ചരിത്രം രചിക്കാന്‍ സിന്ധു
ചരിത്രം രചിക്കാന്‍ സിന്ധു
Saturday, August 30, 2014 11:03 PM IST
കോപ്പന്‍ഹേഗന്‍: ലോക ബാഡ്മിന്റണില്‍ ഇന്ത്യയുടെ യശസുയര്‍ത്തിക്കൊണ്ട് പി.വി. സിന്ധുവിന്റെ മുന്നേറ്റം. കോപ്പന്‍ഹേഗനില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്നുകൊണ്ട് സിന്ധു ചരിത്രം കുറിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയും ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പിച്ച സിന്ധു ക്വാര്‍ട്ടറില്‍ ഓള്‍ ഇംഗ്ളണ്ട് ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ ഷിസിയാംഗ് വാംഗിനെ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്ക് തകര്‍ത്താണ് സെമിയിലെത്തിയത്. സ്കോര്‍: 19-21, 21-19, 21-15. ബല്ലെറപ് അരീനയില്‍ നടന്ന മത്സരത്തില്‍ ആദ്യ ഗെയിം മികച്ച പോരാട്ടത്തിനൊടുവില്‍ വഴങ്ങിയെങ്കിലും രണ്ടും മൂന്നും ഗെയിമുകള്‍ നേടിക്കൊണ്ട് സിന്ധു അവിശ്വസനീയ മടങ്ങിവരവ് നടത്തുകയായിരുന്നു. ചൈനയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോകചാ മ്പ്യന്‍ഷിപ്പിലും 19കാരിയായ സിന്ധു സെമിയിലെത്തിയിരുന്നു.

അതേസമയം, ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് സൈന നെഹ്വാള്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ലി സുരിയു നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയെ കെട്ടുകെട്ടിച്ചത്. 45 മിനിറ്റിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ 21-15, 21-15നാണ് സൈന പരാജയപ്പെട്ടത്.

11-ാം സീഡായ സിന്ധു, സൈനയ്ക്കുശേഷം ഇന്ത്യ കണ്ട മികച്ച ബാഡ്മിന്റണ്‍ താരമാണ്. സൈന പലപ്പോഴും ചൈനീസ് താരങ്ങള്‍ക്കു മുന്നില്‍ പതറുമ്പോള്‍ അവരെ ആത്മവിശ്വാസത്തോടെ ഫലപ്രദമായി നേരിടുന്നു എന്നതാണ് സിന്ധുവിനെ വ്യത്യസ്തയാക്കുന്നത്. ചൈനീസ് തായ്പേയിയുടെ സു യിംഗ് തായി- സ്പെയിനിന്റെ കരോലിന്‍ മാരിന്‍ മത്സരവിജയിയെയായിരിക്കും സിന്ധു സെമിയില്‍ നേരിടുക.

ഒരു മണിക്കൂര്‍ 25 മിനിറ്റ് നീണ്ട മത്സരത്തില്‍ തുടക്കംമുതലേ ചൈനീസ് താരത്തിന് വെല്ലുവിളിയുയര്‍ത്താന്‍ സിന്ധുവിനായി. ആദ്യഗെയിമില്‍ ഒരു ഘട്ടത്തില്‍ 10-10 എന്ന നിലയില്‍ സമനില പാലിക്കാനും സിന്ധുവിനായി. രണ്ടാം ഗെയിമില്‍, തുടക്കത്തിലേ 5-1ന്റെ ലീഡ് നേടിയെങ്കിലും 6-6 സമനില സ്വന്തമാക്കാന്‍ ഷിസിയാന്‍ വാംഗിനു സാധിച്ചു. എന്നാല്‍, മികച്ച നെറ്റ് ഷോട്ടുകള്‍ സിന്ധുവിന് 11-9 ലീഡ് സമ്മാനിച്ചു. എന്നാല്‍, സിന്ധുവിന്റെ അപ്രതീക്ഷിത അണ്‍ഫോര്‍സ്ഡ് എററുകള്‍ സംഭവിച്ചതോടെ 16-16 എന്ന നിലയിലേക്ക് രണ്ടാം ഗെയിം എത്തി.


എന്നാല്‍, അവിടെനിന്ന് അപ്രതീക്ഷിത കുതിപ്പു നടത്തിയ സിന്ധു 19-16 ലീഡ് സ്വന്തമാക്കി. മൂന്നു ഗെയിം പോയിന്റുകള്‍ സേവ് ചെയ്ത ചൈനീസ് താരം വീണ്ടും ഒപ്പമെത്തി. എന്നാല്‍, അന്തിമവിജയം സിന്ധുവിനൊപ്പമായി. ഇതോടെ ഇരുവര്‍ക്കും ഓരോ ഗെയിം വീതം. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ലോംഗ് റാലിയുമായി കളി തുടങ്ങിയ സിന്ധു തുടക്കത്തിലേ 5-2ന്റെ ലീഡ് സ്വന്തമാക്കി. എന്നാല്‍, അവിടെ അടിപതറിയെ സിന്ധുവിന് 5-5 സമനില വഴങ്ങേണ്ടിവന്നു. പിന്നെ കയറിയും ഇറങ്ങിയും ഇരുവരും മുന്നേറി 12-12ലെത്തി. അവിടെനിന്നു കുതിച്ച സിന്ധു 17-15ന്റെ ലീഡെടുത്തു. വിജയം മനസിലുറപ്പിച്ചു കളിച്ച സിന്ധു പിന്നീട് ഒരവസരവും നല്‍കാതെ 21-15ന് മാച്ചും മെഡലും ഉറപ്പിച്ചു.

ഗ്ളാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും സിന്ധു വെങ്കലം നേടിയിരുന്നു. സെമിയില്‍ വിജയിക്കാനായാല്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി സിന്ധുവിനെ തേടിയെത്തും. ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യതാരമെന്ന ബഹുമതി കഴിഞ്ഞവര്‍ഷം സിന്ധു സ്വന്തമാക്കിയിരുന്നു.

സൈനയ്ക്ക് ഒരവസരവും നല്‍കാതെയാണ് ലി സുരിയു ജയിച്ചുകയറിയത്. രണ്ടാം ഗെയിമില്‍ 12-12ന് ലീഡ് പിടിക്കാനായി എന്നതൊഴിച്ചാല്‍ സൈനയ്ക്ക് ഒന്നു പൊരുതാന്‍ പോലും കഴിഞ്ഞില്ല എന്നതാണ് വസ്തുത. ജപ്പാന്റെ മനാറ്റ്സു മിതാനിയാണ് ലിയുടെ സെമി എതിരാളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.