ഇനി മൂപ്പന്‍ ഷുവാര്‍സര്‍
ഇനി മൂപ്പന്‍ ഷുവാര്‍സര്‍
Thursday, April 24, 2014 10:55 PM IST
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ കളിക്കാരന്‍ എന്ന നേട്ടം ഇനി ചെല്‍സിയുടെ ഓസ്ട്രേലിയന്‍ ഗോളി മാര്‍ക്ക് ഷുവാര്‍സറിനു സ്വന്തം. ആദ്യ പാദ സെമി ഫൈനലില്‍ പീറ്റര്‍ ചെക്കിനു പരിക്കേറ്റതോടെയാണ് 41കാരനായ ഷുവാര്‍സര്‍ മൈതാനത്തെത്തിയത്. ബല്‍ജിയം കാരനായ തിബൌട്ട് കോര്‍ടോയ്സിനെ അത്ലറ്റികോയ്ക്ക് ലോണ്‍ വ്യവസ്ഥയില്‍ നല്കിയതിനെക്കുറിച്ച് ചെല്‍സി ആദ്യമായി സ്വയം പരിതപിച്ചതും ഇതാദ്യമായായിരിക്കും. കാരണം, അത്ലറ്റികോയ്ക്കായി മിന്നുന്ന പ്രകടനമാണ് ബല്‍ജിയം ഗോളി നടത്തിയത്.

കോര്‍ണര്‍ കിക്ക് തടയുന്നതിനിടെ വീണാണ് പീറ്റര്‍ ചെക്കിനു പരിക്കേറ്റത്. ക്രോസ് ബാറിനൊപ്പമുയര്‍ന്നു ചാടി പന്ത് തട്ടിയകറ്റിയ ചെക്കിന് നിലത്തു കാല്‍കുത്താനായില്ല. വീണുകിടന്ന അത്ലറ്റികോ താരം റൌള്‍ ഗാര്‍സിയയുടെ ശരീരത്ത് കാല്‍തട്ടിയ ചെക് തോള്‍ കുത്തി വീഴുകയായിരുന്നു. പീറ്റര്‍ ചെക്കിനു പിന്നാലെ പ്രതിരോധ നിരക്കാരന്‍ ജോണ്‍ ടെറിയും പരിക്കേറ്റ് പുറത്തായിരുന്നു. പ്രീമിയര്‍ ലീഗില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ചെല്‍സിക്കായി ചെക്കും ടെറിയും ഇറങ്ങില്ലെന്ന് മാനേജര്‍ ഹൊസെ മൌറീഞ്ഞോ പിന്നീടു വ്യക്തമാക്കി.


ഓസ്ട്രേലിയയ്ക്കായി രണ്ട് ലോകകപ്പില്‍ ഉള്‍പ്പെടെ 109 മത്സരങ്ങളില്‍ ഷുവാര്‍സര്‍ വല കാത്തിട്ടുണ്ട്. ഈ വര്‍ഷം ചെല്‍സിയിലെത്തിയ ഓസീസ് താരത്തിന്റെ കന്നി മത്സരമായിരുന്നു അത്ലറ്റികോയ്ക്കെതിരായത്. 2008 മുതല്‍ 2013വരെ ഫുള്‍ഹാം താരമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.