ശ്രീലങ്ക പിടിമുറുക്കി
ശ്രീലങ്ക പിടിമുറുക്കി
Saturday, July 26, 2014 11:35 PM IST
കൊളംബോ: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റില്‍ ശ്രീലങ്ക പിടിമുറുക്കി. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയിലാണ്. ഹഷിം അംല (46), എബി ഡിവില്ലേഴ്സ് (11) ആണ് ക്രീസില്‍. ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്ക 421 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മഹേല ജയവര്‍ധന (165), ആദ്യ ടെസ്റ് മത്സരം കളിക്കുന്ന നിരോഷന്‍ ഡിക്വെല (72) എന്നിവര്‍ രണ്ടാം ദിനം പുറത്തെടുത്ത മികവാണ് ലങ്കയ്ക്ക് മികച്ച സ്കോര്‍ നല്‍കിയത്. ജയവര്‍ധന-ഡിക്വെല ആറാം വിക്കറ്റ് കൂട്ടുകെട്ട് 100 റണ്‍സ് നേടി. ഈ കൂട്ടുകെട്ടാണ് ലങ്കയെ 350 കടത്തിയത്. 165 റണ്‍സ് നേടി മികച്ച ബാറ്റിംഗ് കാഴ്ചവച്ച ജയവര്‍ധന റണ്ണൌട്ടാകുകയായിരുന്നു. അധികം താമസിക്കാതെ ഡിക്വെലയും റണ്ണൌട്ടായതോടെ ശ്രീലങ്ക പെട്ടെന്ന് തന്നെ പുറത്തായി.


മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ 13ലെത്തിയപ്പോള്‍ രണ്ടു പേര്‍ പുറത്തായിരുന്നു. മൂന്നാം വിക്കറ്റില്‍ ഡു പ്ളസിസും അംലയും ചേര്‍ന്ന് നേടിയ 58 റണ്‍സിന്റെ കൂട്ട്കെട്ടാണ് സന്ദര്‍ശകരെ തകര്‍ച്ചയില്‍നിന്നും കരകയറ്റിയത്. ഡുപ്ളസസിനെ പുറത്താക്കി സുരംഗ ലക്മല്‍ സഖ്യം പൊളിച്ചു. ലക്മലിനെ കൂടാതെ രംഗണ ഹെറാത്ത്, ദില്‍രുവന്‍ പെരേര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അംല-ഡിവില്ല്യേഴ്സ് കൂട്ടുകെട്ടിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍. ഈ കൂട്ടുകെട്ട് 27 റണ്‍സ് സ്ഥാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.