സൂപ്പര്‍ റെയ്ന; ഡ്യൂപ്പര്‍ ഇന്ത്യ
സൂപ്പര്‍ റെയ്ന; ഡ്യൂപ്പര്‍ ഇന്ത്യ
Thursday, August 28, 2014 1:22 AM IST
കാര്‍ഡിഫ്: ടെസ്റിലേറ്റ പ്രഹരത്തിന് ഏകദിനത്തില്‍ മധുരപ്രതികാരത്തോടെ ഇന്ത്യ കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡനില്‍ തകര്‍ത്താടി. സുരേഷ് റെയ്നയുടെ ഉജ്വല സെഞ്ചുറിയും (75 പന്തില്‍ 100) രവീന്ദ്ര ജഡേജയുടെ (28 റണ്‍സിന് നാലു വിക്കറ്റ്) ബൌളിംഗും ഇഴചേര്‍ന്നപ്പോള്‍ ഇംഗ്ളണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു കൂറ്റന്‍ ജയം. മഴമൂലം അല്പനേരം തടസപ്പെട്ട മത്സരത്തില്‍ 133 റണ്‍സിനാണ് ഇന്ത്യ ജയമാഘോഷിച്ചത്. സ്കോര്‍: ഇന്ത്യ 50 ഓവറില്‍ ആറിന് 304. ഇംഗ്ളണ്ട് 38.1 ഓവറില്‍ 161. മഴയെത്തുടര്‍ന്ന് ഇംഗ്ളണ്ടിന്റെ ലക്ഷ്യം 47 ഓവറില്‍ 295 ആയി പുനര്‍നിര്‍ണയിച്ചിരുന്നു. സെഞ്ചുറി നേടി ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലാകുകയും പ്രത്യാക്രമണത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സുരേഷ് റെയ്നയാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യയുടെ തുടക്കം പതുക്കെയായിരുന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഇംഗ്ളീഷ് പേസ് ആക്രമണത്തെ ശ്രദ്ധയോടെ നേരിട്ടു. മൂന്നാം ഓവറിന്റെ അവസാന പന്തിലാണ് ഇന്നിംഗ്സിലെ ആദ്യ ബൌണ്ടറിയെത്തിയത്. ജയിംസ് ആന്‍ഡേഴ്സന്റെ പന്ത് ക്ളാസിക് ഓണ്‍ ഡ്രൈവിലൂടെ രോഹിത് ശര്‍മ സ്ട്രെയ്റ്റ് മിഡ്ഓണിലേക്ക് പറഞ്ഞയച്ചു. അടുത്ത ഓവറിന്റെ അവസാന പന്തില്‍ ശിഖര്‍ ധവാനും ബൌണ്ടറി പായിച്ചു. എന്നാല്‍, എട്ടാം ഓവറിന്റെ ആദ്യ പന്തില്‍ ധവാനെ ക്രിസ് വോക്സ് വിക്കറ്റിനു പിന്നില്‍ ജോസ് ബട്ട്ലറിന്റെ കൈകളിലെത്തിച്ച് ഇംഗ്ളണ്ടിന് ബ്രേക്ക്ത്രൂ നല്കി. 22 പന്തില്‍ നിന്ന് രണ്ടു ഫോറിന്റെ സഹായത്തോടെ 11 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം. മൂന്നാമനായെത്തിയ വിരാട് കോഹ്ലിക്ക് മൂന്നു പന്തിന്റെ ആയുസ്മാത്രമേ ഉണ്ടായിരുന്നുള്ളൂ. വോക്സിന്റെ നാലാം പന്തില്‍ കോഹ്ലി പുറത്ത്. വോക്സിനെ ശിക്ഷിക്കാനുള്ള ആവേശത്തില്‍ കൂറ്റനടിക്കുശ്രമിച്ച കോഹ്ലി മിഡ് ഓഫില്‍ അലിസ്റര്‍ കുക്കിന്റെ കൈകളില്‍ അവസാനിച്ചു. ഇന്ത്യ 7.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സ്.

മൂന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയും അജിങ്ക്യ രഹാനെയും നേടിയ 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ നേരെ നിര്‍ത്തിയത്. 47 പന്തില്‍നിന്ന് നാലു ഫോറിന്റെ സഹായത്തോടെ 41 റണ്‍സ് നേടിയ രഹാനെയെ പുറത്താക്കി ട്രെഡ്വെല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. സ്കോര്‍ 132ല്‍ നില്‍ക്കുമ്പോള്‍ രോഹിതും (52) മടങ്ങി. 87 പന്തില്‍നിന്ന് ഒരു സിക്സും നാലു ഫോറും അടക്കമായിരുന്നു രോഹിത് 52 റണ്‍സ് നേടിയത്.

തകര്‍ത്തടിച്ച് റെയ്ന

അഞ്ചാം നമ്പറായെത്തിയ സുരേഷ് റെയ്നയുടെ മികവാര്‍ന്ന ബാറ്റിംഗിനാണ് തുടര്‍ന്ന് സോഫിയ ഗാര്‍ഡന്‍ സാക്ഷിയായത്. ബെന്‍ സ്റോക്സിനെ മിഡ്വിക്കറ്റിലൂടെ ബൌണ്ടറി പായിച്ച് സ്കോറിംഗ് ആരംഭിച്ച റെയ്ന ഇംഗ്ളീഷ് ബൌളിംഗിനെ അനായാസം നേരിട്ടു. റെയ്നയ്ക്കു പിന്തുണയുമായി ക്യാപ്റ്റന്‍ എം.എസ്. ധോണിയും ക്രീസിലുറച്ചതോടെ ഇന്ത്യന്‍ സ്കോര്‍ ഉയര്‍ന്നു. 49 പന്തില്‍നിന്ന് റെയ്ന 50ല്‍ എത്തി. റെയ്ന ഗിയര്‍ മാറിയതോടെ ഇന്ത്യയും കുതിച്ചു. അഞ്ചാം വിക്കറ്റില്‍ 71 പന്തില്‍നിന്ന് ഇരുവരും 100 റണ്‍സ് നേടി. 43.1 ഓവറില്‍ സ്കോര്‍ 250ല്‍ എത്തിയപ്പോഴേ ഇന്ത്യയുടെ സ്കോര്‍ 300 കടക്കുമെന്നുറപ്പായി. നേരിട്ട 74-ാം പന്തില്‍ റെയ്ന തന്റെ നാലാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. ജോര്‍ദാന്റെ ഫുള്‍ടോസ് ബോള്‍ ലോംഗ് ഓണിലേക്ക് തട്ടിവിട്ട് സിംഗിളിലൂടെയാണ് റെയ്ന സെഞ്ചുറിയിലെത്തിയത്. തുടര്‍ന്ന് അടുത്ത ഓവറിന്റെ ആദ്യപന്തില്‍ റെയ്ന പുറത്ത്. ക്രിസ് വോക്സിനെ ഉയര്‍ത്തിയടിച്ച റെയ്ന ഡീപ് കവറില്‍ ആന്‍ഡേഴ്സന്റെ ക്യാച്ചിലൂടെയാണ് പവലിയനിലേക്കു മടങ്ങിയത്. 75 പന്തില്‍ നിന്ന് 12 ഫോറും മൂന്നു സിക്സും അടക്കം 100 റണ്‍സുമായി റെയ്ന മടങ്ങി. റെയ്നയുടെ പുറത്താകലോടെ ഇന്ത്യയുടെ സ്കോറിംഗ് അല്പം പതുക്കെയായി. അതിനിടെ ധോണിയും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍, 49-ാം ഓവറിന്റെ മൂന്നാം പന്തില്‍ ധോണിയെ വോക്സ് ബൌള്‍ഡാക്കി. 51 പന്തില്‍നിന്ന് ആറു ഫോറിന്റെ സഹായത്തോടെ 52 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്റെ സമ്പാദ്യം. അഞ്ചു പന്തില്‍ 10 റണ്‍സുമായി ആര്‍. അശ്വിനും 11 പന്തില്‍ ഒമ്പതു റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു.


ലക്ഷ്യം 47 ഓവറില്‍ 295

ഇന്ത്യയുടെ ബാറ്റിംഗ് കഴിഞ്ഞതിനു പിന്നാലെ മഴയെത്തിയതോടെ മത്സരം തടസപ്പെട്ടു. തുടര്‍ന്ന് ഇംഗ്ളണ്ടിന്റെ ലക്ഷ്യം ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 47 ഓവറില്‍ 295 ആയി കുറിച്ചു. ശ്രദ്ധയോടെ ബാറ്റേന്തിയ ഇംഗ്ളീഷ് ഓപ്പണര്‍മാരായ അലിസ്റര്‍ കുക്കും അലക്സ് ഹാല്‍സും പത്താം ഓവറില്‍ 50 റണ്‍സ് കണ്െടത്തി. എന്നാല്‍, സ്കോര്‍ 54ല്‍ നില്‍ക്കുമ്പോള്‍ കുക്കിനെ മുഹമ്മദ് ഷാമി വിക്കറ്റിനു മുന്നില്‍ കുടുക്കി. 33 പന്തില്‍ 19 റണ്‍സായിരുന്നു കുക്കിന്റെ അക്കൌണ്ടില്‍. രണ്ടു റണ്‍സ് കൂടി ചേര്‍ത്തുകഴിഞ്ഞപ്പോള്‍ ഇന്ത്യ ഇംഗ്ളണ്ടിന് അടുത്ത പ്രഹരം നല്കി. ഇയാന്‍ ബെല്ലിനെ (1) ഷാമി ബൌള്‍ഡാക്കി. സ്കോര്‍ 63ല്‍ നില്‍ക്കുമ്പോള്‍ ജോ റൂട്ടിന്റെ വിക്കറ്റു തെറിച്ചു. നാലു റണ്‍സെടുത്ത റൂട്ടിനെ ഭുവനേശ്വര്‍ കുമാര്‍ ബൌള്‍ഡാക്കുകയായിരുന്നു.

തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ഇംഗ്ളീഷ് വിക്കറ്റുകള്‍ നിലംപൊത്തി. 40 റണ്‍സ് നേടിയ അലക്സ് ഹാല്‍സാണ് ആതിഥേയരുടെ ഇന്നിംഗ്സിലെ ടോപ്സ്കോറര്‍. ഇയോണ്‍ മോര്‍ഗന്‍ (28), ബെന്‍ സ്റോക്സ് (23), ക്രിസ് വോക്സ് (20) എന്നിവര്‍ പൊരുതാന്‍ തയാറായെങ്കിലും തലേവര മാറ്റാനായില്ല.

സ്കോര്‍ ബോര്‍ഡ്

ഇന്ത്യ ബാറ്റിംഗ്: രോഹിത് ശര്‍മ സി വോക്സ് ബി ട്രെഡ്വെല്‍ 52, ശിഖര്‍ ധവാന്‍ സി ബട്ലര്‍ ബി വോക്സ് 11, വിരാട് കോഹ്ലി സി കുക്ക് ബി വോക്സ് 0, അജിങ്ക്യ രഹാനെ സ്റംപ്ഡ് ബട്ട്ലര്‍ ബി ട്രെഡ്വെല്‍ 41, സുരേഷ് റെയ്ന സി ആന്‍ഡേഴ്സണ്‍ ബി വോക്സ് 100, എം.എസ്. ധോണി ബി വോക്സ് 52, രവീന്ദ്ര ജഡേജ നോട്ടൌട്ട് 9, ആര്‍. അശ്വിന്‍ നോട്ടൌട്ട് 10, എക്സ്ട്രാസ്29, ആകെ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 304.

ബൌളിംഗ്: ജയിംസ് ആന്‍ഡേഴ്സണ്‍ 10-1-57-0, ക്രിസ് വോക്സ് 10-1-52-4, ക്രിസ് ജോര്‍ദാന്‍ 10-0-73-0, ബെന്‍ സ്റോക്സ് 7-0-54-0, ജോ റൂട്ട് 3-0-14-0, ജയിംസ് ട്രെഡ്വെല്‍ 10-1-42-2.

ഇംഗ്ളണ്ട് ബാറ്റിംഗ്: അലിസ്റര്‍ കുക്ക് എല്‍ബിഡബ്ള്യു ബി മുഹമ്മദ് ഷാമി 19, അലക്സ് ഹാല്‍സ് സി അശ്വിന്‍ ബി ജഡേജ 40, ഇയാന്‍ ബെല്‍ ബി മുഹമ്മദ് ഷാമി 1, ജോ റൂട്ട് ബി ഭുവനേശ്വര്‍ കുമാര്‍ 4, ഇയോണ്‍ മോര്‍ഗന്‍ സി മുഹമ്മദ്ഷാമി ബി അശ്വിന്‍ 28, ജോസ് ബട്ലര്‍ സി കോഹ്ലി ബി ജഡേജ 2, ബെന്‍ സ്റോക്സ് സി രഹാനെ ബി ജഡേജ 23, ക്രിസ് വോക്സ് സ്റംപ്ഡ് ധോണി ബി ജഡേജ 20, ക്രിസ് ജോര്‍ദാന്‍ എല്‍ബിഡബ്ള്യു ബി റെയ്ന 0, ജയിംസ് ട്രെഡ്വെല്‍ സി ജഡേജ ബി അശ്വിന്‍ 10, ജയിംസ് ആന്‍ഡേഴ്സണ്‍ നോട്ടൌട്ട് 9, എക്സ്ട്രാസ് 5, ആകെ 38.1 ഓവറില്‍ 161.

ബൌളിംഗ്: ഭുവനേശ്വര്‍ കുമാര്‍ 7-0-30-1, മോഹിത് ശര്‍മ 6-1-18-0, മുഹമ്മദ് ഷാമി 6-0-32-2, ആര്‍. അശ്വിന്‍ 9.1-0-38-2, രവീന്ദ്ര ജഡേജ 7-0-28-4, സുരേഷ് റെയ്ന 3-0-12-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.