സ്വര്‍ണം വെടിവച്ച് അഭിമാന ബിന്ദ്ര
സ്വര്‍ണം വെടിവച്ച് അഭിമാന ബിന്ദ്ര
Saturday, July 26, 2014 11:31 PM IST
ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുവര്‍ണഭാഗ്യം ഉണ്ടാകാത്ത ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഷൂട്ടര്‍ അഭിനവ് ബിന്ദ്ര സ്വര്‍ണ നേട്ടത്തോടെ ഗ്ളാസ്ഗോ കീഴടക്കി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ സ്വര്‍ണം വെടിവച്ചിട്ടുകൊണ്ടാണ് ബിന്ദ്ര പരാതി തീര്‍ത്തത്. ഇത് അഞ്ചാം തവണയാണ് ബിന്ദ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുന്നത്. ഒളിമ്പിക്സില്‍ ആദ്യത്തെ വ്യക്തിഗത സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ ബിന്ദ്ര അവസാനനിമിഷംവരെ ആവേശം നിറഞ്ഞ മത്സരത്തിലാണ് സ്വര്‍ണം സ്വന്തമാക്കിയത്. ബംഗ്ളാദേശിന്റെ അബ്ദുള്ള ബാക്കിയാണ് അവസാന റൌണ്ട് വരെ ബിന്ദ്രയ്ക്കു വെല്ലുവിളിയുയര്‍ത്തിയത്. 3.2 പോയിന്റിന്റെ വ്യത്യാസത്തില്‍ 205. 3 പോയിന്റോടെയാണ് ബിന്ദ്ര സ്വര്‍ണം വെടിവച്ചിട്ടത്. ബാക്കിക്ക് 202.1 പോയിന്റ് ലഭിച്ചു. ഇംഗ്ളണ്ടിന്റെ ഡാനിയേല്‍ റിവേഴ്സിനാണ്(182.4) വെങ്കലം.

അതേസമയം, 12-ാം റൌണ്ട് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ രവികുമാറിന് നാലാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ബിന്ദ്രയും രവികുമാറും തുടക്കംമുതല്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ കൈവശംവച്ചുപോന്നു. 16-ാം റൌണ്ടിലെ ഷോട്ട് പിഴച്ച രവികുമാര്‍ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു. 10 റൌണ്ട് പൂര്‍ത്തിയാകുംവരെ ഏഴാം സ്ഥാനത്തുണ്ടായിരുന്ന ബാക്കിയാണ് വെള്ളി നേടി കരുത്തുതെളിയിച്ചത്.

പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സുഖന്‍ ഡേ ആദ്യദിനം സ്വര്‍ണം നേടി ഇന്ത്യയുടെ സ്വര്‍ണവേട്ട രണ്ടായി ഉയര്‍ത്തിയിരുന്നു. ഗെയിംസിന്റെ ഉദ്ഘാടന ദിനംതന്നെ ഏഴു മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ക്ളീന്‍ ആന്‍ഡ് ജര്‍ക്ക് വിഭാഗത്തില്‍ ആകെ 248 കിലോഗ്രാം ഉയര്‍ത്തിയാണ് സുഖന്‍ സ്വര്‍ണം നേടിയത്. ഈയിനത്തില്‍ വെങ്കലവും ഇന്ത്യന്‍ താരത്തിനാണ്. 244 കിലോ ഗ്രാം ഉയര്‍ത്തി ഗണേഷ് മാലി വെങ്കലം സ്വന്തമാക്കി. മലേഷ്യയുടെ പിസോളിനാണ് വെള്ളി.

എയര്‍ പിസ്റളില്‍ മലായികയ്ക്കു വെള്ളി ഹീന നിരാശപ്പെടുത്തി

ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് വേദികളില്‍ ഇന്ത്യയുടെ ഭാഗ്യ ഇനമായ ഷൂട്ടിംഗില്‍ ഇന്ത്യയുടെ തുടക്കം വെള്ളിയോടെ. ഇന്നലെ നടന്ന വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റളില്‍ ഇന്ത്യയുടെ മലായിക ഗോയല്‍ വെള്ളി സ്വന്തമാക്കി. കേവലം 16 വയസുള്ള മലായിക 197.1 പോയിന്റോടെയാണ് രണ്ടാം സ്ഥാനത്തെത്തിയത്. സിംഗപ്പൂരിന്റെ ഷുന്‍ സേയി ടാവു 198 .6 പോയിന്റുമായി സ്വര്‍ണം സ്വന്തമാക്കി. 177.2 പോയിന്റ് നേടിയ കാനഡയുടെ ഡൊറോത്തി ലുഡ് വിഗ് വെങ്കലം നേടി. അതേസമയം, മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഹീന സന്ധുവിന് ഏഴാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. നിലവിലെ ലോക നാലാം നമ്പര്‍ താരംകൂടിയാണ് ഹീന. സ്വര്‍ണമെഡല്‍ പ്രതീക്ഷിച്ചിരുന്ന താരമായിരുന്നു ഹീന. ന്യൂഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ വെള്ളി മെഡല്‍ ഹീനയ്ക്കായിരുന്നു.

ലോകറാങ്കിംഗില്‍ 15-ാം സ്ഥാനക്കാരിയാണ് മലായിക. യോഗ്യതാ റൌണ്ടില്‍ നാലാമതായിട്ടാണ് മലായിക ഫിനിഷ് ചെയ്തത്. എന്നാല്‍, നാലാമത്തെ ഷോട്ടിനുശേഷം ഹീന പുറത്തായി. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ മലായിക മേയില്‍ 13-ാം സ്ഥാനത്തെത്തിയിരുന്നു. അഭിനവ് ബിന്ദ്രയും ഹീന സന്ധുവുമാണ് മലായികയുടെ റോള്‍ മെഡലുകള്‍. പുരുഷന്മാരുടെ 53 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സന്തോഷി മാറ്റ്സ വെങ്കലം സ്വന്തമാക്കി.


ജൂഡോയില്‍ നിരാശ, ടേബിളില്‍ പ്രതീക്ഷ

ആദ്യ ദിനത്തിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ഇന്ത്യയുടെ ജൂഡോ താരങ്ങള്‍ക്ക് ആകാതെ വന്നതോടെ രണ്ടാം ദിനം നിരാശ. വനിതകളുടെ 70 കിലോഗ്രാം വിഭാഗത്തില്‍ സുനിബാല ഹുയിദ്രോം വെങ്കല മെഡല്‍ മത്സരത്തിനു യോഗ്യത നേടിയതുമാത്രമാണ് നേട്ടം. സ്കോട്ലന്‍ഡിന്റെ സാലി കോണ്‍വേയുമായാണ് സുനിബാലയുടെ മത്സരം. വനിതകളുടെ 63 കിലോഗ്രാം വിഭാഗത്തില്‍ ഗരിമ ചൌധരി റിപ്പഹാഷ് റൌണ്ടില്‍ പുറത്തായി. സ്കോട്ലന്‍ഡിന്റെ സാറ ക്ളാര്‍ക്കിനോട് ക്വാര്‍ട്ടറിലാണ് ഗരിമ ചൌധരി പരാജയപ്പെട്ടത്. പുരുഷന്മാരുടെ 73,81 കിലോഗ്രാം വിഭാഗങ്ങളില്‍ യഥാക്രമം ബല്‍വീന്ദര്‍ സിംഗും വികേന്ദര്‍ സിംഗും ആദ്യ റൌണ്ടില്‍ത്തന്നെ പുറത്തായി.

ടേബിള്‍ ടെന്നീസില്‍ പുരുഷ, വനിതാ താരങ്ങള്‍ വിജയത്തോടെ അടുത്ത റൌണ്ടിലെത്തി. പുരുഷ വിഭാഗത്തില്‍ ഗയാനയെ 3-0നു പരാജയപ്പെടുത്തിയപ്പോള്‍ വനിതാ വിഭാഗത്തിലെ വിജയം 3-0ന് കെനിയയ്ക്കെതിരേയായിരുന്നു.

ആന്റണി അമല്‍രാജ്, സൌമ്യജിത് ഘോഷ്, സുനില്‍ ശങ്കര്‍ എന്നിവരാണ് പുരുഷവിഭാഗത്തില്‍ ജയമാഘോഷിച്ചത്. പൌലോമി ഘട്ടക്, മനിക ബത്ര, സേജല്‍ ദിപന്‍ എ്ന്നിവരും വിജയിച്ചു. പുരുഷ നീന്തലില്‍ 100 മീറ്റര്‍ ബ്രസ്റ്സ്ട്രോക്കില്‍ സന്ദീപ് സേജ്വാല്‍ രണ്ടാം റൌണ്ടിലേക്കു യോഗ്യത നേടി. 12-ാം സ്ഥാനത്തോടെയാണ് സേജ്വാല്‍ സെമിയിലെത്തിയത്. 16 പേരാണ് സെമിയിലേക്കു യോഗ്യത നേടിയത്. അതേസമയം, ബാഡ്മിന്റണ്‍ ടീം ഇവന്റില്‍ കെനിയയെ 5-0നു പരാജയപ്പെടുത്തി ഇന്ത്യ രണ്ടാം റൌണ്ടിലെത്തി. സ്ക്വാഷില്‍ ജോഷ്ന ചിന്നപ്പ പുറത്തായി. അതിനിടെ, നീന്തലില്‍ വനിതാ വിഭാഗത്തില്‍ 4-100 മീറ്റര്‍ റിലേയില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ പുതിയ ലോകറിക്കാര്‍ഡ് സ്ഥാപിച്ചു. അഞ്ചു സ്വര്‍ണമുള്ള ഓസ്ട്രേലിയ രണ്ടാമതും നാലു സ്വര്‍ണമുള്ള സ്കോട്ലന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യക്ക് മൂന്നു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവുമുള്‍പ്പെടെ പത്തുമെഡലുകളുണ്ട്.

ഗ്ളാസ്ഗോയില്‍ ഇന്ത്യ ഇന്ന്

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മൂന്നാം ദിനമായ ഇന്ന് ഇന്ത്യ ഇറങ്ങുന്ന പ്രധാന ഇനങ്ങള്‍ ഇവയാണ്:-

പുരുഷന്മാരുടെ ബോക്സിംഗില്‍ ലൈറ്റ് വെല്‍റ്റര്‍ (64 കിലോഗ്രാം) വിഭാഗത്തില്‍ 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് മനേജ് കുമാര്‍ ഇറങ്ങും. കൂടാതെ ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗ് മിഡില്‍ വെയിറ്റ് വിഭാഗത്തിലും ലൈറ്റ് വെയിറ്റ് വിഭാഗത്തില്‍ ദേവേന്ദ്രോ സിംഗും ആദ്യ റൌണ്ടില്‍ ഇന്നു മത്സരിക്കാനിറങ്ങും. ബോക്സിംഗ് മത്സരങ്ങള്‍ വൈകിട്ട് 5.30മുതലാണ് ആരംഭിക്കുന്നത്. പുരുഷ ഹോക്കിയില്‍ ഇന്ത്യ ഇന്ന് സ്കോട്ലന്‍ഡിനെ നേരിടും. രാത്രി 8.30നാണ് മത്സരം. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ രാഹി സര്‍ണോബാത്തും 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ പി.എന്‍. പ്രകാശും അയോനിക പോളും മത്സരിക്കാനിറങ്ങുമ്പോള്‍ സ്ക്വാഷില്‍ പുരുഷ വനിതാ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ഇന്നു നടക്കും. ൂടാതെ ഭാരോദ്വഹനം, ടേബിള്‍ ടെന്നീസ് വിഭാഗങ്ങളിലും ഇന്നു മത്സരമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.