എങ്ങനെ ഏകദിനം കളിക്കാമെന്ന് ഇന്ത്യ കാണിക്കുന്നു: സ്റിവാര്‍ട്ട്
Monday, September 1, 2014 11:22 PM IST
ലണ്ടന്‍: ഏകദിന ക്രിക്കറ്റ് എങ്ങനെ കളിക്കാമെന്ന് ഇന്ത്യ ഇംഗ്ളണ്ടിനെ പഠിപ്പിക്കുകയാണെന്ന് മുന്‍ ഇംഗ്ളീഷ് നായകന്‍ അലെക് സ്റിവാര്‍ട്ട്. ഇന്ത്യക്കെതിരേ നടക്കുന്ന ഏകദിന പരമ്പരയില്‍ രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ട ഇംഗ്ളണ്ട് അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-0നു പുറകിലായി. ആദ്യ മത്സരം മഴ മൂലം തടസപ്പെട്ടപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങളില്‍ ഇംഗ്ളണ്ട് വന്‍ തോല്‍വി നേരിട്ടു. ഇപ്പോഴത്തെ ടീമിന്റെ പ്രകടനം 1990 കാലങ്ങളിലെ ടീമിനെ അനുസ്മരിപ്പിക്കുന്നുവെന്ന് സ്റിവാര്‍ട്ട് പറഞ്ഞു. ഇംഗ്ളണ്ടിനോട് കൂടുതല്‍ ധൈര്യമായിരിക്കാനും കിട്ടുന്ന അവസരങ്ങള്‍ പോസിറ്റീവായി ഉപയോഗിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍, പഴയതില്‍നിന്ന് ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. തെറ്റുകള്‍ ഒന്നിനു പിറകെ ഒന്നായി ആവര്‍ത്തിക്കുന്നു- അദ്ദേഹം പറഞ്ഞു.


ഏകദിനത്തില്‍ അലിസ്റര്‍ കുക്കിന്റെ നായകത്വത്തിനെതിരേ മുന്‍ താരങ്ങളായ മൈക്കല്‍ വോണ്‍, ഗ്രെയിം സ്വാന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. കുക്കിനെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും ടീം സെലക്ടര്‍മാര്‍ തയാറായിട്ടില്ലെന്നും പേടിയില്ലാതെ കളിക്കാന്‍ ഇപ്പോഴത്തെ കളിക്കാര്‍ തയാറാകണമെന്നും അവരുടെ കഴിവ് കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെസ്റില്‍നിന്നു വ്യത്യസ്തമായി ഒരു ഇന്ത്യന്‍ ടീമിനെയാണ് ഏകദിനത്തില്‍ കാണുന്നത്. വന്‍ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഓരോ മത്സരം കഴിയുമ്പോഴും അമ്പത് ഓവര്‍ മത്സരം എങ്ങനെ കളിക്കണമെന്ന് ഇംഗ്ളണ്ടിനെ ഇന്ത്യ പഠിപ്പിക്കുകയാണ്. ബാറ്റിംഗിലും ബൌളിംഗിലും ഇന്ത്യന്‍ ടീം ഒന്നടങ്കം മാറിയെന്നും മുന്‍ ഇംഗ്ളണ്ട് നായകന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.