ഗോള്‍ഡ് മേരി ഡോട്ട് കോം
ഗോള്‍ഡ് മേരി ഡോട്ട് കോം
Thursday, October 2, 2014 11:01 PM IST
ഇഞ്ചിയോണ്‍: സരിതാദേവിയുടെ കണ്ണുനീര്‍ വീണ ബോക്സിംഗ് റിംഗില്‍ മേരി കോം കൊടുങ്കാറ്റായി. 51 കിലോഗ്രാം ഫൈനലില്‍ കസാക്കിസ്ഥാന്റെ സെയ്ന ഷക്കര്‍ബക്കോവയെ (2-0) ഇടിച്ചിട്ടാണ് മേരി സ്വര്‍ണം നേടിയത്. ആദ്യറൌണ്ടില്‍ പിന്നിലായശേഷം രണ്ടും മൂന്നും റൌണ്ടുകളില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഇരട്ടക്കുട്ടികളുടെ അമ്മയായ 31-കാരി നടത്തിയത്.

പതിവു നിഷ്കളങ്ക ചിരിയോടെ റിംഗിലെത്തിയ മേരിയെ കടന്നാക്രമിക്കുകയെന്ന തന്ത്രമാണ് കസാക്ക് എതിരാളി പുറത്തെടുത്തത്. റിംഗില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള മേരിയാകട്ടെ ആദ്യറൌണ്ടില്‍ ഷക്കര്‍ബക്കോവയെ കാര്യമായി ആക്രമിക്കാന്‍ തുനിഞ്ഞതുമില്ല. എതിരാളിയുടെ ബലഹീനത മനസിലാക്കി പഞ്ചുകളില്‍ നിന്നും ഒഴിഞ്ഞുമാറുകയെന്ന തന്ത്രമാണ് മേരി പുറത്തെടുത്തത്. എങ്കിലും ആദ്യറൌണ്ടില്‍ കസാക്ക് താരം ലീഡ് നേടി.

വിധികര്‍ത്താക്കളായ ബള്‍ഗേറിയയില്‍നിന്നുള്ള ജൂലിയ ബൊട്ടേവും മൊറോക്കോയില്‍നിന്നുള്ള ഹസന്‍ സൌബിദും ഇറ്റലിയുടെ ആല്‍ബിനോ ഫോറ്റിയും കസാക്ക് താരത്തിനു ആദ്യറൌണ്ടില്‍ മൂന്നു പോയിന്റിന്റെ ലീഡ് നല്കി. രണ്ടാംറൌണ്ടില്‍ എതിരാളിക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന പതിവു രീതി സ്വീകരിച്ചതോടെ കസാക്കിസ്ഥാന്‍ താരം പതറി. മേരിയുടെ ഇടംവലം കൈകള്‍ കൊണ്ടുള്ള പഞ്ചുകള്‍ നേരിടാനാകാതെ ഷക്കര്‍ബക്കോവ പലപ്പോഴും പതറുന്നതു കാണാമായിരുന്നു. മേരിയാകട്ടെ ഗാലറികളില്‍ അലയടിച്ച ഇന്ത്യ, ഇന്ത്യ വിളികളില്‍ ആവേശമുള്‍ക്കൊണ്ട് കത്തിക്കയറുകയായിരുന്നു.


ഏഷ്യന്‍ ഗെയിംസില്‍ മേരിയുടെ ആദ്യ സ്വര്‍ണനേട്ടമാണിത്. ഗ്വാങ്ഷുവിലെ വെങ്കലമാണ് ഇഞ്ചിയോണില്‍ കനകമായത്. അഞ്ചുതവണ ലോകകീരിടം, ഒളിമ്പിക്സ് വെങ്കലമെഡല്‍ എന്നിവയ്ക്കൊപ്പം ഏഷ്യാഡ് സ്വര്‍ണംകൂടി. മാഗ്നിഫിസന്റ് മേരിയെന്നു വിളിപ്പേരുള്ള ഈ മണിപ്പൂരുകാരിയുടെ നേട്ടങ്ങളുടെ പട്ടിക നീളുകയാണ്.

മണിപ്പൂരിന്റെ പോരാട്ടവീര്യം

മേരി കോമിന്റെ പഞ്ചുകള്‍ ഒരിക്കലും ലക്ഷ്യം തെറ്റാറില്ല. കാരണം, ഇല്ലായ്മയുടെയും ദാരിദ്യ്രത്തിന്റെയും ചുറ്റുപാടില്‍ നിന്നാണ് അവള്‍ വളര്‍ന്നുവന്നത്. മണിപ്പൂരിലെ വികസനമെത്താത്ത കന്‍ഗേതേയി ഗ്രാമത്തിലാണ് മന്‍ഗറ്റേ ചുംഗെന്‍ജാംഗ് എന്ന എം.സി. മേരി കോം ജനിച്ചത്. കുട്ടിക്കാലത്ത് ഫുട്ബോളില്‍ തൊട്ടു അത്ലറ്റിക്സില്‍ വരെ കൈവച്ചിട്ടുണ്ട് മേരി. കൃഷിക്കാരായിരുന്നു മാതാപിതാക്കള്‍. ഒപ്പം വിദ്യാഭ്യാസം നന്നെ കുറഞ്ഞവരും.

1998-ലെ ഏഷ്യന്‍ ഗെയിംസില്‍ മണിപ്പൂരില്‍ നിന്നുള്ള ബോക്സിംഗ് താരമായ ഡിങ്കോ സിംഗ് സ്വര്‍ണം നേടിയതാണ് ബോക്സിംഗിലേക്കു തിരിയാന്‍ കൊച്ചുമേരിയെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് തലസ്ഥാനമായ ഇംഫാലിലേക്കു വണ്ടികയറിയ മേരി സായിയില്‍ പ്രവേശനം നേടി. കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തോടെയും നേട്ടങ്ങള്‍ കൊയ്യുന്ന മേരിയെയാണ് ലോകം പിന്നീടു ദര്‍ശിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.