സ്ക്വാഷ് ഷോ
സ്ക്വാഷ് ഷോ
Tuesday, September 23, 2014 11:19 PM IST
ഇഞ്ചിയോണ്‍: സ്ക്വാഷില്‍ കീര്‍ത്തിമുദ്ര പതിപ്പിച്ച് ദീപികയുടെ വെങ്കലപ്രഭ. ഒപ്പം വെള്ളിക്കിലുക്കം ഉറപ്പിച്ച് സൌരവ് ഘോഷാല്‍. വെടിയൊച്ചയ്ക്ക് ഒരിക്കല്‍ക്കൂടി ഓട്ടുമെഡല്‍ സമ്മാനവും. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍പോരാട്ടം കൊട്ടിക്കയറ്റമാകുമ്പോള്‍ നിരാശയും ആശങ്കകളും നിറഞ്ഞ പ്രകടനത്തിനിടയിലും നേരിയ പ്രതീക്ഷകളുടെ മെഡല്‍ത്തിളക്കവുമായി ഇന്ത്യ. മൂന്നാം ദിനത്തിലും രണ്ട് ഓട്ടുമെഡലുകളുടെ മികവില്‍ ഇന്ത്യ തിളങ്ങി.

പാതി മലയാളി ദീപിക പള്ളിക്കല്‍ സിംഗിള്‍സ് സെമിയില്‍ പരാജയപ്പെട്ടെങ്കിലും ഓട്ടു മെഡല്‍ നേടി പുതു ചരിത്രമെഴുതിയാണ് കോര്‍ട്ട് വിട്ടത്. പുരുഷന്മാരുടെ സ്ക്വാഷില്‍ സൌരവ് ഘോഷാല്‍ ഫൈനലിലെത്തിയതോടെ കുറഞ്ഞത് വെള്ളി ഉറപ്പായി. ലോക ഒന്നാം നമ്പര്‍ താരം നിക്കോള്‍ ഡേവിഡിനോടാണ് ദീപിക സെമിയില്‍ പരാജയപ്പെട്ടത്. മലേഷ്യയുടെ ഓംഗ് ബെം ഹീയെ പരാജയപ്പെടുത്തി സൌരവ് ഫൈനലിനു യോഗ്യത നേടി. ഷൂട്ടിംഗില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റള്‍ ടീം ഇനത്തില്‍ രാഹി സര്‍ണോബാത്, അനീസ സയീദ്, ഹീന സിദ്ദു എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്കു വെങ്കലം നല്‍കിയത്. 1729 പോയിന്റാണ് വനിതകള്‍ക്കു ലഭിച്ചത്.ഷൂട്ടിംഗില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്. നേരത്തെ ജിത്തു റായ് സ്വര്‍ണം നേടിയിരുന്നു.

ഇന്നലെ വുഷുവിലും ഇന്ത്യ രണ്ടു മെഡലുകള്‍ ഉറപ്പിച്ചു. നരേന്ദര്‍ ഗ്രെവാളും യുമന്‍ സനതോയിയുമാണ് പുരുഷ വനിതാവിഭാഗങ്ങളില്‍ മെഡല്‍ ഉറപ്പിച്ചത്. ഇരുവരും സെമിയിലെത്തി. പുരുഷന്മാരുടെ 60 കിലോഗ്രാം സന്‍ഡാ വിഭാഗം ക്വാര്‍ട്ടറില്‍ പാക്കിസ്ഥാന്റെ അബ്ദുള്ളയെ 2-0നു പരാജയപ്പെടുത്തിയാണ് ഗ്രെവാള്‍ സെമിയിലെത്തിയത്. ഫിലിപ്പൈന്‍സിന്റെ ലോക ഒമ്പതാം നമ്പര്‍ താരം ജീന്‍ ക്ളോഡെ സഗ്ളാഗാണ് സെമിയില്‍ ഗ്രെവാളിന്റെ എതിരാളി.


വനിതകളുടെ ക്വാര്‍ട്ടറില്‍ യുംനം സനതോയി ദേവി മംഗോളിയയുടെ അംഗലന്‍ജര്‍ഗാളിനെ 2-0നു പരാജയപ്പെടുത്തി. ലോക അഞ്ചാം നമ്പര്‍ താരം ചൈനയുടെ ലുവാന്‍ ഴാങ് ആണ് സെമിയില്‍ സനതോയി ദേവിയുടെ എതിരാളി.

ഏഷ്യന്‍ ഗെയിംസ് മൂന്നു ദിനം പിന്നിടുമ്പോള്‍ ഒരു സ്വര്‍ണവും അഞ്ചു വെങ്കലവുമുള്ള ഇന്ത്യ 13-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

കഴിഞ്ഞ ദിവസം ഇന്ത്യ 10-ാം സ്ഥാനത്തായിരുന്നു. അതേസമയം, ആദ്യ രണ്ടു ദിവസത്തെ കുറവു പരിഹരിച്ച് ചൈന മികച്ച മുന്നേറ്റത്തോടെ മുന്നിലെത്തി. 17 സ്വര്‍ണവും 12 വെള്ളിയും 12 വെങ്കലവുമുള്‍പ്പെടെ 41 മെഡലുകളുമായാണ് ചൈന മുന്നേറ്റം തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള ആതിഥേയരായ കൊറിയയ്ക്ക് 13 സ്വര്‍ണവും 11 വെള്ളിയും 11 വെങ്കലവുമുള്‍പ്പെടെ 34 മെഡലുകളുണ്ട്.

മെഡല്‍ നില

സ്വര്‍ണം, വെള്ളി, വെങ്കലം, ആകെ

1. ചൈന 26 14 18 58
2. കൊറിയ 14 15 16 45
3. ജപ്പാന്‍ 13 13 16 42
4. മംഗോളിയ 3 3 6 12
5. ഉത്തരകൊറിയ 3 3 4 10
ഇന്ത്യ(13) 1 0 5 6
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.