ജയം തുടരാന്‍ ഇന്ത്യ; തിരിച്ചുവരവിന് ഇംഗ്ളണ്ട്
ജയം തുടരാന്‍ ഇന്ത്യ; തിരിച്ചുവരവിന് ഇംഗ്ളണ്ട്
Saturday, August 30, 2014 11:06 PM IST
നോട്ടിംഗ്ഹാം: ബാറ്റുകൊണ്ടും പന്തുകൊണ്ടും കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡനില്‍ തകര്‍ത്താടിയശേഷം ടീം ഇന്ത്യ നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ ഇന്നിറങ്ങും, തുടര്‍ച്ചയായ രണ്ടാം ജയത്തിലൂടെ ഏകദിന പരമ്പരയിലെ ലീഡുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ. ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചെങ്കിലും രണ്ടാം ഏകദിനം ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. മഴയെത്തിനോക്കിയതിനെത്തുടര്‍ന്ന് കാര്‍ഡിഫില്‍ മൂന്ന് ഓവര്‍ വെട്ടിക്കുറച്ചു. എന്നാല്‍, സുരേഷ് റെയ്നയുടെയും രവീന്ദ്ര ജഡേജയുടെയും മിന്നും പ്രകടനത്തിലൂടെ ഇന്ത്യ 133 റണ്‍സിന്റെ തിളക്കമാര്‍ന്ന വിജയം നേടി.

അഞ്ചു മത്സര പരമ്പരയില്‍ ഇന്നും വിജയിച്ച് ലീഡ് 2-0 ആക്കാനാണ് എം.എസ്. ധോണിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ടെസ്റ് പരമ്പരയിലെ നാണക്കേടിന് ഏകദിന പമ്പര നേടി മുറിവുണക്കുകയാണ് ഇന്ത്യ മുന്നില്‍ക്കാണുന്നത്. ആ ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ ഇന്നു ജയം വേണം. അനാവശ്യ അഭിപ്രായ പ്രകടനത്തിലൂടെ ബിസിസിഐയുടെ അപ്രീതിക്കു പാത്രമായ ധോണി കാര്‍ഡിഫിലെ ജയത്തിലൂടെ നെഞ്ചുവിരിച്ചാണു നില്‍ക്കുന്നത്. മറുവശത്ത് ഇംഗ്ളണ്ടിന്റെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് കുക്കിനെ നീക്കണമെന്ന് ആവശ്യം നേരത്തേ ഉയര്‍ന്നിട്ടുണ്ട്. അതിനിടെയാണ് കാര്‍ഡിഫിലെ ദയനീയ പരാജയം. അതുകൊണ്ടുതന്നെ കുക്കിനും ചിലതു തെളിയിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ ഇന്നത്തെ മത്സരം നിലനില്‍പ്പിന്റെ പോരാട്ടം കൂടിയാണ്.

ടെസ്റ് പരമ്പരയിലെ 3-1ന്റെ തോല്‍വിയില്‍നിന്നു ഫീനിക്സിനെപോലെ ഉയിര്‍ത്തെണീക്കുന്നതായിരുന്നു കാര്‍ഡിഫില്‍ ഇന്ത്യയുടെ പ്രകടനം. 75 പന്തില്‍ 100 റണ്‍സ് നേടിയ സുരേഷ് റെയ്നയുടെയും നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെയും പിന്‍ബലത്തില്‍ ഇന്ത്യ 133 റണ്‍സിന്റെ കൂറ്റന്‍ ജയമാഘോഷിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്ത് റെയ്ന നേടുന്ന ആദ്യ സെഞ്ചുറിയായിരുന്നു അത്. അതിനായി റെയ്നയെ ഒരുക്കിയത് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും പ്രവീണ്‍ ആംറെയും കീഴിലുള്ള പരിശീലനമായിരുന്നെന്നത് മറ്റൊരു വശം. ബാറ്റിംഗില്‍ റെയ്നയ്ക്കൊപ്പം ഓപ്പണര്‍ രോഹിത് ശര്‍മയും നായകന്‍ ധോണിയും അജിങ്ക്യ രഹാനെയുമാണ് സോഫിയ ഗാര്‍ഡനില്‍ തിളങ്ങിയത്. രോഹിതും ധോണിയും 52 റണ്‍സ് വീതം നേടി. എന്നാല്‍, വിരലിനു പരിക്കേറ്റു പുറത്തായ രോഹിത് ഇന്ത്യക്കൊപ്പമില്ലാത്തതു വന്‍ തിരിച്ചടിയാകും.


ഫോം കണ്െടത്താന്‍ വിഷമിക്കുന്ന ശിഖര്‍ ധവാനും വിരാട് കോഹ്ലിയുമാണ് ബാറ്റിംഗ് നിരയില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളി. സന്നാഹ മത്സരത്തില്‍ കോഹ്ലി അര്‍ധസെഞ്ചുറി നേടിയിരുന്നെങ്കിലും ആ പ്രകടനം ആവര്‍ത്തിക്കാന്‍ യുവതാരത്തിനു കാര്‍ഡിഫില്‍ സാധിച്ചില്ല. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് പരമ്പരകളിലും ധവാന്‍ പരാജയമായിരുന്നെന്നതും വാസ്തവം. അതിനാല്‍ ധവാനെ മാറ്റുമോയെന്ന് കണ്ടറിയണം. ബൌളിംഗില്‍ മുഹമ്മദ് ഷാമി, ഭുവനേശ്വര്‍, മോഹിത് ശര്‍മ, ആര്‍. അശ്വിന്‍, ജഡേജ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നതും ഇന്ത്യക്ക് ആശ്വാസമാണ്.

ട്രെന്റ്ബ്രിഡ്ജിലെ കോറിഡോറിലൂടെ നടന്നുനീങ്ങുമ്പോഴാണ് ജയിംസ് ആന്‍ഡേഴ്സണ്‍ ജഡേജയെ പിടിച്ചുതള്ളിയതും ഇരുവരും വാക്കേറ്റം നടത്തിയതും. ജഡേജ-ആന്‍ഡേഴ്സണ്‍ വിവാദത്തിന്റെ തീപ്പൊരി ചിതറിയത് അവിടെയാണ്. ആഴ്ചകള്‍ക്കുശേഷം ഇരുവരും അതേ സ്ഥലത്തുകൂടി വീണ്ടും നടന്നു നീങ്ങുമെന്ന പ്രത്യേകതയും ഇന്നുണ്ട്.

ടെസ്റില്‍ ഒരുക്കിയ പിച്ച് മോശമായിരുന്നെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, പിച്ചില്‍ മാറ്റംവരുത്തിയിട്ടുണ്െടന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ റണ്‍സ് ഒഴുകുമെന്നാണ് വിലയിരുത്തല്‍.

പരിക്ക്: രോഹിത് പുറത്ത്, പകരം വിജയ്

നോട്ടിംഗ്ഹാം: ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ രോഹിത് ശര്‍മ പരിക്കേറ്റ് പുറത്ത്. രോഹിതിനു പകരം മുരളി വിജയ്യെ ടീമില്‍ ഉള്‍പ്പെടുത്തി. ടെസ്റ് പരമ്പരയ്ക്കുശേഷം നാട്ടിലേക്കു മടങ്ങിയ വിജയ് ഇന്നു നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ടീമിനൊപ്പം ചേരുമോയെന്ന് വ്യക്തമല്ല.

കാര്‍ഡിഫില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ 52 റണ്‍സ് നേടിയിരുന്നു. മൂന്നാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയ്ക്കൊപ്പംചേര്‍ന്ന് രോഹിത് നടത്തിയ 91 റണ്‍സ് കൂട്ടുകെട്ടായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിന് അടിത്തറ നല്കിയത്. പരിശീലനത്തിനിടെ വലതുകൈയുടെ നടുവിരലിനേറ്റ പരിക്കാണ് രോഹിതിനു വിനയായത്. ഇതോടെ ശേഷിക്കുന്ന ഏകദിനത്തിലും ഏക ട്വന്റി-20യിലും രോഹിത് ഇന്ത്യക്കൊപ്പമുണ്ടാകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.