ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിന് നാളെ അരങ്ങുണരും
ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിന് നാളെ അരങ്ങുണരും
Thursday, September 18, 2014 11:50 PM IST
ഇഞ്ചിയോണ്‍: ഏഷ്യയുടെ കളിയരങ്ങിനു നാളെ തിരിതെളിയും. പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് നാളെ ദക്ഷിണകൊറിയന്‍ നഗരം ഇഞ്ചിയോണില്‍ തുടക്കം. ഇനിയുള്ള 15 ദിനരാത്രങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കായികക്കുതിപ്പുകളുടെ ആവിഷ്കാരം. 45 രാജ്യങ്ങളില്‍നിന്നെത്തിയ പതിനായിരത്തോളം കായികതാരങ്ങളാണ് 49 വേദികളിലായി നടക്കുന്ന ഗെയിംസില്‍ പങ്കെടുക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ഏറ്റവും മികച്ച അവതരണത്തിന് ഏഷ്യന്‍ ഒളിമ്പിക് കൌണ്‍സിലും ഗെയിംസ് സംഘാടകരും തയാറായിക്കഴിഞ്ഞു. പ്രധാന സ്റേഡിയമായ ഇഞ്ചിയോണ്‍ ഏഷ്യാഡ് മെയിന്‍ സ്റ്റേഡിയത്തില്‍ അത്ലറ്റിക് മത്സരങ്ങളും ഉദ്ഘാടന, സമാപന ചടങ്ങുകളും നടക്കും.

കഴിഞ്ഞ മൂന്നു ദിവസമായി ഉദ്ഘാടന മാമാങ്കത്തില്‍ അവതരിപ്പിക്കുന്ന കലാപരിപാടികളുടെ റിഹേഴ്സല്‍ ഇവിടെ നടന്നുവരികയാണ്. പ്രശസ്തരായ ക്വോംഗ് ടായിക്കും ജാംഗ് ജിന്നും ചേര്‍ന്നാണ് ഉദ്ഘാടനകലാപരിപാടികള്‍ സംവിധാനം ചെയ്യുന്നത്. മീറ്റ് ഏഷ്യാസ് ഫ്യൂച്ചര്‍ എന്ന തീം സോംഗ് പ്രശസ്ത ഗായിക ജോ സുമി ആലപിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമാകുന്നത്. ലോകോത്തര കൊറിയന്‍ ഗായകനും ഓപ്പണ്‍ ഗന്‍ഗ്നം സ്റ്റൈല്‍ എന്ന പാട്ടുപാടിയ ഗായകനുമായ പിഎസ്്വൈ എന്നറിയപ്പെടുന്ന പാര്‍ക് ജായെ സാംഗിന്റെ സാന്നിധ്യം ചടങ്ങിനു മാറ്റേകും.

കൊറിയയുടെ പാരമ്പര്യകലാരൂപങ്ങളുടെ അവതരണവും ഉണ്ടായിരിക്കും. മൂവായിരത്തോളം കലാകാരന്മാരും കലാകാരികളുമാണ് വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ അത്ലറ്റുകളുടെ മാര്‍ച്ച്പാസ്റും നടക്കും.

ഉദ്ഘാടനച്ചടങ്ങുകള്‍ കാണാന്‍ ആരാധകരുടെ ഭാഗത്തുനിന്ന് തണുത്തപ്രതികരണമാണ് ഉണ്ടാകുന്നത്. രണ്ടുദിനം മാത്രം അവശേഷിക്കേ 40 ശതമാനം ടിക്കറ്റുകള്‍ മാത്രമേ വിറ്റഴിഞ്ഞിട്ടുള്ളൂ എന്നത് സംഘാടകരെ അലട്ടുന്നുണ്ട്. ഇന്നും നാളെയുമായി ബാക്കി ടിക്കറ്റുകള്‍ വിറ്റുപോകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

അതിനിടെ, വിവിധ രാജ്യങ്ങളില്‍നിന്നെത്തിയവര്‍ ഗുവോള്‍-ഡോംഗിലുള്ള ഗെയിംസ് വില്ലേജില്‍ ചേക്കേറിക്കഴിഞ്ഞു. ഇതിനകം 28 രാജ്യങ്ങള്‍ വില്ലേജിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഫുട്ബോള്‍ ടീം ഇതിനോടകം വില്ലേജിലെത്തിയെങ്കിലും മറ്റ് അംഗങ്ങള്‍ ഇന്നും നാളെയുമായേ എത്തൂ. അത്ലറ്റിക് ടീം 20നുമാത്രമേ ന്യൂഡല്‍ഹിയില്‍നിന്ന് പുറപ്പെടൂ. 1300 മുറികളാണ് വില്ലേജിലൊരുക്കിയിട്ടുള്ളത്. മൂവായിരത്തോളം മാധ്യമപ്രതിനിധികളും ഇവിടെയെത്തിയിട്ടുണ്ട്.

പ്രധാന മീഡിയ സെന്ററില്‍നിന്ന് മത്സരവേദികളിലേക്ക് ഷട്ടില്‍ ബസുകള്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. ശത്രുതമാറ്റിവച്ച് ഉത്തരകൊറിയയുടെ അത്ലറ്റുകളും ഇഞ്ചിയോണിലെത്തിയിട്ടുണ്ട്. ദക്ഷിണകൊറിയയില്‍ ശത്രുരാജ്യമായ ഉത്തരകൊറിയയുടെ പതാക ഉയര്‍ത്തരുതെന്ന നിര്‍ദേശമുണ്െടങ്കിലും ഗെയിംസ് വേദികളില്‍ ഉത്തരകൊറിയയുടെ പതാകകള്‍ ഉയര്‍ത്തുന്നതിന് അനുമതിയുണ്ട്. 267 അത്ലറ്റുകള്‍ ഉത്തരകൊറിയയെ പ്രതിനിധീകരിച്ച് എത്തും. 900 അത്ലറ്റുകളുടെ ജമ്പോ സംഘവുമായാണ് ചൈന എത്തിയിരിക്കുന്നത്.

ടോര്‍ച്ച് റാലി എത്തി

ഏഷ്യന്‍ ഗെയിംസിന്റെ ദീപശിഖ ഇഞ്ചിയോണിലെത്തി. 6000 കിലോമീറ്ററുകള്‍ താണ്ടിയാണ് ദീപശിഖ ഗെയിംസ് നഗരത്തിലെത്തിയിരിക്കുന്നത്. ഇതാദ്യമായി ആതിഥേയ രാജ്യത്തിനു പുറത്തേക്ക് ദീപശിഖാ പ്രയാണം നടത്തിയെന്ന പ്രത്യേകതയും ഇഞ്ചിയോണ്‍ ഗെയിംസിനുണ്ട്. ഓഗസ്റ്റ് ഒമ്പതിന് ന്യൂഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് സ്റേഡിയത്തില്‍നിന്നാരംഭിച്ച ദീപശിഖ പ്രയാണം 70 നഗരങ്ങളിലൂടെ സഞ്ചരിച്ചു.

ഇന്ത്യയില്‍നിന്ന് 516 അത്ലറ്റുകളാണ് ഇഞ്ചിയോണില്‍ എത്തുന്നത്. ഇതിനോടകം ഫുട്ബോള്‍ താരങ്ങളടക്കം അവിടെയെത്തിക്കഴിഞ്ഞു. കേരളത്തിലെ കായിക പ്രേമികള്‍ വളരെയധികം കാത്തിരിക്കുന്ന ഗെയിംസ് കൂടിയാണിത്. അത്ലറ്റിക്സില്‍ മാത്രം ഇരുപതു മലയാളികള്‍ ഇഞ്ചിയോണിലെത്തും.

ന്യൂഡല്‍ഹിയെ പിന്തള്ളി 2007ലാണ് ഇഞ്ചിയോണ്‍ ഏഷ്യാഡിനുള്ള വേദി സ്വന്തമാക്കിയത്. ദക്ഷിണകൊറിയ ഇതു മൂന്നാം തവണയാണ് ഏഷ്യന്‍ ഗെയിംസിനു വേദിയാകുന്നത്. 1986ല്‍ സിയൂളും 2002ല്‍ ബുസാനും ഏഷ്യന്‍ ഗെയിംസിനു വേദിയായി. ഏഷ്യയുടെ നാനാതരത്തിലുള്ള വൈവിധ്യങ്ങള്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നാനാത്വം ഇവിടെ തിളങ്ങുന്നു എന്നതാണ് ഗെയിംസിന്റെ മുദ്രാവാക്യം.

2016 ഒളിമ്പിക്സില്‍ ഉള്‍പ്പെട്ട 28 കായിക ഇനങ്ങള്‍ കൂടാതെ ബേസ്ബോള്‍, ടെന്‍-പിന്‍ ബൌളിംഗ്, ക്രിക്കറ്റ്, കബഡി, കരാട്ടെ, സെപക്താക്രോ, സ്ക്വാഷ് എന്നീ ഇനങ്ങളുമുണ്ട്. 477 സ്വര്‍ണമെഡലുകള്‍ പ്രഖ്യാപിക്കപ്പെട്ട ഗ്വാന്‍ഷു ഏഷ്യന്‍ ഗെയിംസില്‍ 199ഉം നേടിയ ചൈന എതിരാളികളെ ബഹുദൂരം പിന്നിലാക്കി. അത്തരത്തിലൊരു പ്രകടനം ഇത്തവണയും ചൈന പ്രതീക്ഷിക്കുന്നു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ ടീം ജപ്പാനാണ്; 2650 മെഡലുകള്‍; ചൈന 2553 മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ ഇതുവരെ 545 മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്്.


ഇന്ത്യക്കു മികച്ച സാധ്യത

2010 നവംബറില്‍ ചൈനയിലെ ഗ്വാന്‍ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. 14 സ്വര്‍ണവും 17 വെള്ളിയും 34 വെങ്കലവുമടക്കം 65 മെഡലുകള്‍ നേടിയ ഇന്ത്യ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്തു. എന്നാല്‍, അതിലും മികച്ച ഒരു പ്രകടനമാണ് ഇത്തവണ ഇന്ത്യ ഉറ്റുനോക്കുന്നത്. പല അത്ലറ്റുകളുടെയും പരിക്ക് ഇന്ത്യയെ വലയ്ക്കുന്നുണ്ട്്. ആറ് പ്രധാന ഇന്ത്യന്‍ അത്ലറ്റുകള്‍ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നില്ല. ഒളിമ്പിക് മെഡല്‍ ജേതാക്കളായ ഗുസ്തി താരം സുശീല്‍ കുമാര്‍, ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ്, ബാഡ്മിന്റണ്‍ ഡബിള്‍സ് താരം ജ്വാല ഗുട്ട എന്നിവര്‍ പരിക്കുമൂലം പിന്മാറിയപ്പോള്‍ എടിപി റാങ്കിംഗ് ഉയര്‍ത്തുക എന്ന ലക്ഷ്യം വച്ച് ടെന്നീസ് താരങ്ങളായ സോംദേവ് ദേവ് വര്‍മന്‍, ലിയാന്‍ഡര്‍ പെയ്സ്, രോഹന്‍ ബൊപ്പണ്ണ എന്നിവരാണ് ഇന്ത്യന്‍ നിരയിലില്ലാത്ത പ്രമുഖര്‍. അതേസമയം, നേരത്തെ പിന്മാറിയ സാനിയ മിര്‍സ പിന്നീട് ടീമിനൊപ്പം ചേര്‍ന്നു.

ഇന്ത്യ അയയ്ക്കുന്ന 516 അത്ലറ്റുകളില്‍ 146 പേരില്‍നിന്നും മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. അതില്‍ മെഡല്‍ ഉറപ്പായും പ്രതീക്ഷിക്കുന്ന ഇനമാണ് ബോക്സിംഗ്. അത്ലറ്റിക്സില്‍ ഇന്ത്യ എത്രത്തോളം മുന്നേറുമെന്ന് കണ്ടറിയണം.

അഞ്ചു സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലവുമുള്‍പ്പെടെ 12 മെഡലുകളായിരുന്നു ഇന്ത്യക്ക് അത്ലറ്റിക്സില്‍ കഴിഞ്ഞ തവണ ലഭിച്ചത്. പ്രീജ ശ്രീധരന്‍, ജോസഫ് ഏബ്രഹാം, അശ്വിനി അക്കുഞ്ജി, സുധ സിംഗ് എന്നിവര്‍ സ്വര്‍ണം നേടി. ഒപ്പം 400 മീറ്റര്‍ റിലേയിലും ഇന്ത്യ സ്വര്‍ണമണിഞ്ഞിരുന്നു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഗ്വാങ്ഷുവിലേത്.

അത്ലറ്റിക്സില്‍ ഇന്ത്യ ഏറ്റവും അധികം പ്രതീക്ഷയോടെ ഇന്ത്യയും കേരളവും കാത്തിരിക്കുന്നത് ടിന്റുവിന്റെ പ്രകടനമാണ്.

സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടിന്റു തന്നെയാണ് ഏഷ്യയിലെ നമ്പര്‍ വണ്‍ എന്നതുതന്നെയാണ് ടിന്റുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപ്, 400 മീറ്റര്‍ റിലേ എന്നീയിനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍തന്നെയാണ് മുന്നില്‍. വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യ തീര്‍ച്ചയായും ഒരു മെഡല്‍ എം.ആര്‍. പൂവമ്മയില്‍നിന്നു പ്രതീക്ഷിക്കുന്നു.

സീസണിലെ പ്രകടനം കണക്കിലെടുത്താല്‍ ഇന്ത്യയുടെ ഉറച്ച സ്വര്‍ണമാണ് വികാസ് ഗൌഡയുടേത്. അദ്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ വികാസ് സ്വര്‍ണം നേടും. സീസണില്‍ 65. 62 മീറ്റര്‍ കണ്െടത്തിയ വികാസ് ഏഷ്യയില്‍ ഒന്നാം സ്ഥാനത്താണ്.

ഹോക്കിയില്‍ ഗ്ളാസ്ഗോയിലെ വെള്ളി മെഡല്‍ ഇന്ത്യന്‍ ഹോക്കിക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി.വി. സിന്ധുവില്‍നിന്നും സൈന നെഹ് വാളില്‍നിന്നും മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്്്. കബഡിയില്‍ ഇന്ത്യക്കു സ്വര്‍ണം ലഭിക്കുമെന്നു കരുതാം.

സായി ഡയറക്ടര്‍ ജനറല്‍ ജിജി തോംസന്റെ അഭിപ്രായത്തില്‍ ഇന്ത്യ 70 മുതല്‍ 75 വരെ മെഡലുകള്‍ സ്വന്തമാക്കും എന്നാണ്. 28 ഇനങ്ങളില്‍ മത്സരിക്കാനാണ് കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ബൌളിംഗ്, കരാട്ടെ, മോഡേണ്‍ പെന്റാത്തലന്‍, റഗ്ബി, സോഫ്റ്റ് ടെന്നീസ്, ട്രയാത്തലന്‍ എന്നീ ഇനങ്ങളില്‍ മത്സരിക്കേണ്െടന്ന് കേന്ദ്ര കായിക മന്ത്രാലയം നിലപാടെടുത്തു.

ഗ്വാന്‍ഷു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ എട്ടു മെഡലുകള്‍ നേടിയ ഇനങ്ങളാണ് റോളര്‍ സ്പോര്‍ട്സ്, ചെസ് തുടങ്ങിയവ. എന്നാല്‍, ഇഞ്ചിയോണില്‍ ഈ ഇനങ്ങളില്ല.

ലോകത്തെ ഏറ്റവും വലിയ കായിക ശക്തികള്‍ ഏഷ്യയിലാണെന്നു തെളിയിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യയേപ്പോലുള്ള രാജ്യങ്ങള്‍ക്ക് തങ്ങളുടെ വളരുന്ന കായിക ശക്തിയുടെ മികച്ച പ്രദര്‍ശനത്തിനും ഇഞ്ചിയോണ്‍ വേദിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.