റയലിനെ അത്ലറ്റിക്കോ വീഴ്ത്തി
റയലിനെ അത്ലറ്റിക്കോ വീഴ്ത്തി
Monday, September 15, 2014 11:19 PM IST
മാഡ്രിഡ്: മാഡ്രിഡ് ഡര്‍ബിയില്‍ റയലിനെതിരേ അത്ലറ്റിക്കോയ്ക്കു ജയം. റയലിന്റെ തട്ടകമായ സാന്റിയാഗൊബര്‍ണബ്യുവില്‍ അരങ്ങേറിയ മത്സരത്തില്‍ 2-1നായിരുന്നു നിലവിലെ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ ജയം. പത്താം മിനിറ്റില്‍ തിയാഗൊയിലൂടെ മുന്നിലെത്തിയ അത്ലറ്റിക്കോയെ 26-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ റയല്‍ സമനിലയില്‍ പിടിച്ചു. എന്നാല്‍, മത്സരഗതിക്കെതിരേ 76-ാം മിനിറ്റില്‍ അര്‍ഡ തുറാന്‍ അത്ലറ്റിക്കോയുടെ ജയംകുറിച്ച ഗോളും സ്വന്തമാക്കി.

ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയലിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരത്തില്‍ റയല്‍ സോസിഡാഡിനോട് മുന്നിട്ടുനിന്നശേഷം റയല്‍ മാഡ്രിഡ് 4-2നു പരാജയപ്പെട്ടിരുന്നു. ഈ സീസണില്‍ റയല്‍ സ്വന്തമാക്കിയ ടോണി ക്രൂസ്, ജയിംസ് റോഡ്രിഗസ് എന്നിവരെ ഫലപ്രദമായി ഉപയോഗിക്കാന്‍ ആന്‍സിലോട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ലോകകപ്പിലെ ഗോളടിവീരനായ റോഡ്രിഗസ് അത്ലറ്റിക്കോയ്ക്കെതിരായ മത്സരത്തില്‍ റഫറിയോട് അനാവശ്യമായി തട്ടിക്കയറുകപോലും ചെയ്തു. ക്രിസ്റ്യാനോ റൊണാള്‍ഡോ, ഗരെത് ബെയ്ല്‍ എന്നിവരെയെല്ലാം നിരത്തിയെങ്കിലും അത്ലറ്റിക്കോയുടെ പ്രതിരോധം കടന്നുകയറാന്‍ റയലിനായില്ല. ബെയ്ലിനെ പിന്‍വലിക്കേണ്ടിപ്പോലും വന്നു. മത്സരത്തിന്റെ സിംഹഭാഗവും പന്ത് കൈവശംവച്ച റയലിനെ, അത്ലറ്റിക്കോ തങ്ങളുടെ ബോക്സിനുള്ളില്‍ വന്‍മതില്‍കെട്ടി തടഞ്ഞു. ഒറ്റപ്പെട്ട പ്രത്യാക്രമണത്തിലൂടെ ഇടയ്ക്കു റയല്‍ പ്രതിരോധത്തിന്റെ ബലഹീനത വ്യക്തമാക്കി. വീണുകിട്ടിയ അവസരം ഗോളാക്കിമാറ്റി. അതോടെ സ്വന്തം നാട്ടുകാരുടെ മുന്നില്‍ റയല്‍ തലകുനിച്ചു.


മറ്റു മത്സരങ്ങളില്‍ മലാഗയും ലെവന്റയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ റയോ വയ്യക്കാനോയെ 3-2ന് എല്‍ഷെ കീഴടക്കി. മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പതു പോയിന്റുമായി ബാഴ്സലോണയും ഏഴു പോയിന്റുമായി അത്ലറ്റിക്കോയും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ തുടരുന്നു. മൂന്നു മത്സരങ്ങില്‍ നിന്ന് മൂന്നുപോയിന്റുമായി റയല്‍ മാഡ്രിഡ് 13-ാം സ്ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.