മെയ്മോനു നാലാംസ്ഥാനം
മെയ്മോനു നാലാംസ്ഥാനം
Sunday, August 24, 2014 11:09 PM IST
നാന്‍ജിംഗ്(ചൈന): ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യയുടെ മലയാളി താരം മെയ്മോന്‍ പൌലോസിന് നാലാം സ്ഥാനം. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തന്റെ മികച്ച വ്യക്തിഗത പ്രകടനവുമായി മെയ്മോന്‍ മുന്നേറിയെങ്കിലും നിര്‍ഭാഗ്യംകൊണ്ട് മെയ്മോന് മെഡല്‍ നഷ്ടപ്പെടുകയായിരുന്നു.

എങ്കിലും ഈ നേട്ടം മെയ്മോന് അഭിമാനിക്കത്തക്കതാണ്. 13. 57 സെക്കന്‍ഡിലാണ് മെയ്മോന്‍ 110 മീറ്റര്‍ കടമ്പ കടന്നത്. സ്വന്തം പേരിലുണ്ടായിരുന്ന 13.80 സെക്കന്‍ഡിന്റെ ദേശീയ യൂത്ത് റിക്കാര്‍ഡും മെയ്മോന്‍ തകര്‍ത്തു. ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് മെയ്മോന്‍ ഈ സമയം കണ്െടത്തിയത്.

എറണാകുളം മൂക്കന്നൂര്‍ പുതുശേരി ഹൌസില്‍ പൌലോസിന്റെയും സിജിയുടെയും മകനായ മെയ്മോന്‍ തൃശൂര്‍ സായ് സെന്ററില്‍ എം.സി. വര്‍ഗീസിന്റെ കീഴിലാണ് പരിശീലിക്കുന്നത്. ദേശീയ ജൂണിയര്‍ അത്ലറ്റിക്സില്‍ ഇതേ ഇനത്തില്‍ വിജയിയായിരുന്ന മെയ്മോന്‍ ദേശീയ സ്കൂള്‍ മീറ്റില്‍ കേരളത്തിനായും സ്വര്‍ണം നേടിയിട്ടുണ്ട്.

ജമൈക്കയുടെ ജഹീല്‍ ഹൈദെ(12.96) സ്വര്‍ണവും ജര്‍മനിയുടെ ഹെന്റിക് ഹെന്നെമാന്‍ (13.40) വെള്ളിയും ദക്ഷിണകൊറിയയുടെ ഗ്യെയോംഗ് ടായി കിം വെങ്കലവും നേടി. ദേശീയ ജൂണിയര്‍ മീറ്റുകളില്‍ മിന്നും പ്രകടനം പുറത്തെടുത്തിട്ടുള്ള മെയ്മോന് ഈ നേട്ടം വലിയ പ്രചോദനമാകുമെന്നുറപ്പ്.


അതേസമയം, 5000 മീറ്റര്‍ നടത്തത്തില്‍ മത്സരിച്ച ഇന്ത്യയുടെ മലയാളി താരം കെ.ടി. നീനയ്ക്ക് 11-ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. സമയം 25:02.19. ചൈനയുടെ മാ സെന്‍ സിയ സ്വര്‍ണം നേടി.

മറ്റൊരു ഇന്ത്യന്‍ താരമായ മിത്ര വരുണും നിര്‍ഭാഗ്യംകൊണ്ട് മെഡല്‍ നഷ്ടമായി. ഡിസ്കസ് ത്രോയില്‍ മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്ത മിത്ര 57.06 മീറ്റര്‍ ദൂരത്തേക്ക് ഡിസ്ക് എറിഞ്ഞു. ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തുവരെയെത്തിയ മിത്ര പക്ഷേ, അവസാനം പിന്നിലേക്കുപോവുകയായിരുന്നു.

ആദ്യ ഏറില്‍ത്തന്നെ ഈ ദൂരം കണ്െടത്തിയ മിത്രയ്ക്കു പക്ഷേ, പിന്നീടു പ്രകടനം മെച്ചപ്പെടുത്താനായില്ല. ചൈനയുടെ യു ലോംഗ് ചെംഗ് സ്വര്‍ണം നേടിയപ്പോള്‍ ഡിസ്ക് ചെന്നു വീണത് 64.14 മീറ്റര്‍ ദൂരെയാണ്. യുക്രെയ്ന്റെ വാലിറ്റോവിനു(57.48) വെള്ളിയും ജപ്പാന്റെ യുമി ആന്‍ഡോയ്ക്ക്(57.36) വെങ്കലവും ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.