ടീം ഇന്ത്യക്കു ശുദ്ധികലശം
ടീം ഇന്ത്യക്കു ശുദ്ധികലശം
Wednesday, August 20, 2014 11:33 PM IST
മുംബൈ: ഇംഗ്ളണ്ടിലെ നാണംകെട്ട പ്രകടനത്തില്‍നിന്നു കരകയറാന്‍ പരീക്ഷണങ്ങളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ ഇന്ത്യന്‍ നായകനും പ്രമുഖ കമന്റേറ്ററുമായ രവിശാസ്ത്രിയെ ഇംഗ്ളണ്ടിനെതിരേയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിന്റെ ഡയറക്ടറായി നിയമിച്ചു.

ടീമിന്റെ പ്രകടനത്തിന് മേല്‍നോട്ടം വഹിക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയുമാണ് ശാസ്ത്രിയുടെ ചുമതല. ടെസ്റിലെ കനത്ത പരാജയത്തിന് ഏറെ പഴി കേട്ടെങ്കിലും ഡങ്കന്‍ ഫ്ളെച്ചറെ പരിശീലക സ്ഥാനത്തു നിലനിര്‍ത്തി. എന്നാല്‍, ഫീല്‍ഡിംഗ്, ബൌളിംഗ് കോച്ചുമാരോട് നിര്‍ബന്ധിത അവധി എടുക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചു. കോച്ച് ട്രെവര്‍ പെനെയ്ക്കും ബൌളിംഗ് കോച്ച് ജോ ഡോസിനും പകരം മുന്‍ ഓള്‍റൌണ്ടര്‍ സഞ്ജയ് ബംഗാറിനയും മുന്‍ ഫാസ്റ് ബൌളര്‍ ബി. അരുണിനെയും സഹപരിശീലകരാക്കി. ആര്‍. ശ്രീധറാണ് പുതിയ ഫീല്‍ഡിംഗ് കോച്ച്. കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഫീല്‍ഡിംഗ് കോച്ചാണ് നിലവില്‍ ശ്രീധര്‍. ഡോസരി പെനെ 2011 മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

രവിശാസ്ത്രി ഇന്ത്യക്കുവേണ്ടി 80 ടെസ്റും 150 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റില്‍ 3830 റണ്‍സും ഏകദിനത്തില്‍ 3108 റണ്‍സും നേടിയ ശാസ്ത്രി ടെസ്റില്‍ 151 ഉം ഏകദിനത്തില്‍ 129 ഉം വിക്കറ്റും നേടിയിട്ടുണ്ട്.

ഇന്ത്യയ്ക്കുവേണ്ടി 12 ടെസ്റും 15 ഏകദിനങ്ങളും കളിച്ച ബംഗാര്‍ ഇപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനാണ്. ബംഗാറിന്റെ ശിക്ഷണത്തിലാണ് പഞ്ചാബ് ഇത്തവണ ആദ്യമായി ഐപിഎലില്‍ റണ്ണറപ്പുകളായത്.

ഫ്ളച്ചറുടെ അവസാന കാലം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ഡങ്കന്‍ ഫ്ളച്ചറെ ഈ പരമ്പരയോടെ ഒഴിവാക്കിയേക്കുമെന്നു സൂചന. ബിസിസിഐയിലെ മുതിര്‍ന്ന അംഗങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യയുടെ വെസ്റിന്‍ഡീസ് പര്യടനത്തില്‍ പുതിയ കോച്ചായിരിക്കും ടീമിനെ നയിക്കുകയെന്ന് ഏതാണ്ട് ഉറപ്പാണ്. ഇംഗ്ളണ്ട് പരമ്പര പൂര്‍ത്തിയാകുന്നതിനു മുമ്പ് കോച്ചിനെ മാറ്റുന്നത് ടീമിന് ഗുണം ചെയ്യില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് ഫ്ളച്ചറെ നിലനിര്‍ത്തുന്നതെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.