ദേശീയ ഗെയിംസിനു ഡിജിറ്റല്‍ വിക്ടറി സ്റാന്‍ഡ്
Thursday, August 21, 2014 11:05 PM IST
തിരുവനന്തപുരം: 35-ാം ദേശീയ ഗെയിംസില്‍ ഡിജിറ്റല്‍ വിക്ടറി സ്റാന്‍ഡിലാകും വിജയികള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്യുക. ആദ്യമായാണ് ദേശീയ ഗെയിംസില്‍ ഡിജിറ്റല്‍ വിക്ടറി സ്റാന്‍ഡ് എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നത്. ഡിജിറ്റല്‍ വിക്ടറി സ്റ്റാന്‍ഡിന്റെ മാതൃക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം പരിശോധിച്ചു.

വ്യക്തിഗത മത്സര ഇനങ്ങളിലെ വിജയികള്‍ക്കായാണ് വിക്ടറി സ്റാന്‍ഡ് ഉപയോഗിക്കുക. വിജയികളാകുന്നവര്‍ മെഡല്‍ സ്വീകരിക്കാനായി വിക്ടറി സ്റ്റാന്‍ഡില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ സംസ്ഥാനത്തെ തനതു ഗാനവും അതോടൊപ്പം അവിടുത്തെ പ്രധാന ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. മെഡല്‍ വിതരണത്തിന്റെ ആരംഭത്തിലും അവസാനത്തിലും ദേശീയ ഗെയിംസിന്റെ തീം സോംഗും ഉണ്ടാകും. ഗ്യാലറിയുടെ ഏതു ഭാഗത്തു നിന്നു നോക്കിയാലും കാണാവുന്ന രീതിയിലാകും വിക്ടറി സ്റ്റാന്‍ഡ് രൂപകല്പന ചെയ്തിട്ടുള്ളത്. ദേശീയ ഗെയിംസ് കള്‍ച്ചറല്‍ ആന്‍ഡ് മെഡല്‍ പ്രസന്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് ഈ ആശയം . ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെയും ദേശീയ ഗെയിംസ് ടെക്നിക്കല്‍ കമ്മിറ്റിയുടെയും അംഗീകാരത്തിനു വിധേയമായിട്ടാകും ഡിജിറ്റല്‍ വിക്ടറി സ്റ്റാന്‍ഡ് ഉപയോഗിക്കുകയെന്നു കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഡിജിറ്റല്‍ വിക്ടറി സ്റ്റാന്‍ഡ് പ്രദര്‍ശനത്തില്‍ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റ് സിഇഒ ജേക്കബ് പുന്നൂസ്, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.