.