ബെയ്ലേ ഭേഷ് !
ബെയ്ലേ ഭേഷ് !
Saturday, April 19, 2014 12:13 AM IST
മാഡ്രിഡ്: ബദ്ധവൈരികളായ ബാഴ്സലോണയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി റയല്‍ മാഡ്രിഡ് സ്പാനിഷ് കിംഗ്സ് കപ്പ് സ്വന്തമാക്കി. മത്സരം അവസാനിക്കാന്‍ വെറും അഞ്ചു മിനിറ്റ് ശേഷിക്കുമ്പോള്‍ സൂപ്പര്‍ താരം ഗാരെത് ബെയ്ല്‍ നേടിയ അത്ഭുത ഗോളാണ് ബാഴ്സയ്ക്കു മേല്‍ റയലിനു വിജയം സമ്മാനിച്ചത്. ലോക ഫുട്ബോളര്‍ ക്രിസ്റ്യാനോ റൊണാള്‍ഡോ പരിക്കിനെത്തുടര്‍ന്ന് റയലിനായി കളത്തിലിറങ്ങിയിരുന്നില്ല. വലന്‍സിയയില്‍നടന്ന മത്സരത്തില്‍ ആദ്യ പത്തു മിനിറ്റിനുള്ളില്‍ തന്നെ കരീം ബെന്‍സേമയുടെ ത്രൂബോള്‍ സ്വീകരിച്ച് എയ്ഞ്ചല്‍ ഡി മരിയ റയലിനെ മുന്നിലെത്തിച്ചു. റയല്‍ ജയത്തിലേക്കു നീങ്ങുകയാണെന്ന തോന്നലുണ്ടായശേഷം സാവിയെടുത്ത കോര്‍ണറില്‍ വെടിയുണ്ടപോലെ ഹെഡര്‍ പായിച്ച് മാര്‍ക്ക ബര്‍ത്ര ബാഴ്സ ആരാധകര്‍ക്ക് ആശ്വാസമേകി സമനില പിടിച്ചു.

എന്നാല്‍, മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേ ബാഴ്സയുടെ ആക്രമണത്തിലെ പ്രത്യാക്രമണത്തില്‍ ഇസ്കോയില്‍ നിന്ന് പന്ത് സ്വീകരിച്ച് സ്വന്തം പാതിയില്‍നിന്ന് മുന്നേറി ബര്‍ത്രയെത്തന്നെ വിംഗില്‍ കീഴടക്കി മുന്നേറി ബാഴ്സ ഗോളിയെയും കബളിപ്പിച്ച് ടീമിന്റെ വിജയഗോള്‍ കണ്െടത്തുകയായിരുന്നു ബെയ്ല്‍.

എങ്ങനെയും സമനില പിടിച്ച് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടാനുള്ള ബാഴ്സയുടെ കൂട്ടപ്പൊരിച്ചല്‍ 89-ാം മിനിറ്റില്‍ ഫലവത്തായെന്ന തോന്നലും ഇതിനിടെയുണ്ടായി. റയല്‍ ഗോളി ഇകര്‍ കാസിയസ് മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം മുതലാക്കാന്‍ ബ്രസീലിയന്‍ യുവതാരം നെയ്മര്‍ക്കു കഴിഞ്ഞില്ല.

നെയ്മര്‍ പായിച്ച ഷോട്ട് റയല്‍ പോസ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. ഇടതുവിംഗിലൂടെ മുന്നേറിയ നെയ്മര്‍ ഉജ്വലമായ പന്തടക്കം പ്രദര്‍ശിപ്പിച്ചെങ്കിലും നിര്‍ഭാഗ്യം വില്ലനായി.

ഇതോടെ ബാഴ്സയുടെ ശേഷിച്ച പ്രതീക്ഷയും അസ്തമിച്ചു. ബാഴ്സയുടെ ഒഴുക്കുള്ള ശൈലിയെ കടുത്ത പ്രതിരോധത്തിലൂടെ മറികടക്കുകയായിരുന്നു റയല്‍. സ്വന്തം പാതിയില്‍നിന്ന് പന്ത് ലഭിക്കുമ്പോഴെല്ലാം ബാഴ്സ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്താനും റയലിന് കഴിഞ്ഞു. ബോള്‍ പൊസഷനിലും മികച്ചുനിന്നത് പതിവുപോലെ ബാഴ്സലോണയായിരുന്നു. ഡി മരിയ സ്കോര്‍ ചെയ്ത ശേഷം ടീം ലീഡുയര്‍ത്താന്‍ കരീം ബെന്‍സേമയ്ക്കും ബെയ്ലിനും നിരവധി സുവര്‍ണാവസരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.


തോല്‍വിയുടെ എട്ടുദിനങ്ങള്‍

മാഡ്രിഡ്: ബാഴ്സയുടെ ഫുട്ബോള്‍ ചരിത്രത്തില്‍ ഏവരും മറക്കാന്‍ ആഗ്രഹിക്കുന്ന എട്ടു ദിനങ്ങളാണ് കടന്നുപോയത്. ചാമ്പ്യന്‍സ് ലീഗില്‍ അത്ലറ്റികോ മാഡ്രിഡിനോട് പരാജയപ്പെട്ട ദിനം മുതല്‍ സ്പാനിഷ് കിംഗ്സ് കപ്പില്‍ റയലിനോടു തോറ്റ ദിനം വരെയുള്ള എട്ടു ദിനം.

2003നു ശേഷം ഇതാദ്യമായാണ് ബാഴ്സ തുടര്‍ച്ചയായി മൂന്നു മത്സരങ്ങളില്‍ പരാജയപ്പെടുന്നത്. സ്പാനിഷ് ലീഗില്‍ ഗ്രനേഡയോടും ബാഴ്സ പരാജയപ്പെട്ടിരുന്നു. എന്നാല്‍, മൂന്നു വ്യത്യസ്ത ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി ബാഴ്സ തോല്‍ക്കുന്നത് 114 വര്‍ഷത്തിനിടെ ഇതാദ്യമാണ്. ബെയ്ല്‍- നെയ്മര്‍ പോരാട്ടമായും മെസി- റൊണാള്‍ഡോ പോരാട്ടമായുമാണ് മത്സരത്തെ ഏവരും വിലയിരുത്തിയിരുന്നത്. എന്നാല്‍, റൊണാള്‍ഡോ പരിക്കായി കളിക്കാതിരുന്നിട്ടും റയല്‍ ജയിച്ചു മറുവശത്ത് മെസിയും നെയ്മറും ഉണ്ടായിരുന്നിട്ടും ബാഴ്സ തോറ്റമ്പി. ഇരുവരും ഫോമിന്റെ ഏഴയലത്തുപോലുമെത്തിയില്ല. നെയ്മര്‍ തന്റെ പ്രതിഭയുടെ ഭാവപ്പകര്‍ച്ചകള്‍ പ്രകടിപ്പിച്ചെങ്കിലും ഫലമുണ്ടാക്കാനായില്ല. മെസിയാകട്ടെ, തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അമ്പേ പരാജയപ്പെട്ടു. ബാഴ്സ യുഗം അവസാനിക്കുകയാണോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ആശങ്കപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.