അത്ലറ്റിക് ടീം പുറപ്പെട്ടു
അത്ലറ്റിക് ടീം പുറപ്പെട്ടു
Sunday, September 21, 2014 11:42 PM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ അത്ലറ്റിക് ടീം ഇന്നു പുലര്‍ച്ചെ രണ്ടിന് ന്യൂഡല്‍ഹിയില്‍നിന്നു യാത്ര തിരിച്ചു. 49 അംഗ സംഘമാണ് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്ന് യാത്രയായത്. അത്ലറ്റിക് ടീമില്‍ 53 അംഗങ്ങളാണ് ആകെയുള്ളത്.

4-400 മീറ്റര്‍ റിലേ ടീമിനു യോഗ്യത നേടാനാകാതെവന്നതിനാല്‍ ജിത്തു ബേബി, ബിബിന്‍ തുടങ്ങിയവര്‍ക്ക് ഇഞ്ചിയോണിലേക്കു പോകാനായില്ല. ബാക്കിയുള്ളവര്‍ ഇതിനോടകം ഇഞ്ചിയോണിലെത്തിയിട്ടുണ്ട്. പ്രാദേശിക സമയം നാളെ പുലര്‍ച്ചെ മൂന്നിനാണ് ടീം സിയൂളില്‍ വിമാനമിറങ്ങുന്നത്. അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും കേന്ദ്ര കായിക മന്ത്രാലയവും ഇന്നലെ ടീമിന് ഊഷ്മളമായ യാത്രയയപ്പു നല്‍കി. കേന്ദ്ര കായ്കമന്ത്രി സര്‍ബാനന്ദ സോണോവാല്‍ ടീമിന് ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ അത്ലറ്റിക്സിന് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്നദ്ദേഹം ആശംസിച്ചു.


കഴിഞ്ഞ തവണ 12 മെഡലുകള്‍ നാം നേടി. ഇത്തവണ അതിലും വലിയൊരു മെഡല്‍ നേട്ടം ഇന്ത്യക്കുണ്ടാകട്ടെ -സോണോവാല്‍ ആശംസിച്ചു. മെഡല്‍ നേടുന്ന എല്ലാ താരങ്ങള്‍ക്കും അര്‍ഹിക്കുന്ന പാരിതോഷികം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെയും മന്ത്രി അഭിനന്ദിച്ചു.

എഎഫ്ഐ സെക്രട്ടറി സി.കെ. വത്സനും ചടങ്ങില്‍ സംബന്ധിച്ചു. ബഹാദൂര്‍ സിംഗിന്റെ നേതൃത്വത്തിലാണ് ടീം ഇഞ്ചിയോണിലേക്ക് യാത്രയാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.