ഒളിമ്പിക്സില്‍ ഇല്ലേലും ഏഷ്യക്കു വേണം
Sunday, September 21, 2014 11:45 PM IST
ലോക ജനസംഖ്യ പോലെതന്നെയാണ് ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇനങ്ങളുടെ അവസ്ഥ. എവിടെയെങ്കിലും ആരെങ്കിലും ഒരു കളി കണ്ടുപിടിച്ചെന്നു വിവരം കിട്ടിയാലുടന്‍ അടുത്ത ഏഷ്യാഡില്‍ സംഭവം ഉള്‍പ്പെടുത്തിയിരിക്കും. ഈ കളികളെക്കുറിച്ചു ആര്‍ക്കൊക്കെ അറിയാമെന്നൊന്നും കാര്യമല്ല.

ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കായിക ഇനങ്ങളുടെ എണ്ണമെടുത്താല്‍ ഏഷ്യന്‍ ഗെയിംസ് സാക്ഷാല്‍ ഒളിമ്പിക്സിനെ മറികടക്കും. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയിരുന്നത് 26 ഇനങ്ങളായിരുന്നെങ്കില്‍ ഇഞ്ചിയോണില്‍ 36 വിഭാഗങ്ങളില്‍ മത്സരമുണ്ട്. ഒളിമ്പിക്സില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്ത ക്രിക്കറ്റിനു പുറമേ കബഡി, കരാട്ടെ, സെപക്താക്രോ തുടങ്ങിയ ഇനങ്ങളും ഇഞ്ചിയോണില്‍ കൌതുകമുണര്‍ത്തുന്നുണ്ട്.


സെപാക്താക്രോ

തായ്ലന്‍ഡടക്കമുള്ള സൌത്ത് ഈസ്റ് രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ കായിക ഇനങ്ങളിലൊന്നാണ് സെപാക്താക്രോ. വോളിബോളിന്റെയും ഫുട്ബോളിന്റെയും സങ്കരയിനമെന്നു ഈ കളിയെ ലളിതമായി പറയാം. ഏഷ്യാഡില്‍ ഉള്‍പ്പെടുത്തിയതോടുകൂടി സെപാക്താക്രോയുടെ ജനപ്രിയത വര്‍ധിച്ചിരിക്കുന്നുവെന്നു കണക്കുകള്‍ പറയുന്നു. തായ്ലന്‍ഡാണ് ഈ രംഗത്തെ അതികായര്‍. ഇപ്പോള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ഈ വിനോദത്തിനു പ്രചാരം കൂടിവരുന്നു.


ഇന്ത്യയുടെ സ്വന്തം കബഡി

1990-ലെ ഏഷ്യാഡ് മുതല്‍ കബഡി ഏഷ്യാഡില്‍ ഉള്‍പ്പെടുന്നത്. അന്നുമുതലിങ്ങോട്ട് സ്വര്‍ണം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല നമ്മുടെ രാജ്യം. കബഡിയുടെ ഉദയവും ഇന്ത്യയില്‍ തന്നെ. ഇന്ത്യന്‍ പ്രോ ലീഗ് ആരംഭിച്ചതോടെ കബഡിയുടെ വിപണനസാധ്യത പുതിയ തലങ്ങളിലെത്തിയിരിക്കുകയാണ്. ഇഞ്ചിയോണ്‍ ഗെയിംസ് കബഡിയുടെ സാധ്യതകള്‍ കൂടുതല്‍ വിശാലമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്നലെ വനിതകളുടെ ക്രിക്കറ്റ് മത്സരത്തില്‍ ആതിഥേയരായ ദക്ഷിണ കൊറിയയും ചൈനയും തമ്മിലുള്ള മത്സരം കാണാനെത്തിയത് ആയിരത്തിലധികം കാണികളാണ്. മിക്കവരും ക്രിക്കറ്റിന്റെ എബിസിഡി അറിയാത്തവര്‍. മത്സരത്തിനിടെ, കൊറിയക്കാരുടെ സ്റംപ് എതിരാളികള്‍ എറിഞ്ഞുപറിച്ചപ്പോള്‍ കൊറിയന്‍ ആരാധകര്‍ കൈയടിച്ചെന്നാണ് പ്രചരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.