മൂന്നാം ജയത്തിനായി ബാംഗളൂര്‍
Thursday, April 24, 2014 10:54 PM IST
ഷാര്‍ജ: ഹാട്രിക് ജയം നേടാനായി ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഇന്ന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ഇറങ്ങും. രാത്രി എട്ടു മുതലാണ് മത്സരം. നിലവിലെ ചാമ്പ്യന്‍ മുംബൈയെയും ഡല്‍ഹിയെയും പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് വിരാട് കോഹ്ലിയുടെ കീഴിലിറങ്ങുന്ന ബാംഗളൂര്‍. അതേസമയം, ഡല്‍ഹിയില്‍ നിന്നേറ്റ പരാജയത്തിന്റെ ക്ഷീണമകറ്റുകയാണ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ലക്ഷ്യം. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കിയതിന്റെ രണ്ടു പോയിന്റാണ് കോല്‍ക്കത്തയുടെ ഇതുവരെയുള്ള സമ്പാദ്യം.

പരിക്കിനെത്തുടര്‍ന്ന് ഇതുവരെ കളത്തിലിറങ്ങാതിരുന്ന വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ബാംഗളൂര്‍ നിരയിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്നത്തെ മത്സരത്തില്‍ ഗെയ്ല്‍ കളിച്ചേക്കുമെന്ന് ടീം വൃത്തങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിംഗുകൊണ്ട് കഴിഞ്ഞ സീസണുകളില്‍ ടീമിനെ ഒറ്റയ്ക്കു മുന്നോട്ടു നയിച്ച ഗെയ്ലിന്റെ അഭാവത്തിലും ബാംഗളൂര്‍ മികച്ച പ്രകടനമാണ് നടത്തിയത്. യുവ്രാജ് സിംഗ്, പാര്‍ഥിവ് പട്ടേല്‍, ഡിവില്യേഴ്സ്, നായകന്‍ കോഹ്ലി തുടങ്ങിയവരുടെ കൂട്ടുത്തരവാദിത്വമാണ് ഇപ്പോള്‍ ടീമിന്റെ കരുത്ത്.


മനീഷ് പാണ്ഡെ, റോബിന്‍ ഉത്തപ്പ എന്നിവര്‍ തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയാക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം നായകന്‍ ഗൌതം ഗംഭീറും ജാക് കാലിസും ഓള്‍ റൌണ്ടര്‍ യൂസഫ് പഠാനും ചേര്‍ന്നുതോടെ കോല്‍ക്കത്തയുടെ കരുത്തും വ്യക്തം. ബൌളിംഗ് നിരയില്‍ മോണ്‍ മോര്‍ക്കലും ആര്‍. വിനയ് കുമാറുമാണുള്ളത്. ഡല്‍ഹിക്കെതിരേ റണ്‍സ് വഴങ്ങുന്നതില്‍ മുന്‍പന്തിയില്‍ നിന്നതും ഇവര്‍ത്തന്നെ. സുനില്‍ നരെയ്ന്റെ സാന്നിധ്യമാണ് ബൌളിംഗില്‍ നൈറ്റ് റൈഡേഴ്സിനു മനക്കരുത്തേകുന്ന ഘടകം.

സ്റാര്‍ക്ക്, ആല്‍ബി മോര്‍ക്കല്‍, വരുണ്‍ ആരോണ്‍ എന്നിവരാണ് ബാംഗളൂരിന്റെ പേസ് ആക്രമണം നയിക്കുക. കഴിഞ്ഞ മത്സരത്തില്‍ മുംബൈയെ വിറപ്പിച്ചതും ഇവര്‍ത്തന്നെയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.