ലോകകപ്പ് ഇങ്ങെത്തി, ഇനി 50 ദിനം കൂടി
ലോകകപ്പ് ഇങ്ങെത്തി, ഇനി 50 ദിനം കൂടി
Wednesday, April 23, 2014 11:38 PM IST
സി.കെ. രാജേഷ്കുമാര്‍

ദിവസങ്ങള്‍ വളരെ വേഗം കൊഴിയുമ്പോള്‍ ലോകകപ്പിലേക്കുള്ള ദൂരം കുറഞ്ഞുകുറഞ്ഞുവരികയാണ്. 50 ദിവസത്തിനപ്പുറം ലോകഫുട്ബോളിന്റെ ഹൃത്തടത്തില്‍- ബ്രസീലില്‍ ബ്രസൂക്ക ഉരുണ്ടു തുടങ്ങും. ജൂണ്‍ 12ന് ഇന്ത്യന്‍ സമയം രാത്രി 1.30ന് ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള മത്സരത്തോടെ ലോകകപ്പ് ഫുട്ബോളിന്റെ 20-ാം പതിപ്പിന് കിക്കോഫാകും. സാവോ പോളോയിലെ പ്രശസ്തമായ സാവോ പോളോ അരീനയിലാണ് മത്സരം. സാവോ പോളോയിലെ സ്റ്റേഡിയ നവീകരണം 98 ശതമാനവും പൂര്‍ത്തിയായത് ആരാധകരെ ആനന്ദിപ്പിച്ചിട്ടുണ്ട്. അവസാനവട്ട മിനുക്കുപണികള്‍ക്കായി സ്റേഡിയം അടച്ചിരിക്കുകയാണ്.

ലോകകപ്പ് നടക്കുന്ന 12 സ്റേഡിയങ്ങളില്‍ നാലു സ്റേഡിയങ്ങളുടെ നവീകരണം അന്തിമഘട്ടത്തിലാണ്. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഫിഫ സെക്രട്ടറി ജനറല്‍ ജറോം വാല്‍കെയും സംഘവും ബ്രസീലിലെത്തി സാവോ പോളോ സ്റേഡിയം സന്ദര്‍ശിച്ചു. ബ്രസീല്‍ താരം റൊണാള്‍ഡോ വാല്‍കെയ്ക്കു മുന്നില്‍ പുരോഗതി വിശദീകരിച്ചു. കുയിബ, കുരിറ്റിബ, ഫോര്‍ട്ടലെസ എന്നീ സ്റ്റേഡിയങ്ങളും ഫിഫ സംഘം സന്ദര്‍ശിക്കും.

സ്റേഡിയങ്ങളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ 99 ശതമാനവും പൂര്‍ത്തിയായെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ബ്രസീലില്‍ എല്ലാം ഇന്ത്യയിലെ കാര്യങ്ങള്‍ക്കു സമാനമാണ്. അവസാനനിമിഷമേ കാര്യങ്ങള്‍ വേഗത്തിലാകൂ. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമയത്ത് ഇന്ത്യയും ഇങ്ങനെയായിരുന്നല്ലോ.

ലോകകപ്പ് തിരിച്ചെത്തി

2013 സെപ്റ്റംബര്‍ 12ന് റിയി ഡി ഷാനെറോയിലെ പ്രശസ്തമായ ക്രൈസ്റ് ദ റഡീമര്‍ പ്രതിമയ്ക്കു മുന്നില്‍നിന്ന് ആരംഭിച്ച ലോകകപ്പ് ട്രോഫിയുടെ യാത്ര ഇന്ത്യയടക്കം 88 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് 267 ദിവസങ്ങള്‍ക്കുശേഷം ഇന്നലെ റിയോയില്‍ തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22നാണ് ലോകകപ്പ് ട്രോഫി ഇന്ത്യയിലെത്തിയത്. 1,49,576.78 കിലോമീറ്റര്‍ താണ്ടിയാണ് ലോകകപ്പ് തിരികെയെത്തിയത്. അതായത് ഭൂമിയെ മൂന്നു തവണ വലംവച്ചതിനു തുല്യം. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ലോകകപ്പ് നേരില്‍ക്കാണാനുള്ള സൌകര്യമൊരുക്കുക എന്നതു ഫിഫ ലോക യാത്രയിലൂടെ ലക്ഷ്യമിടുന്നു. ഇതു തുടര്‍ച്ചയായ മൂന്നാം തവണയാണു ലോകകപ്പ് ട്രോഫി ലോകപര്യടനം നടത്തുന്നത്.


2006-ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പിനു മുന്നോടിയായാണ് ലോകകപ്പ് ട്രോഫി ആദ്യമായി ലോക പര്യടനം നടത്തുന്നത്. 2006 ജനുവരി ഏഴുമുതല്‍ ഏപ്രില്‍ 10 വരെ നടന്ന പര്യടനത്തില്‍ 28 രാജ്യങ്ങളിലെ 38 സിറ്റികളില്‍ ട്രോഫി പ്രദര്‍ശനത്തിനുവച്ചു.

അക്രയില്‍ തുടങ്ങിയ യാത്ര റോമില്‍ അവസാനിച്ചു. റിയോ, മെക്സിക്കോ, ലോസ്ആഞ്ചലസ് തുടങ്ങിയ നഗരങ്ങളില്‍ ട്രോഫി എത്തി. ലോകകപ്പ് ട്രോഫി യാത്ര വലിയ വിജയമെന്നു കണ്ടാണു തൊട്ടടുത്ത എഡിഷനിലും യാത്ര തുടര്‍ന്നത്.

ദക്ഷിണാഫ്രിക്കയില്‍ 2010ല്‍ നടന്ന ലോകകപ്പിനു മുന്നോടിയായി 84 രാജ്യങ്ങളിലെ 130 നഗരങ്ങളിലാണ് ട്രോഫി പ്രദര്‍ശിപ്പിച്ചത്. 2009 സെപ്റ്റംബറില്‍ തുടങ്ങിയ യാത്ര 2010 മേയില്‍ അവസാനിച്ചു.

ഇനി യാത്ര ബ്രസീലിലൂടെ

ലോകകപ്പ് തുടങ്ങാന്‍ 50 ദിവസങ്ങള്‍ ശേഷിക്കെയാണ് ട്രോഫി ബ്രസീലില്‍ മടങ്ങിയെത്തിയിരിക്കുന്നത്. ഇന്നു മുതല്‍ ബ്രസീലിലൂടെയുള്ള പര്യടനം നടത്തും. ഫുട്ബോളിന്റെ കളിത്തട്ടായ ബ്രസീലിലെ 27 നഗരങ്ങളില്‍ ലോകകപ്പ് ട്രോഫി വിരുന്നിനെത്തും. ആറാഴ്ചകളിലായാണ് പര്യടനം. റിയോയില്‍നിന്നു തുടങ്ങുന്ന യാത്ര ജൂണ്‍ 12ന് സാവോപോളോയില്‍ എത്തും.

ബ്രസീല്‍ കച്ചമുറുക്കിക്കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ കാത്തിരിപ്പിന്റേതാണ്. ഫുട്ബോള്‍ ലോകം ബ്രസീലിലേക്കു ചുരുങ്ങുമ്പോള്‍ ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോള്‍ മാമാങ്കമൊരുക്കാന്‍ തയാറായിരിക്കുകയാണ് സംഘാടകര്‍. ടിക്കറ്റുകള്‍ കൈക്കലാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് ആരാധകര്‍. ലോകകപ്പ് നടക്കുന്ന വേദികളിലെ ഔട്ട്ലെറ്റുകളില്‍നിന്ന് ടിക്കറ്റ് വില്പന ആരംഭിച്ചതിനാല്‍ എല്ലായിടത്തും ഗംഭീര തിരക്കാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.