ഓസീസിനെ സിംബാബ്വെ മറിച്ചു
ഓസീസിനെ സിംബാബ്വെ മറിച്ചു
Monday, September 1, 2014 11:20 PM IST
ഹരാരെ: ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ സിംബാബ്വെ ഓസ്ട്രേലിയയെ അട്ടിമറിച്ചു. 1983 ലോകപ്പിനുശേഷം ആദ്യമായാണ് സിംബാബ്വെ ഓസ്ട്രേലിയയെ കീഴടക്കുന്നത്. മൂന്നു വിക്കറ്റിനായിരുന്നു സിംബാബ്വെയുടെ ജയം. സ്കോര്‍: ഓസ്ട്രേലിയ 50 ഓവറില്‍ ഒമ്പതിന് 209. സിംബാബ്വെ 48 ഓവറില്‍ ഏഴിന് 211.

ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് 152 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിന്റെ കണക്കുതീര്‍ക്കലായി ഈ ജയം. ടോസ് ജയിച്ച് ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്കു ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 68 റണ്‍സ് നേടി പുറത്താകാതെ നിന്ന നായകന്‍ മൈക്കിള്‍ ക്ളാര്‍ക്കും 49 റണ്‍സ് എടുത്ത ബ്രാഡ് ഹാഡിനുമാണ് ഓസീസ് ഇന്നിംഗ്സില്‍ പിടിച്ചു നിന്നത്.


മറുപടിക്കായി ക്രീസിലെത്തിയ സിംബാബ്വെ പ്രോസ്പര്‍ ഉത്സേയയുടെയും എല്‍ട്ടണ്‍ ചിഗുംബുരയുടെയും മികവില്‍ ജയത്തിലെത്തി. 28 പന്തില്‍ 30 റണ്‍സ് നേടി ഉത്സേയയും 68 പന്തില്‍ 52 റണ്‍സ് നേടി ചിഗുംബുരയും പുറത്താകാതെ നിന്നു. ചിഗുംബുരയാണ് മാന്‍ ഓഫ് ദ മാച്ച്.

1983 ലോകകപ്പിനിടെ ഓസ്ട്രേലിയയെ കീഴടക്കിയതിനുശേഷം സിംബാബ്വെയ്ക്ക് കംഗാരുക്കള്‍ക്കെതിരേ ജയം നേടാന്‍ സാധിച്ചിട്ടില്ല. പിന്നീടു നടന്ന 27 ഏകദിനങ്ങളിലും ഓസ്ട്രേലിയയ്ക്കായിരുന്നു ജയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.