17-ാമത് ഏഷ്യന്‍ ഗെയിംസിന് ഇഞ്ചിയോണില്‍ തുടക്കം
17-ാമത് ഏഷ്യന്‍ ഗെയിംസിന് ഇഞ്ചിയോണില്‍ തുടക്കം
Saturday, September 20, 2014 11:22 PM IST
ഇഞ്ചിയോണ്‍: കായികപ്രഭയുടെ വര്‍ണരാജികള്‍ മാനത്തു വിതറി 17-ാമത് ഏഷ്യന്‍ ഗെയിംസിന് ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ തുടക്കം. ഇനിയുടെ 15 ദിനരാത്രങ്ങള്‍ ഏഷ്യന്‍ കായികക്കരുത്തിന്റെ നൂറുമേനി വിളവ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗുന്‍ ഹെ തിരി തെളിച്ചതോടെ യാണ് പതിനേഴാമത് ഏഷ്യന്‍ ഗെയിംസിനു തുടക്കമായത്. വൈവിധ്യം ഇവിടെ തിളങ്ങുന്നു എന്ന മുദ്രാവാക്യം മുഴങ്ങിയ അന്തരീക്ഷത്തില്‍ കൊറിയയുടെ തനതു കലാരൂപങ്ങളും കലാപ്രകടനങ്ങളും അരങ്ങേറി. ഏഷ്യന്‍ ഒളിമ്പിക് കൌണ്‍സില്‍ അധ്യക്ഷന്‍ ഷെയ്ക് അഹമ്മദ് ഫഹദ് അല്‍ സബാ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. വിശിഷ്ടാതിഥികള്‍ വേദിയില്‍ എത്തിയതിനുശേഷം നടന്ന മാര്‍ച്ച് പാസ്റില്‍ ഓരോ രാജ്യവും പ്രവേശിച്ചു. ദക്ഷിണകൊറിയന്‍ അക്ഷരമാല പ്രകാരം നേപ്പാളാണ് ആദ്യം സ്റേഡിയത്തില്‍ പ്രവേശിച്ചത്. ബംഗ്ളാദേശ്, സിറിയ, യുഎഇ, ഉസ്ബക്കിസ്ഥാനും ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീം സ്റേഡിയത്തില്‍ പ്രവേശിച്ചു. കാണികളുടെ മികച്ച കരഘോഷത്തിന്റെ അകമ്പടിയോടെയാണ് ഇന്ത്യന്‍ അത്ലറ്റുകള്‍ സ്റ്റേഡിയത്തിലെത്തിയത്. അത്ലറ്റുകള്‍ ഒഴികെയുള്ള ഭൂരിഭാഗം താരങ്ങളും മൈതാനത്തെത്തി. ഹോക്കി താരം സര്‍ദാര്‍ സിംഗാണ് ഇന്ത്യന്‍ പതാകയേന്തിയത്.

അയല്‍രാജ്യമായ ഉത്തരകൊറിയയ്ക്ക് അപ്രതീക്ഷിതമായ വരവേല്‍പ്പാണ് ദക്ഷിണ കൊറിയന്‍ ജനങ്ങള്‍ നല്‍കിയത്. ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലും പരേഡില്‍ പങ്കെടുത്ത അത്ലറ്റുകളെയും ഓഫീഷ്യലുകളെയും വന്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ഇതായിരുന്ന ഉദ്ഘാടനച്ചടങ്ങിലെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തവും. തിളങ്ങുന്ന വെള്ള ഷര്‍ട്ടും നീല പാന്റ്സും ധരിച്ചാണ് വടക്കന്‍ കൊറിയന്‍ താരങ്ങളും ഒഫീഷ്യല്‍സും പരേഡില്‍ ഇറങ്ങിയത്. വടക്കന്‍ കൊറിയയ്ക്കു പുറമേ ജപ്പാനും ചൈനയ്ക്കും കാണികള്‍ വന്‍ കൈയടി നല്‍കി. ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കങ്ങളില്‍ ഒന്നായ ഏഷ്യന്‍ ഗെയിംസിന്റെ ആപ്തവാക്യമായ വണ്‍ ഏഷ്യ എന്നതില്‍ കായികതാരങ്ങളെല്ലാം ഒരു കുടുംബമായി. ടീമുകള്‍ സ്റേഡിയത്തില്‍ എത്തിയശേഷമായിരുന്നു ഷെയ്ക് അഹമ്മദ് അല്‍-സബായുടെ പ്രസംഗം.

ചടങ്ങുകള്‍ക്കു മോടി കൂട്ടാന്‍ കൊറിയന്‍ പോപ് ഗായകര്‍ ഒരുക്കിയ സംഗീത വിരുന്നും ഉണ്ടായിരുന്നു. ഗന്‍ഗ്നം സ്റൈല്‍ പാട്ടുമായി പിഎസ് വൈ എത്തിയപ്പോള്‍ ആരാധകര്‍ ഇളകിമറിഞ്ഞു.

17-ാമത് ഏഷ്യന്‍ ഗെയിംസില്‍ ഒളിമ്പിക്സിലെ എല്ലാ ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ ഏഷ്യന്‍ രാജ്യങ്ങളുടെ പ്രധാന ഇനങ്ങളായ കബഡിയും വുഷുവുമുണ്ട്്. വിവിധ ഇനങ്ങളിലായി 439 സ്വര്‍ണമാണ് താരങ്ങളെ കാത്തിരിക്കുന്നത്.


ഗെയിംസ് വന്‍ വിജയമാക്കാന്‍ ശ്രമിക്കുന്ന സംഘാടകര്‍ ടിക്കറ്റ് വില്‍പ്പനയില്‍ വരുത്തിയ ഉദാസീനത മേളയുടെ ആവേശത്തിന് ഇടിവു വരുത്തി. 18 ശതമാനം ടിക്കറ്റുകള്‍ മാത്രമേ ആദ്യ ആഴ്ചകളില്‍ വില്‍ക്കാന്‍ പറ്റിയുള്ളൂ. 61,000 പേരെ ഉള്‍ക്കൊള്ളാന്‍ കറിയുന്ന സ്റേഡിയത്തില്‍ ആളില്ലാത്ത സീറ്റുകള്‍ ദൃശ്യമായിരുന്നു. ഫുട്ബോള്‍ ഉള്‍പ്പെടെ പല മത്സരങ്ങള്‍ ആരംഭിച്ചിട്ടുങ്കിെലും ഇവിടെയെങ്ങും ആരാധകരുടെ തിരക്ക് കാണാന്‍ സാധിച്ചില്ല. വ്യാഴാഴ്ച നടന്ന ജോര്‍ദാന്‍-യുഎഇ മത്സരത്തില്‍ കേവലം നൂറു പേര്‍ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. ഗെയിംസിന്റെ നടത്തിപ്പിനായി ഇഞ്ചിയോണില്‍ പതിനേഴ് പുതിയ വേദികളാണ് തീര്‍ത്തത്. ഗെയിംസ് നടത്തിപ്പുമൂലം നഗരം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കടന്നിരിക്കുന്നത്.

2010 ഗുവാങ്ഷു ഗെയിംസില്‍ 76 സ്വര്‍ണമുള്‍പ്പെടെ 232 മെഡലുകളാണ് സ്വന്തമാക്കിയത്. ഒന്നാം സ്ഥാനത്തെത്തിയ ചൈന 199 സ്വര്‍ണവും 119 വെള്ളിയും 98 വെങ്കലവുമായി ആകെ 416 മെഡലുകളാണ് നേടിയത്.

ഇന്നു പോരു തുടങ്ങുംപ്രതീക്ഷയോടെ ഇന്ത്യ

ഇഞ്ചിയോണ്‍: ഇന്ത്യ ഇന്ന് ബാഡ്മിന്റണ്‍ ഉള്‍പ്പെടെ ആറ് ഇനങ്ങളില്‍ മത്സരിക്കും. ബാഡ്മിന്റണ്‍ പുരുഷ, വനിതാ ടീം ഇനങ്ങളുടെ മത്സരമാണ് ഇന്ന്. കൂടാതെ ബാസ്കറ്റ്ബോള്‍, വോളിബോള്‍, ഹാന്‍ഡ്ബോള്‍ തുടങ്ങിയവയുടെ ടീം ഇനമത്സരങ്ങളും ഇന്നു നടക്കം.

മെഡല്‍ ഇനങ്ങളായ ഷൂട്ടിംഗ്, ഗുസ്തി ഇനങ്ങളിലും ഇന്ത്യ മത്സരിക്കും. ഗെയിംസിന്റെ ആദ്യ ദിനംതന്നെ 18 ഇനങ്ങളില്‍ ഫൈനലുകള്‍ നടക്കും. സൈക്ളിംഗ്(2), ഫെന്‍സിംഗ്(2), ജിംനാസ്റിക്സ്(1), ജൂഡോ(4), ഷൂട്ടിംഗ്(6), ഗുസ്തി(2) എന്നീ ഇനങ്ങളിലാണ് ഇന്നു ഫൈനല്‍.

ഇന്ത്യ ഇന്ന്

ബാഡ്മിന്റണ്‍ (പുരുഷന്മാര്‍) ടീം രാവിലെ 5.30
ഹാന്‍ഡ്ബോള്‍ ഇന്ത്യ- ചൈനീസ് തായ്പേയി രാവിലെ 6.30
ബാഡ്മിന്റണ്‍ (വനിത) ടീം രാവിലെ 9.30
ബാസ്കറ്റ്ബോള്‍ ഇന്ത്യ- പലസ്തീന്‍(പുരുഷന്മാര്‍) ഉച്ചയ്ക്ക് 12.45
വോളിബോള്‍ ഇന്ത്യ- ഹോങ്കോംഗ് (പുരുഷന്മാര്‍) ഉച്ചയ്ക്ക് ഒന്നിന്
വോളിബോള്‍ ഇന്ത്യ- ദക്ഷിണകൊറിയ (വനിതകള്‍) ഉച്ചകഴിഞ്ഞ് രണ്ടിന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.