വൈദ്യുതി ചതിച്ചു,ടിന്റുവിന്റെ നേട്ടം വീട്ടുകാര്‍ക്കു കാണാനായില്ല
വൈദ്യുതി ചതിച്ചു,ടിന്റുവിന്റെ നേട്ടം വീട്ടുകാര്‍ക്കു കാണാനായില്ല
Thursday, October 2, 2014 11:22 PM IST
മട്ടന്നൂര്‍ (കണ്ണൂര്‍): ഇഞ്ചിയോണിലെ ട്രാക്കില്‍ ടിന്റുവിന്റെ പ്രകടനം കാണാന്‍ ടെലിവിഷനു മുന്നില്‍ കാത്തിരുന്ന കുടുംബാംഗങ്ങളെ വൈദ്യുതി ചതിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞു 3.40നായിരുന്നു ടിന്റു പങ്കെടുത്ത ഏഷ്യന്‍ ഗെയിംസിലെ 800 മീറ്റര്‍ ഫൈനല്‍. അതിന് ഏറെനേരം മുമ്പുതന്നെ ടിന്റുവിന്റെ മാതാവ് ലിസിയും സഹോദരങ്ങളായ എയ്ഞ്ചലും ക്രിസ്റീനയും ടിന്റുവിന്റെ അമ്മൂമ്മ മറിയക്കുട്ടിയും ഇളയമ്മ ഗ്രേസിയും ടിന്റുവിന്റെ കുതിപ്പ് കാണാനായി കണ്ണൂര്‍ മട്ടന്നൂരിനടുത്ത ചാവശേരിയിലെ വാടകവീട്ടിലെ ടിവിക്കു മുന്നില്‍ നിരന്നിരുന്നു. പിതാവ് ലൂക്ക ജോസഫ് ബന്ധുവീട്ടില്‍ പോയതിനാല്‍ സ്ഥലത്തുണ്ടായിരുന്നില്ല. 3.35ന് ചാവശേരി മേഖലയില്‍ വൈദ്യുതി മുടങ്ങി. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചപ്പോഴേക്കും മത്സരം കഴിഞ്ഞിരുന്നു. ഫലം എന്തെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരുന്ന കുടുംബാംഗങ്ങളെ മാധ്യമപ്രവര്‍ത്തകരാണു ടിന്റുവിന് വെള്ളി മെഡല്‍ ലഭിച്ചെന്ന വിവരം അറിയിച്ചത്. അതോടെ കുളത്തുങ്കല്‍ വീട്ടില്‍ ആഹ്ളാദം അലയടിച്ചു. ടിന്റു നേടിയ വെള്ളി സ്വര്‍ണം പോലെതന്നെ എന്നായിരുന്നു മാതാവ് ലിസിയുടെ പ്രതികരണം.


രാജ്യത്തിനായി മകള്‍ക്കു വെള്ളി നേടാനായതില്‍ മനസ് നിറഞ്ഞ ആഹ്ളാദമുണ്ട്. ഒളിമ്പിക്സ് മെഡല്‍ നേടുകയെന്ന സ്വപ്ന സാഫല്യത്തിന് ഈ വിജയം ഏറെ ഗുണം ചെയ്യും- ലിസി പറഞ്ഞു. വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്നു മത്സരം കാണാനാകാത്തതിന്റെ നിരാശയും അവര്‍ മറച്ചുവച്ചില്ല. അഭിനന്ദനമറിയിക്കാന്‍ എത്തിയവര്‍ക്കെല്ലാം വീട്ടുകാര്‍ മധുരം നല്‍കി. അര്‍ജുന പുരസ്കാരത്തിനു തൊട്ടുപിന്നാലെയാണു ഏഷ്യാഡിലെ വെള്ളിമെഡലും കുളത്തുങ്കല്‍ വീട്ടിലെത്തുന്നത്.

മലയോരമേഖലയായ കരിക്കോട്ടക്കരിക്കടുത്ത വാളത്തോടുനിന്ന് അഞ്ചു മാസം മുമ്പാണു ടിന്റുവിന്റെ കുടുംബം ചാവശേരിയിലെ വാടകവീട്ടിലേക്കു താമസം മാറിയത്. ചാവശേരി വില്ലേജ് ഓഫീസിന് സമീപം സര്‍ക്കാര്‍ സഹായത്താല്‍ ടിന്റുവിനു പുതിയ വീടു നിര്‍മാണം നടക്കുകയാണ്.

തുടര്‍ച്ചയായ പരിശീലനവും ചാമ്പ്യന്‍ഷിപ്പുകളും മൂലം ടിന്റു വീട്ടിലെത്തിയിട്ടു ഒന്നര വര്‍ഷത്തോളമായി. ഇഞ്ചിയോണില്‍നിന്നു ടിന്റു നാട്ടിലെത്തുന്നതോടെ വീടിന്റെ ഗൃഹപ്രവേശം നടത്താനാണു വീട്ടുകാരുടെ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.